പന്ത്രണ്ടാം രാവ് കേക്ക്

ക്രിസ്മസ് വിഭവങ്ങളിൽ തലയുയർത്തി നിൽക്കുന്ന കേക്കിനെയും വൈനിനെയും കുറിച്ചു മാത്രമേ നമുക്കറിയൂ. ഇതിനെല്ലാം അപ്പുറത്തുള്ള ഒട്ടേറെ വേറിട്ട രുചികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് തീൻമേശകളെ അലങ്കരിക്കുന്നു. ഓരോ രാജ്യത്തിനും ക്രിസ്മസ് എന്നാൽ ഓരോ രുചിയാണ്. 

അരി പുഡ്ഡിങ്

ഓസ്ട്രേലിയയുടെ ക്രിസ്മസ് രാവുകളെ രുചിസാന്ദ്രമാക്കുന്നത് ബാർബിക്യൂ പാർ‌ട്ടികളാണ്. സൂര്യൻ അസ്തമിച്ചാൽ ബാർബിക്യൂ പുകച്ചുരുളുകൾ ക്രിസ്മസ് തണുപ്പിലേക്ക് ഉയരും. ഒത്തുകൂടുന്ന കുടുംബാംഗങ്ങൾക്കിടയിൽ ആഘോഷച്ചരടുപോലെ ബാർബിക്യൂ കറങ്ങി നടക്കും. 

ഓസ്ട്രേലിയൻ ബാർബിക്യു

ലിത്വാനിയയുടെ ക്രിസ്മസ് അത്താഴം കിഷിയോസ് എന്നാണ് അറിയപ്പെടുന്നത്. ഇറച്ചി, പാൽ വിഭവങ്ങൾ ലിത്വാനിയക്കാർ ക്രിസ്മസിനോട് അനുബന്ധിച്ച് കഴിക്കാറില്ല. മത്സ്യവും പച്ചക്കറിയുമാണ് കിഷിയോസിലെ താരങ്ങൾ. ക്രിസ്മസ് തലേന്നു വിളമ്പുന്ന ഈ വിഭവത്തിനായി ഒരുക്കം ഒരാഴ്ച മുൻപേ തുടങ്ങും.

നോഗട്ട്

ക്രിസ്മസ് ദിവസം ഡെന്മ‌ാർക്കിലെ വീടുകളിൽ അരി പുഡ്ഡിങ് കൊണ്ട് രസകരമായ ഒരു കളിയുണ്ട്. പാൽ, അരി, ബദാം, വനില എന്നിവ ചേർത്തുണ്ടാക്കുന്ന ഈ പുഡ്ഡിങ് ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പു‌ം. പുഡ്ഡിങ്ങിൽ ഒരേയൊരു ബദാം മുറിക്കാതെ ഇട്ടിരിക്കും. ഈ ബദാം ഉള്ള പുഡ്ഡിങ് ഭാഗം കിട്ടുന്നയാൾക്കാണ് ആ വീട്ടിലെ ക്രിസ്മസ് സമ്മാനം ലഭിക്കുക.  

ഇതിനു സമാനമാണ് മെക്സിക്കോയിലെ ക്രിസ്മസ് ആഘോഷവും. മെക്സിക്കോയിൽ യഥാർഥ ക്രിസ്മസ് ആഘോഷം ഡിസംബർ 25 കഴിഞ്ഞുള്ള പന്ത്രണ്ടാം ദിനമായ ജനുവരി ആറിനാണ്. അന്ന് ആഘോഷത്തിനായി പന്ത്രണ്ടാം രാവെന്ന പേരിൽ അന്നാട്ടുകാർ പ്രത്യേക കേക്ക് ഒരുക്കുന്നു. അതിനുള്ളിൽ ഉണ്ണി ഈശോയുടെ ഒരു ചെറുരൂപം ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. ആ രൂപം ഒളിപ്പിച്ച കേക്ക് കഷണം കിട്ടുന്നയാൾക്കാണ് ആ വർഷത്തെ ഉണ്ണി ഈശോയുടെ ‘രക്ഷിതാവ്’ പദവി.

ക്രിസ്മസിനോട് അനുബന്ധിച്ച് കുക്കീസ് ഉണ്ടാക്കുന്ന പാർട്ടികൾ കാനഡയുടെ രുചിയുത്സവം കൂടിയാണ്. ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടി വിവിധ രുചികളിലുള്ള കുക്കീസ് ഉണ്ടാക്കും. സ്വന്തമായുണ്ടാക്കിയ കുക്കികൾ രാത്രി വൈകി ആഘോഷങ്ങൾക്കൊടുവിൽ മറ്റു കുടുംബങ്ങൾക്കു സ്നേഹത്തോടെ കൊടുത്തുവിടും. അങ്ങനെ ഓരോരുത്തരുടെയും കുക്കീസ് കൂടകളിൽ വിവിധ രുചികളുമായാണ് അവർ മടങ്ങുക. 

തേൻ, പഞ്ചസാര, ബദാം, മുട്ടവെള്ള എന്നിവ ചേർത്തുണ്ടാക്കുന്ന നോഗട്ടാണ് സ്പെയിനിലെ പരമ്പരാഗത ക്രിസ്മസ് വിഭവം. 

റഷ്യൻ കഞ്ഞി

റഷ്യക്കാരുടെ ക്രിസ്മസ് രാവിനെ ആഘോഷസാന്ദ്രമാക്കുന്നത് കഞ്ഞിയാണെന്നു പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും. വെറും കഞ്ഞിയല്ല, അരിക്കോ ഗോതമ്പിനോ ഒപ്പം നല്ല തേനും പഴങ്ങളും ഉണക്കപ്പഴങ്ങളും എല്ലാം ചേർത്തുള്ള ക്രിസ്മസ് സ്പെഷൽ കഞ്ഞിയാണിത്. റഷ്യക്കാർക്ക് കഞ്ഞി ഒരുമയുടെ അടയാളമാണ്. ക്രിസ്മസ് രാത്രി ആദ്യ താരകം ആകാശത്ത് പ്രത്യക്ഷപ്പെടുമ്പോഴാണ് കഞ്ഞി കുടിക്കാൻ തുടങ്ങുക. ആദ്യം ഒരു സ്പൂൺ കഞ്ഞി മുകളിലേക്ക് എറിയും. അത് ഉത്തരത്തിൽ ഒട്ടിപ്പിച്ചാൽ ആ വർഷം ഭാഗ്യവും കാർഷിക ലാഭവും കിട്ടുമെന്നാണ് റഷ്യക്കാരുടെ പരമ്പരാഗത വിശ്വാസം.

പനെറ്റോൺ എന്ന റൊട്ടിയില്ലാതെ ഇറ്റലിക്കാർക്ക് ക്രിസ്മസ് ആലോചിക്കാനേ പറ്റില്ല. മുട്ടയും പഴങ്ങളും വെണ്ണയും ചേർത്താണ് ഈ റൊട്ടി ഉണ്ടാക്കുന്നത്. 12–15 സെന്റിമീറ്റർ ഉയരത്തിൽ ഒരു കിലോ ഭാരമുള്ളതാണ് പനെറ്റോൺ. ക്രിസ്മസ് ആഘോഷത്തിന്റെ മുഴുവൻ സമയവും കുടുംബാംഗങ്ങൾ ഇതു പരസ്പരം പങ്കുവച്ചുകൊണ്ടിരിക്കും.

English Summary: Christmas Food Traditions Around the World

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT