ഇറ്റാലിയൻ രുചികളെ കുറിച്ചോർക്കുമ്പോൾ ആദ്യം നാവിൽ വരിക പിസ്സയുടെ ഓർമയും ഓളവും തന്നെ. എന്നാൽ ഇറ്റാലിയൻ ഭക്ഷണ പാരമ്പര്യം അഭിമാനത്തോടെ ഉയർത്തിക്കാണിക്കുന്ന മറ്റൊരു വിഭവമുണ്ട്; ലസാന്യ. പരത്തിയ പാസ്തയ്ക്ക് ഇടയിൽ ഇറച്ചിയും സോസും പച്ചക്കറികളും അടുക്കി വച്ച് ബേക്ക് ചെയ്തെടുക്കുന്നതാണ് ലസാന്യ. മേമ്പൊടിയായി ചീസും ഉരുക്കിയൊഴിക്കുന്നു. കാഴ്ചയിലെ അഴകിനും പേരുകേട്ടതാണ് ഈ വിഭവം.

നേപ്പിൾസാണ് ലസാന്യയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. രേഖപ്പെടുത്തപ്പെട്ട ആദ്യ ലസാന്യ പാചകക്കുറിപ്പ് കണ്ടെത്തിയിട്ടുള്ളത് 14ാം നൂറ്റാണ്ടിലേതാണ്.

റിബ്ബൺ പാസ്തയാണ് ലസാന്യക്കായി ഉപയോഗിക്കുക. ആദ്യകാലത്ത് ഗോതമ്പുപൊടിയും മുട്ടയുമായിരുന്നു ലസാന്യയുടെ ചേരുവകൾ. ഇറ്റലിയിലെ പല പ്രദേശത്തും അക്കാലത്ത് ശരിക്കുള്ള പാസ്ത ഉണ്ടാക്കുന്നതിനുള്ള നുറുക്ക് ഗോതമ്പ് പ്രചാരത്തിലെത്തിയിരുന്നില്ല. അതിനു മുൻ‌പും മാവു കുഴച്ചുള്ള ലസാന്യ നിർമാണം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മുട്ടയും ചീസുമെല്ലാം പിന്നീട് കൂട്ടിച്ചേർത്തതായിരിക്കണം.  

ഒട്ടേറെ മാറ്റങ്ങൾക്കു വിധേയമായ ലസാന്യയാണ് ഇന്നു പ്രചാരത്തിലുള്ളത്. ക്ലാസിക് ലസാന്യ ഇന്ന് ഇറ്റലിയിൽ അറിയപ്പെടുന്നത് ‘ലസാന്യ അല്ല ബൊലോനീസ്’ എന്ന പേരിലാണ്. ഇരുപതാം നൂറ്റാണ്ടു മുതൽ ബൊലോഗ്‌ൻ മേഖലയിലുണ്ടാക്കിയ ലസാന്യയിൽ ചീര ഉപയോഗിച്ചതോടെ അവിടത്തെ ലസാന്യക്കു പ്രിയമേറി. തുടർന്ന് ബൊലോഗ്‌നിൽ നിന്നു തന്നെ വൈവിധ്യമാർന്ന പല ലസാന്യകൾ വന്നെങ്കിലും ഇറ്റാലിയൻ കിച്ചൺ അക്കാദമി ചീര ചേർത്ത ലസാന്യക്കാണ് ക്ലാസിക്ക്  പദവി നൽകിയത്.

English Summary: Lasagna Italian Classic Food Story