ഒരു കൊച്ച് ഓട്ടുരുളി നിറയെ നെയ്‌ മുറ്റിയ മട്ടൻ കഷ്ണങ്ങൾ. മിനുക്കമുള്ള ബ്രൗൺ നിറത്തിൽ കൊഴുത്ത ഗ്രേവിയിൽ മുങ്ങി നീരാടി കിടപ്പാണവ. കൊച്ചി ലായം റോഡിലെ തണ്ടൂർ റസ്റ്ററന്റിലാണ് കശ്‌മീരി വിഭവമായ മട്ടൻ രോഗൻ ജോഷിന്റെ സൗത്ത് ഇന്ത്യൻ തർജമ ലഭിക്കുന്നത്. നാനിനൊപ്പവും റോട്ടിക്കൊപ്പവും ബഹുകേമം.

മട്ടനിൽ തൈര് ചേർത്തുള്ള ഏതാനും മണിക്കൂറികളിലെ മാരിനേഷനാണ് രോഗൻജോഷിന്റെ മൗലികത. വറുത്തരച്ച ഗ്രേവിയാണിതിനുള്ളത്. എന്നാൽ തേങ്ങയല്ല, സവാളയാണ് വറുത്തരയ്ക്കുന്നത്. സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ഉള്ളിയും വറുത്തരച്ചതിൽ കുരുമുളകിട്ട മട്ടൻ ചേർത്ത് വരട്ടിയെടുത്തുണ്ടാക്കുന്ന വിഭവമെന്ന് ഒറ്റ വാക്യത്തിൽ പറയാം. പിരിയൻ മുളകും മുഴുവൻ മല്ലിയും വറുക്കുന്നതിൽ ചേർക്കും. പിന്നീടാണ് വറുത്ത ചേരുവകൾ എല്ലാം കൂടി അരച്ചെടുക്കുന്നത്. ഇതും തൈരും കുരുമുളകും മാരിനേറ്റ് ചെയ്ത മട്ടനും ചേർത്ത് എണ്ണതെളിയും വരെ വരട്ടും.

മട്ടൻ കഷ്ണങ്ങളുടെ ധാരാളിത്തവും റോട്ടിയിൽ മുക്കി കഴിക്കാനുള്ള ഗ്രേവിയുടെ ‘കുറുകുറാനന്ദവും’ ..എല്ലാം വീണ്ടും വീണ്ടും മാടിവിളിക്കും.