തന്റെ സിനിമാജീവിതത്തിനിടയിൽ മോഹൻലാലുമായുള്ള ‘ഭക്ഷണ’ ബന്ധത്തെക്കുറിച്ച് ഒരിക്കൽ സിദ്ദിഖ് എഴുതിയ കുറിപ്പ് വായിക്കാം. 

രാവണപ്രഭുവിന്റെ ഷൂട്ട് കഴിഞ്ഞ് തിരിച്ചുമടങ്ങാനുള്ള ഒരുക്കങ്ങളിലായിരുന്നു ഞാന്‍. അപ്പോഴാണ് ലാലിന്റെ ചോദ്യം.

'എറണാകുളത്തേയ്ക്കാണ് അല്ലേ?'

'അതേ.'

'ഞാനും അങ്ങോട്ടേയ്ക്കാണ്. എന്റെ കാറില്‍ പോകാം.'

'എങ്കില്‍ എന്റെ വീടുവരെ വരാമോ? ഭക്ഷണം അവിടുന്നാകാം.'

'പിന്നെന്താ. പക്ഷേ എനിക്കുവേണ്ടി പ്രത്യേകിച്ചൊന്നുമുണ്ടാക്കരുത്.' ലാല്‍ പറഞ്ഞു.

അതിന് എന്റെ മനസ്സ് അനുവദിച്ചില്ല. ലാല്‍ ആദ്യമായി വീട്ടിലേക്ക് വരുന്നതല്ലേ. അതുകൊണ്ട് ഞാന്‍ വിളിച്ചുപറഞ്ഞു, എന്തെങ്കിലും വിശിഷ്യ വിഭവങ്ങള്‍ കൂടി ഉണ്ടാക്കാന്‍.

വൈകുന്നേരം ആറുമണിയായി ഞങ്ങള്‍ കോയമ്പത്തൂരില്‍നിന്ന് പുറപ്പെടുമ്പോള്‍. വീട്ടിലെത്തുമ്പോള്‍ പത്തുമണി കഴിഞ്ഞിരുന്നു.

വീട്ടില്‍ അന്ന് ഉപ്പയും ഉമ്മയുമുണ്ട്. സീനയും രണ്ടുമക്കളുമുണ്ട്. മോളായിട്ടില്ല.

എല്ലാവരോടും വളരെ അടുപ്പമുള്ള ഒരാളെപ്പോലെയാണ് ലാല്‍ പെരുമാറിയത്. കുട്ടികളോടൊപ്പം അദ്ദേഹം കളിയും ചിരിയുമായി നടന്നു. എല്ലാവര്‍ക്കും ലാലിനെ ഇഷ്ടമായി.വീട്ടില്‍ വന്നാല്‍ ലാല്‍ കസേരയില്‍ ഇരിക്കാറില്ല. വീടിന് മുന്നിലൊരു വരാന്തയുണ്ട്. അവിടെ തൂണും ചാരി കാലും നീട്ടിയിരിക്കും. ഒരു സഹപ്രവര്‍ത്തകന്റെ വീട്ടില്‍ ഇത്രയും റിലാക്‌സ്ഡായിട്ടിരിക്കാന്‍ എനിക്കുപോലും സാധിച്ചിട്ടില്ല.

ഛോട്ടാമുംബയ് എന്ന സിനിമ നടന്നുകൊണ്ടിരിക്കുന്ന സമയം. അന്നെനിക്ക് വര്‍ക്കുണ്ടായിരുന്നില്ല. അന്നുച്ചയ്ക്ക് എനിക്കൊരു ഫോണ്‍കോള്‍ വന്നു. അത് ലാലായിരുന്നു. 'അണ്ണാ എവിടെ?'

'വീട്ടിലുണ്ട്.'

'ഞാന്‍ വീട്ടില്‍ വന്നാല്‍ ഊണ് തരാമോ?'

'പിന്നെന്താ.'

'എങ്കില്‍ ഗേറ്റ് തുറക്കൂ. ഞാന്‍ നിങ്ങളുടെ വീട്ടിന് മുന്നിലുണ്ട്.'

ഇതാണ് ലാല്‍. ഓരോ നിമിഷവും എന്തെങ്കിലുമൊക്കെ സര്‍പ്രൈസുകള്‍ അദ്ദേഹം നല്‍കിക്കൊണ്ടേയിരിക്കും.

