കേക്ക് നിർമാണത്തിൽ റെക്കോർഡ് ഇടാൻ ബേക്കേഴ്സ് അസോസിയേഷൻ. തൃശൂരിലെ‌ ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമാപന ദിവസമായ 15നു വൈകിട്ട് തൃശൂർ നഗരത്തിൽ 6500 മീറ്റർ നീളത്തിൽ കേക്ക് ഒരുക്കും. 

ചൈനയിൽ നിർമിച്ച 3200 മീറ്റർ കേക്കാണ് ഇപ്പോൾ ഉള്ള റെക്കോർഡ്. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ ചെറുകിട ബേക്കർമാർക്കും ഷെഫുമാർക്കും കേക്ക് നിർമാണത്തിൽ പ്രാതിനിധ്യം ഉറപ്പുവരുത്തും. 5 ഇഞ്ച് വീതിയിലും 5 ഇഞ്ച് പൊക്കത്തിലുമായിരിക്കും കേക്ക് നിർമാണം. 1000 പേർ ഒരു മണിക്കൂർ കൊണ്ട് 20,000 കിലോഗ്രാം ഭാരം വരുന്ന ഭീമൻ കേക്കിന്റെ നിർമാണം പൂർത്തിയാക്കും. പ്ലാസ്റ്റിക്, തെർമോകോൾ മുതലായ വസ്തുക്ക‌ൾ ഉപയോഗിക്കുന്നതല്ല. 

അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു കേക്ക് നിർമാണത്തിന് അന്തിമരൂപം നൽകി. കേക്ക് നിർമാണത്തിന്റെ ചുമതലക്കാരനായി സംസ്ഥാന സെക്രട്ടറി കിരൺ എസ്. പാലയ്ക്കൽ, ജനറൽ സെക്രട്ടറി റോയൽ നൗഷാദ് എന്നിവരെ ചുമതലപ്പെടുത്തി. 

സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ഐബിഎഫ് പ്രസിഡന്റ് പി.എം.ശങ്കരൻ, ബിജു പ്രേംശങ്കർ, എ.നൗഷാദ്, സംസ്ഥാന സെക്രട്ടറി സി.പി.പ്രേംരാജ് എന്നിവർ പ്രസംഗിച്ചു.

കേക്കിന്റെ നീളം 6.5 കിലോമീറ്റർ

തൃശൂരിൽ നിർമിക്കാൻ പോകുന്ന കേക്കിന് 6500 മീറ്റർ അഥവാ ആറര കിലോമീറ്റർ. കോട്ടയത്ത് കെകെ റോഡിലാണെങ്കിൽ തിരുനക്കര മുതൽ മാധവൻപടി വരെയും  എംസി റോഡിലാണെങ്കിൽ തിരുനക്കര മുതൽ അടിച്ചിറ വരെയും നീളം!

English Summary: Mega Cake 2020 , Thrissur