4000 രൂപ മുതൽ മുടക്കിൽ 20 വർഷങ്ങൾക്കു മുൻപ് ഉന്തുവണ്ടിയിൽ ആരംഭിച്ച ബിരിയാണി കച്ചവടം, ഇന്നു തമിഴ്നാട്ടിൽ 25ലേറെ റസ്റ്ററന്റുകൾ. കടൽ കടന്നു ശ്രീലങ്കയിലും ആദ്യ റസ്റ്ററന്റ്. 

ഏതെങ്കിലും തമിഴ് സിനിമയുടെ ഒറ്റവരിക്കഥയല്ലിത്. ആസിഫി ബിരിയാണിയുടെ രുചി ഉന്തുവണ്ടിയിൽ നിന്നു തമിഴ് നാടു മുഴുവൻ പടർത്തിയ ചെന്നൈ സ്വദേശി ആസിഫി അഹമ്മദിന്റെ എരിവും പുളിയുമുള്ള ജീവിതകഥ. 

സാമ്പത്തിക പരാധീനതകളേറെയുള്ള ഒരു കുടുംബത്തിലായിരുന്നു ആസിഫി അഹമ്മദ് ജനിച്ചത്. വീട്ടിലെ കഷ്ടപ്പാടുകൾമൂലം ഒൻപതാം ക്ലാസിനപ്പുറം ആസിഫി അഹമ്മദിനു പഠനം തുടരാൻ കഴിഞ്ഞില്ല. 

പഠനം മതിയാക്കിയ ശേഷം ലെതർ ചെരുപ്പുകൾ തുന്നുന്നതിനുള്ള കോൺട്രാക്റ്റുമായമാണ് ആസിഫി വീട്ടിലെത്തുന്നത്. പതിയെ കൂടുതൽ പേരെ ചേർത്തു പ്രവർത്തനം വിപുലീകരിച്ചു. ഈ കാലത്താണ് ചെന്നൈയ്ക്കടുത്തു പല്ലവാരത്ത് ആദ്യമായി സ്ഥലം വാങ്ങി ചെറിയൊരു കുടിൽകെട്ടുന്നത്. പക്ഷേ, ക്രമേണ ലെതർ ചെരുപ്പ് കോൺട്രാക്ട് നഷ്ടത്തിലായി. 

നാട്ടിലെ കല്ല്യാണങ്ങളിൽ ബിരിയാണി വയ്ക്കാൻ സഹായിയായി ചെല്ലുകയായിരുന്നു പിന്നീടുള്ള തൊഴിൽ. ഓരോ പണിക്കും 500 രൂപ വീതം പ്രതിഫലം. മാസത്തിൽ 10 ദിവസമെങ്കിലും പണിയുണ്ടാവും. കുറച്ചു മാസങ്ങൾകൊണ്ടു തന്നെ ബിരിയാണിയുണ്ടാക്കുന്നതിൽ ആസിഫി സ്വന്തം ശൈലി ഉണ്ടാക്കിയെടുത്തു. 

1999 ൽ തന്റെ 21–ാം വയസ്സിൽ എൽഐസിയിൽ നിന്നു ലഭിച്ച 4000 രൂപയുമായി ആസിഫി അഹമ്മദ് ബിരിയാണിക്കച്ചവടം ആരംഭിച്ചു. ഒരു ഉന്തുവണ്ടിയും പെട്രോമാക്സ് ൈലറ്റും അത്യാവശ്യം പാത്രങ്ങളുമായിരുന്നു ആദ്യത്തെ മൂലധനം. ചെന്നൈ ടി നഗറിൽ ഉണ്ടാക്കിക്കൊണ്ടുവന്ന ബിരിയാണി തീരുംവരെ ആസിഫി അഹമ്മദ് ഉന്തുവണ്ടിയും തള്ളി നടന്നു. 250 രൂപയായിരുന്നു ആ ദിവസങ്ങളിൽ ലാഭമായി ലഭിച്ചിരുന്നത്. ലോക്കൽ ഗുണ്ടകളുടെ ഇടപെടലിനാൽ പലപ്പോഴും കച്ചവടം ഉപേക്ഷിക്കേണ്ട അവസ്ഥ വന്നു. 

മൂന്നു കിലോ ബിരിയാണി ദിനവും വിറ്റിടത്തു ദിവസങ്ങൾക്കുള്ളിൽ തന്നെ 15 കിലോയിലേക്കെത്തി. പ്രതിദിന ലാഭം ആയിരം രൂപയിലേക്കും. വീട്ടിൽ നിന്നു ബിരിയാണി കൊണ്ടുവരാൻ പുതിയ എം 80 ആസിഫി സ്വന്തമാക്കി. ആസിഫി ബിരിയാണിയുടെ പെരുമ അങ്ങനെ പതിയെ നാടുമുഴുവൻ പരന്നു. നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്നു ആൾക്കാർ ബിരിയാണി അന്വേഷിച്ചു എത്തിത്തുടങ്ങി. 2002ൽ തന്റെ ആദ്യത്തെ റസ്റ്ററന്റ് ആസിഫി ആരംഭിച്ചു. പതിനഞ്ചു പേർക്കിരിക്കാൻ കഴിയുന്നൊരു കൊച്ചുകട. മൂന്നു വർഷം കൂടി പിന്നിട്ടപ്പോൾ റസ്റ്ററന്റ് കുറച്ചുകൂടി വിപുലീകരിച്ചു. മുപ്പതു പേർക്ക് ജോലി കൊടുക്കാനായി. കൊടുക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ആസിഫി ഗ്രൂപ്പ് തയാറായില്ല. റസ്റ്ററന്റ് ചെയിൻ വ്യാപിച്ചിടത്തൊക്കെ ആൾക്കാർ തടിച്ചു കൂടി. ബാങ്ക് വായ്പയെടുത്തു കൂടുതൽ ഇടങ്ങളിലേക്കു ആസിഫി ഹോട്ടൽ വ്യാപിപിച്ചു. 

കച്ചവടത്തിന്റെ പെട്ടന്നുള്ള വളർച്ചയിൽ വീട്ടിനുള്ളിൽ തന്നെ അസ്വാരസ്യങ്ങൾ ഉടലെടുത്തു. ചില റസ്റ്ററന്റുകളുടെ നടത്തിപ്പ് ചുമതല അമ്മയ്ക്കും സഹോദരങ്ങൾക്കും ആസിഫി അഹമ്മദ് വിട്ടുനൽകി. 2014ൽ റസ്റ്റന്റുകളുടെ എണ്ണം പതിനാലായി വർധിച്ചു. ഇന്ന് ആസിഫി ബിരിയാണിക്ക് തമിഴ്നാട്ടിൽ ഇരുപത്തിയഞ്ചും ശ്രീലങ്കയിൽ ഒരു റസ്റ്ററന്റുമുണ്ട്. ജീവിക്കാനായി പഠിച്ച തൊഴിലിൽ കലർപ്പുകാട്ടാതെ കൊണ്ടുപോവാൻ കഴിഞ്ഞതാണ് തന്റെ വിജയരഹസ്യമെന്നു ആസിഫി അഹമ്മദ് ഉറച്ചു വിശ്വസിക്കുന്നു.  4000 രൂപയിൽ തുടങ്ങിയ പോരാട്ടം ഇന്നു 90 കോടി വാർഷിക വിറ്റുവരവുള്ള സാമ്രാജ്യമായി മാറി.  കഠിനാധ്വാനം ചെയ്യാനുള്ള മനസ്സിനു പരാജയപ്പെടാനാവില്ലെന്നു ആസിഫി അഹമ്മദിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.