ലാലിനോടൊപ്പം ഒരു മാസം നീളുന്ന ഗള്‍ഫ് ഷോയുടെ ഭാഗമായി ഞാനുമുണ്ടായിരുന്നു. പ്രോഗ്രാമുള്ള ദിവസം വൈകുന്നേരം നാലുമണിക്ക് ഞങ്ങള്‍ ഹോട്ടലില്‍നിന്ന് ഇറങ്ങും. വേദിയിലെത്തുന്ന ഞങ്ങളെ കാത്തിരിക്കുന്നത് വിവിധയിനം സ്‌നാക്‌സും സോഫ്റ്റ് ഡ്രിങ്ക്‌സും ജ്യൂസുകളുമൊക്കെയാണ്. എല്ലാവരും എന്തെങ്കിലുമെടുത്ത് കഴിക്കും. പ്രോഗ്രാമുള്ള ദിവസം എനിക്ക് ടെന്‍ഷനാണ്. വെറും വയറോടെ നില്‍ക്കുന്നതാണ് എനിക്ക് കംഫര്‍ട്ട്. അതുകൊണ്ട് ഒന്നും കഴിക്കാറില്ല. അപ്പോള്‍ ലാല്‍ നിര്‍ബന്ധിക്കും. ലാലിനോട് നോ എന്നുപറയാന്‍ ബുദ്ധിമുട്ടാണ്. കാരണം ആ രീതിയിലാണ് അദ്ദേഹം അത് അവതരിപ്പിക്കുന്നത്.

'നല്ല ഫുഡ്ഡാണ് നിങ്ങള്‍ കഴിക്കൂ.'

'ഇതുതന്നെയല്ലേ കുറച്ചുദിവസങ്ങളായി കഴിക്കുന്നത്. മടുത്തു. ചോറും മീന്‍കറിയും കഴിക്കാന്‍ കൊതിയാവുന്നു.' ഞാന്‍ പറഞ്ഞു.

'അത് എപ്പോഴും കിട്ടുന്നതല്ലേ. ഇപ്പോള്‍ ഇത് കഴിക്കൂ. നിങ്ങള്‍ കഴിച്ചാല്‍ ഞാനും കൂടി കഴിക്കാം.'

പിന്നെ അതില്‍നിന്ന് പിന്‍മാറാന്‍ നമുക്കാകില്ല.

അന്നത്തെ പ്രോഗ്രാം കഴിഞ്ഞ് ഹോട്ടലിലെത്തുമ്പോള്‍ രാവിലെ രണ്ടുമണി കഴിഞ്ഞിരുന്നു. ഞങ്ങളൊരുമിച്ചാണ് ലിഫ്റ്റില്‍ കയറിയത്. എന്റെയും ജയറാമിന്റേയും റൂം നാലാമത്തെ നിലയിലാണ്. അതിനും മുകളിലാണ് ലാലിന്റെ മുറി.

ഞാന്‍ റൂമിലെത്തി ഫ്രഷാകാന്‍ തുടങ്ങുമ്പോഴായിരുന്നു ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചത്. ഫോണെടുക്കുമ്പോള്‍ മറുതലയ്ക്കല്‍ ലാലാണ്.

'എന്റെ മുറിവരെ ഒന്നുവരുമോ?'

ലാലെപ്പോഴും അങ്ങനെയെ ചോദിക്കാറുള്ളൂ. അത് ആജ്ഞാപിക്കല്‍ ആവില്ല. അഭ്യര്‍ത്ഥനയാണ്.

ഞാന്‍ ലാലിന്റെ മുറിയില്‍ എത്തുമ്പോള്‍ കണ്ട കാഴ്ച എന്നെ വീണ്ടും ഞെട്ടിച്ചു. രണ്ട് പാത്രത്തിലായി ചോറും മീന്‍കറിയുമിരിക്കുന്നു.

അന്ന് ദുബായില്‍ ലാലിനൊരു റെസ്റ്റേറന്റുണ്ട്. എനിക്ക് ചോറും മീന്‍കറിയും വേണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അവിടെ വിളിച്ചുപറഞ്ഞ് വരുത്തിയതാണ്. റൂമില്‍ അത് എത്തിയിട്ടുണ്ടെന്ന് ഉറപ്പിച്ചതിനുശേഷമുള്ള വിളിയാണ് അല്‍പ്പം മുമ്പ് നടന്നത്.

'കൊതിയായിട്ട് കിടന്നുറങ്ങണ്ട. ചോറും മീന്‍കറിയും കഴിച്ചോളൂ.' ലാല്‍ പറഞ്ഞു. ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞു.

ചോറില്‍ മീന്‍കറിയൊഴിച്ച് ഞാന്‍ കുഴയ്ക്കാന്‍ തുടങ്ങി. അത് കണ്ടിട്ട് ലാല്‍ വീണ്ടും പറഞ്ഞു.

'എന്താ ഭംഗി. എനിക്കുകൂടി തരാമോ?'

ഞാന്‍ ഒരു ഉരുളകൂട്ടി ലാലിന്റെ വായിലേക്ക് വച്ചുകൊടുത്തു. പിന്നെ വേറൊരു പാത്രത്തില്‍ കുറച്ച് ചോറെടുത്ത് ലാലും എനിക്കൊപ്പം ഉണ്ണാനിരുന്നു.

ഇതൊക്കെ ഒരു സഹോദരനില്‍നിന്നോ ഒരു കൂട്ടുകാരനില്‍നിന്നോ സഹപ്രവര്‍ത്തകനില്‍നിന്നോ എല്ലാവര്‍ക്കും അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ചെന്നുവരില്ല.

English Summary: Actor Siddique About Mohanlal