ഭക്ഷണങ്ങൾക്ക് ഒരു തിലകക്കുറിയുണ്ടെങ്കിൽ രൂപംകൊണ്ടും ഭാവം കൊണ്ടും അത് ഇഡ്ഡലിയാണ്. നമ്മുടെ ഗൃഹാതുരത്വത്തെ അതിവേഗം തൊട്ടുണർത്തുന്ന ഒന്ന്. എണ്ണയും മറ്റും ഉപയോഗിക്കാതെ ആവിയിൽ വേവിച്ചെടുക്കുന്നതായതിനാൽ പുട്ടുപോലെ ആരോഗ്യകരമാണ് ഇഡ്ഡലിയും. കടുകും ചുവന്ന മുളകും വേപ്പിലയും വറുത്തു ചേർത്ത, എണ്ണ മേലാപ്പ് നിൽക്കുന്ന തേങ്ങാച്ചമ്മന്തിയും കൊഴുത്തു വാസനയേറിയ സാമ്പാറും കൂട്ടി എത്ര ഇഡ്ഡലി കഴിക്കാൻ പറ്റുമെന്ന് നമുക്കൊരു തിട്ടവുമില്ല. 

കർണാടകയാണ് ഇഡ്ഡലിയുടെ ജന്മദേശമെന്നു പറയപ്പെടുന്നു. ചില പ്രാചീന തമിഴ് കൃതികളിലും ഇഡ്ഡലിയെക്കുറിച്ചു പരാമർശമുണ്ട്. ഇന്തോനേഷ്യയിലെ കെഡ്ഡ്‌ലി എന്ന പലഹാരത്തിന്റെ സഹോദരനാണ് ഇഡ്ഡലിയെന്ന വാദങ്ങളുമുണ്ട്.

എൻഡൂരി പിത്ത

എന്തൊക്കെയായാലും ദക്ഷിണേന്ത്യയുടെ ചങ്കായ ഇഡ്ഡലി ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള പലഹാരമാണ്. കർണാടകയിലെ തുംകൂർ, ബിദാദി എന്നി പ്രദേശങ്ങളിൽ കിട്ടുന്ന തട്ടേ ഇഡ്‌ലി നമ്മുടെ പരമ്പരാഗത ഇഡ്ഡലി രൂപത്തിൽനിന്നു വ്യത്യസ്തനാണ്. പരന്നിരിക്കുന്ന ഇത് പ്ലേറ്റ് ഇഡ്ഡലി എന്നും അറിയപ്പെടുന്നു. ചമ്മന്തിപ്പൊടിയും തേങ്ങാ ചട്ണിയുമാണ് കോമ്പിനേഷൻ.

മുഡേ ഇഡ്ഡലി

കേരളത്തിൽ വ്യത്യസ്തവും രുചികരവുമായ ഇഡ്ഡലിക്കു പേരുകേട്ടതാണ് പാലക്കാട്ടെ രാമശേരി ഇഡ്ഡലി. തൊഴിൽതേടി തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നു പാലക്കാട്ടേക്കു കുടിയേറിവരിലൂടെയാണ് രാമശേരി ഇഡ്ഡലിയുടെ പാചകക്കൂട്ട് ഇവിടേക്ക് എത്തിയതത്രേ. പരന്ന രൂപമാണ് ഇവിടത്തെ ഇഡ്ഡലിക്കും.

കർണാടക, ഗോവ സംസ്ഥാനങ്ങളിലെ കൊങ്കൺ മേഖലയിൽ ഏറെ പ്രശസ്തമായ ഇഡ്ഡലിയാണ് സന്ന ഇഡ്ഡലി. അതീവ മൃദുവായ ഈ ഇഡ്ഡലി മട്ടൻകറിക്കൊപ്പമാണ് കഴിക്കുക. സന്ന ഇഡ്ഡലിയിൽ മധുരം ചേർത്ത് ഹിറ്റ്‌ലി ഇഡ്ഡലിയും ഉണ്ടാക്കാറുണ്ട്.

