കഫേ വൈ എന്നാൽ ഭക്ഷണം കൊണ്ടു വയറു നിറയ്ക്കുന്ന കഫേ മാത്രമല്ല, ഒരുപാടു പേരുടെ മനസ്സു നിറയ്ക്കുന്ന ഒരു കൂട്ടായ്മ കൂടിയാണ്. ബർണശ്ശേരി സെന്റ് തെരേസാസ് സ്കൂളിനു സമീപത്തു വൈഡബ്ല്യുസിഎ നടത്തുന്ന കഫേ വൈയിൽ ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 1 മുതൽ ഒരു ക്രിസ്മസ് മേശ കൂടിയുണ്ട്. സംഘടനയിൽ അംഗങ്ങളായ വീട്ടമ്മമാർ പാചകം ചെയ്ത് എത്തിക്കുന്ന ക്രിസ്മസ് സ്പെഷൽ വിഭവങ്ങൾ വിൽപനയ്ക്കു വയ്ക്കാനാണ് ഈ ക്രിസ്മസ് മേശ. ഭക്ഷണ വിൽപനയിൽ നിന്നു കിട്ടുന്ന ലാഭത്തിൽ ഒരു പങ്കുകൊണ്ടു സഹജീവികളെയും ഊട്ടുകയാണിവർ.

വാടകയ്ക്കെടുത്ത കെട്ടിടത്തിൽ 2017 മേയിലാണു വൈഡബ്ല്യുസിഎ കഫേ വൈ തുടങ്ങിയത്. ആഴ്ചയിൽ 6 ദിവസം രാവിലെ 10 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കും, ഞായറാഴ്ച രാവിലെ 8 മുതൽ 1 വരെയും. കഫേ തുടങ്ങി അധികം വൈകാതെയാണ്, വീടുകളിൽ പാചകം ചെയ്ത വിഭവങ്ങൾ ഇവിടെത്തിച്ചു വിൽപന നടത്തിയാലോയെന്ന ആശയം ആരോ പങ്കുവയ്ക്കുന്നത്. അംഗങ്ങളുണ്ടാക്കുന്ന, ഓരോ ദിവസത്തെയും വിഭവങ്ങളും പ്രതിവാര കോംബോ വിഭവവും ഏതൊക്കെയെന്നു വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. ഓർഡർ അനുസരിച്ചു ഭക്ഷണം കഫേയിലെത്തിക്കും.

എന്തു ബിസിനസ് നടത്തിയാലും ലാഭത്തിൽ നല്ലൊരു ശതമാനം ചാരിറ്റി പ്രവർത്തനത്തിനു മാറ്റിവയ്ക്കണമെന്നാണു വൈഡബ്ല്യുസിഎയുടെ ചട്ടം. വീട്ടമ്മമാരുടെ വരുമാനത്തിന്റെ 30 ശതമാനം കഫേയ്ക്കു നൽകണം. ഈ തുകയാണു ചാരിറ്റിക്ക് ഉപയോഗിക്കുന്നത്. ക്രിസ്മസ് മേശയിലൂടെ ലഭിച്ച വരുമാനത്തിന്റെ ലാഭവിഹിതം ഉപയോഗിച്ചു കഴിഞ്ഞ ദിവസം ബർണശ്ശേരിയിലെ ബഥാനിയ ഹോമിലെ കുട്ടികൾക്കായി ക്രിസ്മസ് ആഘോഷം ഒരുക്കിയിരുന്നു. വൈഡബ്ല്യുസിഎ അംഗങ്ങളും കുട്ടികളും ചേർന്നു കാരൾ ഗാനങ്ങൾ പാടി. കുട്ടികൾക്കെല്ലാം സമ്മാനപ്പൊതി നൽകി. ഭക്ഷണവുമൊരുക്കി.

ക്രിസ്മസ് സീസൺ കഴിയും വരെ കഫേയിലെ ക്രിസ്മസ് മേശ സജീവമായിരിക്കുമെന്നു പ്രസിഡന്റ് ആഷ ഉമ്മൻ പറഞ്ഞു. പലതരം കേക്കുകൾ, ഇറച്ചിവിഭവങ്ങൾ, ജ്യൂസുകൾ, കുക്കീസുകൾ എല്ലാം ക്രിസ്മസ് മേശയിലെത്തിയിരുന്നു. ഇന്നലെ ക്രിസ്മസ് സ്പെഷൽ ചിക്കൻ റോസ്റ്റുമായാണു വൈഡബ്ല്യുസിഎ ബോർഡിലെ മുതിർന്ന അംഗം ഡോ.മേരി മാത്യു എത്തിയത്. ക്രിസ്മസിന് ഇറച്ചി റോസ്റ്റ് മസ്റ്റ് എന്നാണു ഡോ. മേരി മാത്യുവിന്റെ പക്ഷം. ഗീത ജയൻ വാനില കേക്കും ഇംഗ്ലിഷ് ട്രിഫിൾ പുഡ്ഡിങും നിരത്തി. കേക്ക്, ഫ്രൂട്സ്, കസ്റ്റേഡ്, ജാം, ക്രീം എന്നിവയെല്ലാം ലേയറായി വച്ചു പാകം ചെയ്തെടുത്തതാണു ട്രിഫിൾ പുഡിങ്. ബട്ടർ കുക്കീസായിരുന്നു മീമി രാജന്റെ വക. റിച്ച് പ്ലം കേക്കായിരുന്നു വൈഡബ്ല്യൂസിഎ സെക്രട്ടറി റീത്ത ഫിലിപ് വക. പോർച്ചുഗീസ് വിഭവമായ പുഡിങ് സെറാഡുറയായിരുന്നു സൂസി മാത്യവിന്റെ സ്പെഷൽ.