വായിൽ കപ്പലോട്ടും ഗോൽഗപ്പ കഴിക്കണോ? നേരെ തൃശൂരേക്ക് വിട്ടോളൂ!
ഒട്ടുമിക്ക ഉത്തരേന്ത്യൻ വിഭവങ്ങളും ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അത്തരത്തിൽ ഒന്നാണ് പാനിപൂരി. ഒന്നാന്തരമൊരു കൊൽക്കത്തൻ ‘ഗോൽഗപ്പ’ (പാനിപൂരി) കഴിക്കാൻ കൊൽക്കത്തയിലേക്ക് പോകേണ്ട കാര്യമില്ല. പടിഞ്ഞാറേക്കോട്ടയിലേക്കു വന്നാൽ മതി. വൈവിധ്യമുള്ള പാനിപൂരികൾ ഇവിടത്തെ ഗോൾ ഗോൽഗപ്പ റസ്റ്ററന്റിൽ ലഭിക്കും. സാദാ പാനിപൂരിയല്ല, നോൺ വെജ് (ചിക്കൻ) പാനിപൂരി. കൊൽക്കത്തയിൽ പാനിപൂരിയുടെ പന്തു പോലുള്ള പൂരിയുടെ പേര് ഗോൽഗപ്പ എന്നാണ്. ഗോൽഗപ്പ പന്തുകളിൽ സ്വാദു നിറച്ചു കൊടുക്കുന്ന പരിപാടി തുടങ്ങിയപ്പോഴാണ് റസ്റ്ററന്റിനു ഉടമ സഹാന സലീം ഗോൾ ഗോൽഗപ്പ എന്നു പേരിട്ടത്. ബിന്ദു തിയറ്റർ പരിസരത്തുനിന്നു എംജി റോഡിലേക്കു പോകുന്ന വൺവേയിലാണ് ഈ റസ്റ്ററന്റ്. പാനി പൂരികളിലെ വൈവിധ്യമാണ് പ്രധാന മെനു.
∙ ഗ്രില്ലും അറബിയും
സാദാ പാനിപൂരിയും ദഹി പൂരിയുമെല്ലാമുണ്ട് ഗോൾ ഗോൽഗപ്പയിൽ. അറബിക് ഗോൽഗപ്പ എന്നതു പാൻ ഗ്രിൽ ചെയ്ത ചിക്കൻ മസാലയും ചേർത്തു ഗോൽഗപ്പയിൽ നിറയ്ക്കുന്നതാണ്. ചിക്കൻ ഗോൽഗപ്പയാകട്ടെ നാടൻ ചിക്കൻ മസാല ചേർത്തു ഗ്രിൽ ചെയ്തു നിറയ്ക്കുന്നതും. ചൈനീസ് സോസുകളിൽ മുക്കിയ ചിക്കൻ നിറച്ചതു ചൈനീസ് ഗോൽഗപ്പ. ഇതുപോലെ വെജിറ്റേറിയൻസിനും ഗോൽഗപ്പകളുണ്ട്. പനീർ പൊടിച്ചു വെണ്ണയിൽ തവ ഫ്രൈ ചെയ്തു നിറച്ചതാണിത്. ബുട്ടാ ഷോട്സ് ആകട്ടെ സ്വീറ്റ് കോൺ മസാല ചേർത്തു നിറച്ച പന്തുകളും. എല്ലാത്തിലും ഉപയോഗിക്കുന്നതു സഹാന തന്നെ തയാറാക്കുന്ന മസാലകളാണ്. തൈരിനോടൊപ്പം ചേർത്തു പൂരി നിറയ്ക്കുന്ന മസാലയുമുണ്ട്.
∙ ചോക്കലേറ്റ് പൂരി
പൂരികൊണ്ടുള്ള പലതരം ഡിസേർട്ടുകളും ഇവിടെ ലഭിക്കും. വൈറ്റ്, ബ്രൗൺ ചോക്കലേറ്റുകൾ പൊതിഞ്ഞ പൂരികളിൽ മധുരം നിറച്ചതാണിത്. ചിലത് മൈനസ് ഡിഗ്രി ഡിസേർട്ടുകളാണ്. തണുത്തുറഞ്ഞവ. പതുക്കെ പതുക്കെ അലിഞ്ഞു മധുരത്തിലേക്കു നീളുന്നവ. കൂടുതൽ കഴിക്കണമെന്നുള്ളവർക്ക് ചിക്കൻ, മുട്ട, വെജ് റോളുകളുണ്ട്. പൊറോട്ടയിൽ പൊതിഞ്ഞ റോളുകളാണിത്. ജ്യൂസുകളും സ്വന്തമായ രീതിയിലാണു തയാറാക്കിയിട്ടുള്ളത്. ജിം ഷേക്ക് ആണ് സ്പെഷൽ.
English Summary: Panipuri Shop in Thrissur