രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ അപ്പത്തിന് അരച്ചു വച്ച മാവു പുളിച്ചു പൊങ്ങിയിട്ടില്ലെങ്കിലോ ചുട്ടെടുത്ത ദോശയ്ക്ക് മയമില്ലെങ്കിലോ ഒക്കെ അന്നത്തെ ദിവസം തന്നെ നിരാശയിലാകും. പ്രാതൽ വിഭവങ്ങൾ ഫ്ലോപ്പായി മൂഡ് ഔട്ട് ആകാതിരിക്കാൻ അറിയാം, ചില രുചി രഹസ്യങ്ങൾ....

∙ഇഡ്ഡലിക്ക് അരയ്ക്കാനുള്ള അരിക്കൊപ്പം ഒരു പിടി അവൽ കൂടി കുതിർക്കാനിടുക. ഇവയൊന്നിച്ച് അരച്ച് പൊങ്ങാൻ വയ്ക്കാം. ഇഡ്ഡലിക്ക് നല്ല മയമുണ്ടാകുമെന്നു മാത്രമല്ല, നന്നായി പൊങ്ങിവരികയും ചെയ്യും. അരയ്ക്കുമ്പോൾ അൽപം ചോറ് ചേർത്താലും മതി.

∙അരിയുടെയും ഉഴുന്നിന്റെയും അളവിന് അനുസരിച്ച് ഒന്നോ രണ്ടോ ചെറിയ സ്പൂൺ ഉലുവ കൂടി കുതിർത്ത് അരച്ചു ചേർക്കാം. ഇത് ഇഡ്ഡലിയുടെയും ദോശയുടെയും രുചി കൂട്ടും.

∙ചമ്മന്തി അരയ്ക്കുമ്പോൾ വറ്റൽമുളകിനു പകരം കുരുമുളക് അരയ്ക്കാം. രുചി കൂടുമെന്നു മാത്രമല്ല, കൊളസ്ട്രോൾ കുറയുകയും ചെയ്യും.

∙അപ്പത്തിന് അരച്ചു വച്ച് പൊങ്ങിയ മാവിൽ നിന്ന് അൽപമെടുത്ത് ഫ്രഡ്ജിൽ സൂക്ഷിക്കാം. പിന്നീട് അപ്പം തയാറാക്കുമ്പോൾ ഈ മാവ് ചേർത്തിളക്കി പൊങ്ങാൻ വയ്ക്കാം. തൂവെള്ള നിറത്തിൽ മയമുള്ള അപ്പം തയാറാക്കാൻ ഈ പൊടിക്കൈ പരീക്ഷിച്ചോളൂ.

∙അപ്പത്തിനുള്ള മാവ് പുളിക്കാനായി ചേർക്കുന്ന ഈസ്റ്റിന്റെയും കള്ളിന്റെയും രുചി ഇഷ്ടമില്ലാത്തവർ ഇളനീരിൽ പഞ്ചസാരയിട്ട് ആറുമണിക്കൂർ വച്ച ശേഷം അപ്പത്തിന്റെ മാവിൽ ചേർക്കുക.

∙പൂരിക്കു മാവ് കുഴയ്ക്കുമ്പോൾ പകുതി മൈദയും ഗോതമ്പു പൊടിയും ചേർത്താൽ നല്ല മയമുള്ള എണ്ണ കുടിക്കാത്ത പൂരി ഉണ്ടാക്കാൻ കഴിയും. പൂരിക്ക് കരുകരുപ്പ് വേണമെങ്കിൽ അൽപം റവയും ചേർക്കാം.

∙അൽപം എണ്ണയിൽ വറുത്തെടുത്ത റവ കൊണ്ട് തയാറാക്കിയാൽ ഉപ്പുമാവു കട്ട പിടിക്കില്ല.

∙പുട്ടിനു പൊടി നനയ്ക്കുമ്പൾ കട്ടപിടിക്കാതിരിക്കാൻ ഒരു വഴിയുണ്ട്. അരിപ്പൊടി അല്ലെങ്കിൽ ഗോതമ്പുപൊടി തുണിയിൽ കിഴി കെട്ടി അപ്പച്ചെമ്പിൽ വച്ച് ഒരു മിനിറ്റ് ആവി കയറ്റിയ ശേഷം പുട്ടുണ്ടാക്കാൻ നനച്ചാൽ മതി.

∙തേങ്ങാപ്പാലിൽ പുട്ടുപൊടി നനച്ചാൽ രുചി കൂടും. പുട്ടിന് ആവി കയറ്റാനായി വെള്ളം തിളപ്പിക്കുമ്പോൾ ഒരു ഏലയ്ക്ക ചേർക്കുന്നതും രുചികരമാണ്.  

English Summary: Breakfast Recipes Tips