ചെറിപ്പഴത്തിന്റെ ഗുണങ്ങൾ ചെറുതല്ല, ശരിക്കും സൂപ്പർഫുഡ് !
ചെറിപ്പഴം കഴിച്ചാൽ ഗുണങ്ങൾ ഏറെ. വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ്,മാംഗനീസ് മുതലായവ ധാരാളം അടങ്ങിയിട്ടുണ്ട്. വീട്ടുവളപ്പിൽ ഫലവർഗസസ്യമായും അലങ്കാരചെടിയായും നട്ടുവളത്താവുന്ന ചെറുസസ്യമാണ് വെസ്‌റ്റ് ഇന്ത്യൻ ചെറി. പടർന്നു പന്തലിച്ച് ശാഖോപശാഖകളോടെ വളരുന്ന ഇവയിൽ ധാരാളം ചെറിയ ഇലകളും നിറയെ കായ്‌കളും ഉണ്ടാകും. ചെറിയ കായ്‌കൾ പാകമാകുമ്പോൾ ചുവപ്പുനിറവും ആപ്പിളിന്റെ രൂപവുമുണ്ടാകും. മധുരവും പുളിയും ചേർന്ന സ്വാദാണ്. പഴം നേരിട്ട് കഴിക്കാം. അച്ചാർ, വൈൻ എന്നിവയുണ്ടാക്കാനും നന്ന്.
കേക്ക്, പൈ,ചീസ് കേക്ക് എന്നിവയിലെ പ്രധാന ചേരുവയാണ് ഈ ചുമന്നു തുടുത്ത പഴങ്ങൾ. ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്നതിലും ഈ പഴങ്ങൾ ഒന്നാമതാണ്. സൂപ്പർഫുഡ് വിഭാഗത്തിലാണ് ചെറിപ്പഴങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ആന്റി ഓക്സിഡന്റ്സ് ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്.
മറ്റുചെറിപ്പഴങ്ങൾ സംസ്‌കരിച്ച് ഉപയോഗിക്കുമ്പോൾ നേരിട്ടുപയോഗിക്കാമെന്ന പ്രത്യേകത വെസ്‌റ്റിന്ത്യൻ ചെറിയ്‌ക്കുണ്ട്. ധാരാളം പോഷകം നിറഞ്ഞ ചെറിപ്പഴങ്ങൾ ചെടിയിൽ മിക്കസമയങ്ങളിലും കാണാം. ചെറുശാഖകളിൽനിന്ന് മുറിച്ച് വേരുപിടിപ്പിച്ചെടുത്ത തൈകൾ കൃഷിക്ക് ഉപയോഗിക്കാം. വെള്ളക്കെട്ടില്ലാത്ത മണ്ണിൽ ജൈവവളം ചേർത്ത് തൈ നട്ട് ജലസേചനം നൽകി പരിചരിച്ചാൽ വെസ്‌റ്റിന്ത്യൻ ചെറി ഒരു വർഷത്തിനുള്ളിൽ കായ്‌ഫലം നൽകിത്തുടങ്ങും.
നിത്യജീവിത്തിൽ ചെറിപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ നോക്കാം
1. ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ എന്ന വസ്തു ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്.
2. ശരീര ഭാരം കുറയക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ചെറിപ്പഴങ്ങൾ ഉൾപ്പെടുത്തണം. കലോറി വളരെ കുറഞ്ഞ ചെറിപ്പഴങ്ങളിൽ ധാരാളം വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചെറിപ്പഴങ്ങൾ കഴിച്ചാൽ 100 കലോറിയാണ് ലഭിക്കുന്നത്.
3. പൊട്ടാസ്യം ധാരാളം അടങ്ങിയ ചെറിപ്പഴങ്ങൾ കഴിച്ചാൽ ശരീരത്തിൽ അധികമുള്ള സോഡിയം പൊട്ടാസ്യം അളവുകൾ നിയന്ത്രണവിധേയമാകൂം ഫലമായി ബ്ലഡ് പ്രഷർ ഉയരാതിരിക്കും.
4. ഈ പഴത്തിലെ ആന്റി ഓക്സിഡന്റ്സ് സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
5. യുവത്വം നിലനിർത്താൻ ചർമ്മത്തെ സഹായിക്കും. മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ചെറിപ്പഴം ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി അരച്ചെടുത്ത് മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ മതി.
6. ചെറിപ്പഴങ്ങളിലെ വൈറ്റമിൻ ബിയും സിയും തലമുടി കൊഴിഞ്ഞു പോകുന്നത് തടയും.
7. ദഹനക്കുറവും അസിഡിറ്റി പ്രശ്നങ്ങളും പരിഹരിക്കാൻ ചെറിപ്പഴങ്ങൾ കഴിച്ചാൽ മതി. ആൽക്കലിൻ സ്വഭാവമുള്ള പഴമാണിത്.