ആമിർ ഖാനൊപ്പം റാവിസ് എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ള

‘ലാൽ സിങ് ഛദ്ദ’എന്ന സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിക്കാനായി കേരളത്തിൽ എത്തിയിരിക്കുകയാണ് സൂപ്പർ താരം ആമിർഖാൻ. മൂന്നാറിലെ ഷൂട്ടിങ് സ്ഥത്തു നിന്നും കൊല്ലത്തേക്കുള്ള യാത്രയിൽ ചങ്ങനാശ്ശേരിയിൽ താരം ഓടുന്ന വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 16 ന് കൊല്ലത്ത് ഹോട്ടൽ റാവിസിലായിരുന്നു താമസം. 

ഇന്ന് അതിരാവിലെ തന്നെ ജഡായുവിലെ കാപ്പിൽ ബീച്ചിൽ ഷൂട്ട് കഴിഞ്ഞ് കന്യാകുമാരിയിലേക്ക് പോകും. അദ്ദേഹത്തിന്റെ ഭക്ഷണ ഇഷ്ടങ്ങളെക്കുറിച്ച് റാവിസിലെ എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ള പറയുന്നു, ഭക്ഷണത്തിന്റെ കാര്യത്തിൽ സ്ട്രിക്റ്റ് ഡയറ്റിലാണ്. ഇപ്പോൾ വെജിറ്റേറിയനാണ്. പക്ഷേ കേരളത്തിൽ വന്നിട്ട് ഇവിടുത്തെ സ്പെഷൽ മീൻ കഴിക്കാൻ അദ്ദേഹം താത്പര്യം പറഞ്ഞിട്ടുണ്ട്. സ്പെഷൽ മീൻ വിഭവം റാവിസിൽ തയാറാക്കുന്നുണ്ട്. ഇന്ന് ലൊക്കേഷനിേക്ക് ഈ ഭക്ഷണം കൊടുത്തയക്കണം. ഇവിടുത്തെ ചെമ്പല്ലിയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രത്യേകമായി തേങ്ങാപ്പാലിൽ തയാറാക്കിയ കറി. കടൽ വിഭവങ്ങൾ അലർജിയാണ് ഇദ്ദേഹത്തിന്. ഇന്നലെ അത്താഴത്തിന് അമീറിനു വേണ്ടി ചെമ്പല്ലിയും കരിമീനുമൊക്കെ തയാറാക്കിയിരുന്നു. പക്ഷേ മുള്ള് നിറഞ്ഞ കരിമീൻ കഴിക്കാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട് അദ്ദേഹം വേണ്ടെന്നു വച്ചു. ചെമ്പല്ലിയുടെ മാംസ ഭാഗം മാത്രം എടുക്ക് ഗ്രിൽ ചെയ്ത് തേങ്ങാപ്പാലിൽ സ്പെഷലായി തയാറാക്കുകയാണ്. ഒപ്പം കുത്തരി ചോറും ഉച്ചഭക്ഷണത്തിന് തയാറാക്കുന്നു.

സിനിമയ്ക്കു വേണ്ടി കഠിനമായ ഡയറ്റിലാണ് അമീർ. 50 ഗ്രാം വീതമാണ് റൈസ്, പനീർ, കോളിഫ്ലവർ സബ്ജി... എല്ലാം ഈ അളവിലാണ് കഴിക്കുന്നത്. ഇന്നലത്തെ അത്താഴം ഈ അളവിലാണ് റാവിസിൽ തയാറാക്കി കൊടുത്തത്. രാവിലെ ബ്രഡും മുട്ടയും ചേർന്ന ലൈറ്റ് വിഭവമായിരുന്നു പ്രഭാത ഭക്ഷണം. അധികം എരിവും പുളിയും ഇല്ലാത്ത ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നൊരാളാണ് അമീർ ഖാൻ, പച്ചക്കറിയും പനീറുമാണ് പ്രധാന വിഭവങ്ങൾ.

ഷൂട്ടിങ്ങിനൊപ്പം എല്ലാ ദിവസവും സ്ട്രിക്റ്റ് ഡയറ്റും എക്സർസൈസുമാണ്, കഴിഞ്ഞ ദിവസങ്ങളിൽ ജിമ്മിൽ പോകാൻ സാധിക്കാത്തതു കാരണമാണ് യാത്രയിൽ വണ്ടി നിറുത്താൻ ആവശ്യപ്പെട്ട് 10 കിലോമീറ്റർ റോഡിൽ കൂടി ഓടിയത്.

English Summary: Aamir Khan in Kerala