ഒരാൾ പാചകം കലയാണെന്ന് തെളിയിക്കുമ്പോൾ, മറ്റേയാൾ ഭക്ഷണം കഴിക്കുന്നതും ഒരു കലയാണെന്ന് കാണിക്കുന്നു. ഭക്ഷണം കഴിച്ച് തൃപ്തിയാകാനുള്ള അവസരമാണ് ഭക്ഷണപ്രിയനായ മൃണാളിന് ലഭിച്ചത്, ഭക്ഷണത്തിന്റെ ‘പുലിമട’യിലാണ് എത്തിയത് എന്നു പറയേണ്ടി വരും. റാവിസ് എക്സിക്യൂട്ടിവ് ഷെഫ് സുരേഷ് പിള്ളയുടെ വീട്ടിലാണ് മൃണാൾ എത്തിയത്. കായൽവിഭവങ്ങളിൽ സ്പെഷലിസ്റ്റാണ് സുരേഷ്.

കൂഴാലിയെന്ന ചെറിയ കടൽ മീൻ, കൂഴാലിയുടെ തല സ്പെഷൽ വിഭവമാണ് അത് വേറെ ആർക്കും കൊടുക്കില്ല, വീട്ടുകാർക്ക് മാത്രം കൊടുക്കാനുള്ളതാണെന്ന് ഷെഫ്... ഉപ്പും കുരുമുളകും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് എടുത്ത ഈ സ്പെഷ്‍ ഫ്രൈ രുചിച്ചാണ് മൃണാൾ വ്ളോഗ് ആരംഭിക്കുന്നത്. കൂടാതെ കായലിലെ ചെമ്പല്ലി വറുത്തത്, ചെമ്മീൻ തീയൽ, കൂഴാലി മാങ്ങയിട്ട കറി, അഷ്ടമുടികായലിലെ മഡ് ക്രാബ് റോസ്റ്റ്, കക്കാതോരൻ, കൊഞ്ച് തീയൽ...എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങൾ കൊണ്ട് രസികൻ കായൽസദ്യയാണ് ഷെഫ് തയാറാക്കിയത്.

ഒരു രുചിയിൽ നിന്നും മറ്റൊരു രുചിയിലേക്കുള്ള പ്രയാണമായ ഈ സദ്യ. വയറു നിറയെ കഴിച്ച് ആസ്വദിച്ചെന്നാണ് മൃണാൾ സാക്ഷ്യപ്പെടുത്തുന്നത്. ഭക്ഷണപ്രിയരെ കൊതിപ്പിക്കുന്ന നല്ല രുചികരമായ വ്ളോഗും!

English Summary: Mrinals Blog, Chef Suresh Pillai's Home, Food Vlog