വെജിറ്റേറിയൻ ഭക്ഷണരീതിയിലേക്കു മറാൻ ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷ വാർത്ത ചെറുപയർ പരിപ്പിൽ നിന്നും മുട്ടയുടെ അതേ രുചിയിലുള്ള വിഭവം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷക വിദ്യാർഥികളും അധ്യാപകരും. മുട്ട ഇഷ്ടപ്പെടുന്ന വെജിറ്റേറിയൻകാർക്ക് മാത്രമല്ല, സസ്യാഹാരത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന നോൺ വെജ് പ്രേമികൾക്കും ഈ കണ്ടുപിടിത്തം ഉപകാരമാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ അസി. പ്രഫസർ കാവ്യ ദശോറ.

ആറംഗ വിദ്യാർഥി സംഘം ഒരു വർഷമായി ഇതു സംബന്ധിച്ച പരീക്ഷണത്തിലായിരുന്നു. വിദ്യാർഥികളായ കാമാക്ഷി, വിനായക്, യാഷ് എന്നിവരുണ്ടാക്കിയ ഓംലെറ്റിന് നൂറിൽ നൂറു മാർക്ക് തന്നെ രുചിച്ചു നോക്കിയവർ നൽകി. ചെറുപയറിൽ മുട്ടയ്ക്ക് തുല്യമായ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലാണ് ഗവേഷണത്തിന് വഴികാട്ടിയായത്.  പ്രോട്ടീൻ ഐസൊലേഷൻ സാങ്കേതിക വിദ്യയാണ് ഓംലറ്റ് തയാറാക്കാൻ ഉപയോഗിച്ചത്.

ശരിക്കുള്ള മുട്ടയുടെയും ഇറച്ചിയുടെയും അതേ രുചിയും പ്രോട്ടീൻ മൂല്യങ്ങളും ഇവയ്ക്കുണ്ടാകും. ആരോഗ്യകരമാണെന്നതാണ് മറ്റൊരു പ്രത്യേകത. കൊളസ്ട്രോൾ, മൃഗങ്ങളിൽ നിന്ന് പകരുന്ന പക്ഷിപ്പനി പോലുള്ള രോഗങ്ങളെ കുറിച്ച് ആശങ്ക ഇല്ലാതെ കഴിക്കുകയും ചെയ്യാം. യഥാർഥ മുട്ടയുടെയും മാംസത്തിന്റേയും വിലയിൽ മാർക്കറ്റിൽ ലഭ്യമാകുകയും ചെയ്യും.

വെജിറ്റബിള്‍ മട്ടൻ, ബീഫ്, ചിക്കൻ എന്നിവ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണം ഇവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. 

ഇവരുടെ വെബ് സൈറ്റിൽ plantmade.in ഗവേഷണത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.