ലോകത്തെ ഏറ്റവും നീളമേറിയ കേക്ക് എന്ന റെക്കോർഡ് സ്വന്തമാക്കാൻ ബേക്കേഴ്സ് അസോസിയേഷൻ ഇന്നലെ രാമനിലയം റോഡിൽ തയാറാക്കിയ ഭീമൻ കേക്ക്.

കേക്കുകളുടെ കൂട്ടത്തിലെ ഗിന്നസ് ഭീമൻ തൃശൂരിനു സ്വന്തം. ലോകത്തിലെ ഏറ്റവും നീളമേറിയ കേക്ക് എന്ന റെക്കോർഡ് സ്വന്തമാക്കി രാമനിലയം റോഡിൽ ആറര കിലോമീറ്റർ നീളത്തിൽ നെടുനീളൻ കേക്കൊരുങ്ങി. അപൂർവ കാഴ്ചയ്ക്കു സാക്ഷിയാകാനെത്തിയ നഗരവാസികൾക്കു മറ്റൊരു മധുരം കൂടി സംഘാടകർ ഒളിപ്പിച്ചു വച്ചിരുന്നു; 20 ടണ്ണിലേറെ ഭാരം വരുന്ന കേക്ക് റെക്കോർഡ് ഉറപ്പാക്കിയതിനു ശേഷം ഓരോ കിലോ വീതം മുറിച്ചു കാഴ്ചക്കാർക്കു  സമ്മാനിച്ചു. 

ഹാപ്പി ഡേയ്സ് തൃശൂർ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗിന്നസ് റെക്കോർഡിനായി ബേക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആറു കിലോമീറ്ററിലേറെ നീളത്തിൽ കേക്ക് ഉണ്ടാക്കുന്നത് കാണാൻ തടിച്ചുകൂടിയവർ. കെഎസ്എഫ്ഇ ഓഫിസിനു മുന്നിൽ നിന്നുള്ള കാഴ്ച.

നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ബേക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് രാമനിലയം റോഡിനു ചുറ്റും കേക്കു കൊണ്ടു നീളൻ പൂക്കളമിട്ടത്. ചൈനീസ് ബേക്കറി അസോസിയേഷൻ 2018ൽ നിർമിച്ച 3188 മീറ്റർ കേക്കിന്റെ ലോക റെക്കോർഡ് തകർക്കുകയായിരുന്നു ലക്ഷ്യം. 5 ഇഞ്ച് വീതിയും അഞ്ചര ഇഞ്ച് ഉയരവും ഉറപ്പാക്കി മൂന്നു വരിയായാണു കേക്ക് നിർമിച്ചത്. 30 മീറ്ററിന് 5 ഷെഫുമാർ എന്ന തോതിൽ ആയിരത്തിലേറെ ഷെഫുമാർ നിർമാണത്തിൽ പങ്കാളിയായി. സംസ്ഥാനത്തെ 160 യൂണിറ്റുകളിൽ നിന്നായാണ് ഇവരെത്തിയത്. ഒരു മണിക്കൂർ കൊണ്ടു നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും രണ്ടര മണിക്കൂറോളം വേണ്ടിവന്നു. 20 ടണ്ണിലേറെ തൂക്കമുള്ളതായി ഭാരവാഹികൾ പറഞ്ഞു. 

മൂന്നരയോടെ കേക്കിന്റെ നിർമാണം ആരംഭിച്ചു. രാമനിലയം റോഡിൽ ഗതാഗതം ഭാഗികമായി തടഞ്ഞ ശേഷം ഒരു വശത്തു മേശകൾ നിരത്തി അതിനു മുകളിലായായിരുന്നു നിർമാണം. കേക്കിനു മുകളിൽ ക്രീം പുരട്ടി അലങ്കരിക്കുന്ന കാഴ്ച കാണാൻ ആയിരക്കണക്കിനു പേർ കാത്തുനിന്നു. അഞ്ചരയോടെ ഗിന്നസ് അധികൃതർ പരിശോധനയ്ക്കിറങ്ങിയെങ്കിലും കേക്കിന്റെ മിനുക്കുപണികൾ പൂർത്തിയാകാനുണ്ടെന്നു കണ്ടതോടെ ഒരു മണിക്കൂറിനു ശേഷമായി പരിശോധന. നടപടിക്രമങ്ങളെല്ലാം കഴിയുന്നതുവരെ ക്ഷമയോടെ കാത്തുനിന്ന കാഴ്ചക്കാർക്ക് ഒന്നാന്തരം പായ്ക്കറ്റുകളിൽ കേക്ക് മുറിച്ചു നൽകുകയും ചെയ്തു. ടി.എൻ. പ്രതാപൻ എംപി അടക്കമുള്ളവർ കേക്ക് കാണാനെത്തി. 

English Summary: Guinness World Record with Mega Cake, Thrissur