പാവപ്പെട്ടവന്റെ മത്സ്യമെന്ന് ഓമനപ്പേരുള്ള മോങ്ക് ഫിഷ് അതിന്റെ കരളു പോലും വിശക്കുന്നവനു പകുത്തുനൽകുന്നവനത്രേ. അതറിയണമെങ്കിൽ അങ്ങ് ജപ്പാനിലേക്കൊന്നു പോകണം. മോങ്ക് മത്സ്യത്തിന്റെ കരൾ നാടൻ ജാപ്പനീസ് മദ്യത്തിൽ പുരട്ടിയെടുത്ത് ഉപ്പും ചേർത്തു കുഴച്ച് ഉണ്ടാക്കുന്ന അൻകിമോ എന്ന വിഭവമൊന്നു കഴിക്കണം. വെള്ള കാരറ്റ് അരിഞ്ഞ് ഉള്ളിത്തണ്ട് സോസിനും സിട്രസ് സോസിനും ഒപ്പം വിളമ്പുന്ന അൻകിമോ ജപ്പാന്റെ ഭക്ഷണ പാരമ്പര്യത്തിൽ വിശിഷ്ട സ്ഥാനം അലങ്കരിക്കുന്ന വിഭവമാണ്. 

ജപ്പാന്റെ പുരാതന ചരിത്രത്തോളം പഴക്കമുണ്ട് അൻകിമോയ്ക്ക്. സാധാരണ മത്സ്യങ്ങളുടേതിനേക്കാൾ വലുതാണ് മോങ്ക് മത്സ്യത്തിന്റെ കരൾ. ചിലതിന് ഒരു പൗണ്ട് വരെ തൂക്കം കാണും. പണ്ടു മത്സ്യബന്ധനം നടത്തിയിരുന്നവർ മോങ്കിന്റെ ഇത്രയും അധികം ഭാഗം പാഴാക്കാൻ വൈമനസ്യം കാട്ടി. ദാരിദ്ര്യം തന്നെ കാരണം. ഇന്നത്തെ അത്ര സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാൽ കുറച്ചു മത്സ്യത്തെ തന്നെ പിടിക്കാൻ ഒട്ടേറെ അധ്വാനം ആവശ്യമായിരുന്നു. അതുകൊണ്ട് കിട്ടുന്ന മത്സ്യത്തിന്റെ തലയും വാലും പോലും അവർ ഭക്ഷണമാക്കി. അവരാണ് ആദ്യകാല അൻകിമോ ഉണ്ടാക്കിയത്. 

വളരെ മാർദവമേറിയ വിഭവമാണിത്. ജപ്പാനിൽ തണുപ്പുകാലത്താണ് അൻകിമോ കൂടുതലായി കഴിക്കുന്നത്. ഇന്നു യുഎസിൽ അടക്കം അൻകിമോ വർഷം മുഴുവൻ ലഭ്യമാണ്. ചൈനയാണ് അൻകിമോ ധാരാളമായി കഴിക്കുന്ന മറ്റൊരു രാജ്യം. അൻകിമോയുടെ ജനപ്രീതി കാരണം മോങ്ക് മത്സ്യം കൂടുതലായി പിടിക്കപ്പെടുന്നു എന്ന ഭീഷണിയും അടുത്ത കാലത്തായി നിലനിൽക്കുന്നു. 

മോങ്കിന്റെ മാംസത്തിന് ആരാധകർ അത്രയില്ല. ജപ്പാനിലെ മറ്റു മത്സ്യവിഭവങ്ങളിൽനിന്നു വ്യത്യസ്തമായി സോയ സോസ് അൻകിമോയ്ക്ക് ഒപ്പം കഴിക്കാറില്ല. കരളിന്റെ രുചിയെ സോയ സാന്നിധ്യം തകിടംമറിക്കും എന്നതു തന്നെ കാരണം.

English Summary: Ankimo Japan Fish