കേക്ക്, കേക്ക്... കേക്കിന്റെ കഥകൾ കേൾക്ക്...
കേക്ക് കഥകളുമായൊരു കൂട്ടായ്മ. കാക്കനാട് മാവേലിപുരത്തെ ‘കുഞ്ചൂസ്’ വീട്ടിലെ കൂട്ടായ്മക്കെത്തിയവർ പറഞ്ഞതു കേക്കുകളുടെ വൈവിധ്യ രുചിക്കഥകളല്ല, കേക്കി
ൽ നിന്നു ലഭിച്ച അനുഭവ കഥകൾ. സാധാരണക്കാർക്കും ഉയർന്ന നിലയിലുള്ളവർക്കുമൊക്കെ പറയാൻ കേക്കനുഭവങ്ങൾ ഏറെ. കേക്കുണ്ടാക്കി അടുക്കളയിൽ അത്ഭുതം സൃഷ്ടിച്ച വീട്ടമ്മമാർ കത്തിക്കയറിയപ്പോൾ കേക്ക് പാചകത്തിൽ പരാജയം രുചിച്ചവരും അക്കാര്യം തുറന്നു പറഞ്ഞു.
ക്രിസ്മസ് – പുതുവത്സരവേളകളിൽ ആളും തരവും നോക്കി സമ്മാനക്കേക്കിന്റെ വലുപ്പവും നിലവാരവും നിശ്ചയിക്കുന്നതിലെ തൃപ്തിക്കുറവും കേക്ക് പ്രേമികൾ തുറന്നു പറഞ്ഞു. സമ്മാനങ്ങളായി കേക്ക് കിട്ടിയവരും കേക്ക് നൽകിയവരും അനുഭവ കഥകൾ നിരത്തി. ആദ്യമായാണു കേക്ക് കഥകളുമായി കൂട്ടായ്മയെന്നു സംഘാടകനായ ബിപിസിഎൽ മുൻ പിആർ മേധാവി ഡോ. കെ.കെ. ജയനും ഭാര്യ കളമശേരി മെഡിക്കൽ കോളജിലെ ഡോ. എൻ.എസ്. ആശയും പറഞ്ഞു.
കേക്ക് നിർമാണത്തിലെ പാരമ്പര്യമാണു ജയനെ ഇങ്ങനെയൊരു കൂട്ടായ്മയ്ക്കു പ്രേരിപ്പിച്ചത്. മാവേലിപുരത്തെ സ്വന്തം വീടുതന്നെ വേദിയായി തിരഞ്ഞെടുത്തു. അടുത്തറിയാവുന്ന കേക്ക് സ്നേഹികളെ ക്ഷണിച്ചു. അതിഥികളെ സ്വീകരിക്കാൻ വൈവിധ്യ രുചിയുള്ള കേക്കുകളും ഒരുക്കിയിരുന്നു. ബേക്കറി ഉടമയായിരുന്ന പിതാവ് കെ.കെ. കുഞ്ചുവിന്റെ ഓർമയ്ക്കായാണു കേക്ക് സ്നേഹികളുടെ സംഗമം ഒരുക്കിയത്.
എൻജിഒ ക്വാർട്ടേഴ്സ് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. പോൾ മേലേടത്ത് ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തകനും ബന്ധുവുമായ എൻ. മാധവൻകുട്ടി, ഭാര്യ നിർമല, അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റിട്ട. പ്രഫ. ഏബ്രഹാം കോശി, റിഫൈനറി റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ ഇ. നന്ദകുമാർ, മാജികോഡ്സ് സോഫ്റ്റ്‌വെയർ മാനേജിങ് ഡയറക്ടർ ലിബിൻ സാം പോൾ, അജയ് ഇമ്മാനുവൽ, റെജി ടോം ആന്റണി, അനിൽ ജോസ് തുടങ്ങിയവർ കേക്ക് അനുഭവം വിവരിച്ചു.