രാമശേരി ഇഡ്ഡലി

അത്ര മൃദുവല്ലെങ്കിലും ഇഡ്ഡലികളിൽ ഏറെ കേമനാണ് ഉഡുപ്പി ഇഡ്ഡലി. തരികൂടിയ മാവുകൊണ്ടാണ് ഈ ഇഡ്ഡലി ഉണ്ടാക്കുന്നത്. ചേരുവകളിൽ സമ്പന്നമായി വീറോടെ നിൽക്കുന്നതാണ് കാഞ്ചീപുരം ഇഡ്ഡലി. മസാല സമ്പുഷ്ടമായ ഈ ഇഡ്ഡലിയിൽ കുരുമുളക്, ജീരകം, ഇഞ്ചി എന്നിവ ചേർക്കുന്നു.

കാഞ്ചീപുരം ഇഡ്ഡലി, സന്ന ഇഡ്ഡലി, തട്ടേഇഡ്ഡലി

രുചികൊണ്ട് മാത്രമല്ല മണം കൊണ്ടും ഭക്ഷണപ്രേമിയെ കീഴടക്കും മല്ലിഗെ ഇഡ്ഡലി അഥവ‌ാ ജാസ്മിൻ ഇഡ്ഡലി. മൈസൂരാണ് മല്ലിഗെ ഇഡ്ഡലിക്കു പ്രശസ്തം.

തമിഴ്‌നാട്ടിൽ ഇത് ഖുശ്ബു ഇഡ്ഡലിയെന്നും അറിയപ്പെടുന്നു. വലിയ മുളക് ഇടിച്ചുപൊടിച്ച് അതോടൊപ്പം കഴിക്കുന്ന ചെറു ഇഡ്ഡലിയായ പൊടി ഇഡ്ഡലിയും തമിഴ്‌നാട്ടിൽ വ്യാപക പ്രചാരത്തിലുള്ളതാണ്.

ഖൊട്ടോ ഇഡ്ഡലി

പുട്ടിന്റെ രൂപത്തിൽ ചുരുട്ടിയ പ്ലാവിലയിൽ മാവ് ഒഴിച്ച് വേവിച്ച് ഉണ്ടാക്കുന്ന കർണാടകയിലെ തന്നെ മറ്റൊരു ഇഡ്ഡലിയാണ് മുഡേ ഇഡ്ഡലി.മംഗളൂരുവിലാണ് ഇതു വ്യാപകം. സാമ്പാറിൽ ഇട്ടുവയ്ക്കുന്ന സാമ്പാർ ഇഡ്ഡലി,സവാളയും മുളകും അരിഞ്ഞ് അതിലേക്ക് ഇഡ്ഡലി കഷണങ്ങളാക്കി ഇട്ടു കഴിക്കുന്ന ഇഡ്ഡലി ഉപ്പുമ എന്നിവയും തമിഴ്‌നാട്ടിലെ ഹിറ്റ് ഇഡ്ഡലി താരങ്ങളാണ്.

ഉത്സവനാളുകളിൽ ഒഡീഷക്കാർ ഉണ്ടാക്കുന്ന ഇഡ്ഡലി വർഗത്തിൽപ്പെട്ട പലഹാരത്തെ എൻഡുരി പിത്ത എന്നാണ് വിളിക്കുന്നത‌്. ബെംഗളൂരുവിലെ ഏറെ പ്രശസ്തമായ ഇഡ്ഡലിയാണ് റവ ഇഡ്ഡലി. റവയും തൈരും കൂട്ടിച്ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. പരമ്പരാഗത ഇഡ്ഡലി രുചികളിൽനിന്നു വ്യത്യസ്തമാണ് റവ ഇഡ്ഡലി. വെള്ളരിയും ശർക്കരയും ഉഴുന്നു മാവിൽ ചേർത്തുണ്ടാക്കുന്ന ഇഡ്ഡലി, തേങ്ങയരച്ചതും പച്ചമുളകും മാവിൽ ചേർത്തുണ്ടാക്കുന്ന ടീക്കാ വാല ഇഡ്ഡലി,പ്ലാവിലയിൽ മാവ് നിറച്ച് വേവിച്ചെടുക്കുന്ന ഖൊട്ടോ സ്‌പെഷൽ ഇഡ്ഡലി എന്നിവയും ഇന്ത്യയിൽ ലഭ്യമായ വേറിട്ട ഇഡ്ഡലികളാണ്. പ്ലാവിലയിൽ വേവിക്കുന്ന ഇഡ്ഡലി ദിവസങ്ങളോളം കേടാകാതെ ഇരിക്കും. കേരളത്തിലെ പല വീടുകളിലും പണ്ട് ഇതു പ്രചാരത്തിലുണ്ടായിരുന്നു.