മകൾക്കു വേണ്ടി വെജ് ഹക്കാ നൂഡില്‍സും ചിക്കന്‍ മഞ്ചൂരിയനും തയാറാക്കി സ്മൃതി ഇറാനി
രാഷ്ട്രീയപ്രവര്‍ത്തകരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? രാഷ്ട്രീയം പറയാനും പ്രതിയോഗികളെ മലര്‍ത്തിയടിക്കാനും പബ്ലിസിറ്റി നടത്താനുമൊക്കെയാണ് പൊതുവേ പല രാഷ്ട്രീയക്കാരും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആള്‍ അല്‍പം വ്യത്യസ്തയാണ്.
ഗൗരവമായ രാഷ്ട്രീയവും മന്ത്രാലയത്തിലെ കാര്യങ്ങളും മാത്രമല്ല പലപ്പോഴും തന്റെ കുട്ടികളുടെ ചിത്രങ്ങളും കുടുംബത്തിന്റെ നുറുങ്ങ് വിശേഷങ്ങളുമൊക്കെ സ്മൃതി സാമൂഹിക മാധ്യമങ്ങളിലിടും. അടുത്തിടെയായി രുചികരമായ പാചക വിഭവങ്ങളിലാണ് കേന്ദ്രമന്ത്രിയുടെ കമ്പം. മകള്‍ സോയിഷിന്റെ പ്രത്യേക അഭ്യര്‍ത്ഥന അനുസരിച്ച് സ്മൃതി ഉണ്ടാക്കിയ വെജ് ഹക്കാ നൂഡില്‍സും ചിക്കന്‍ മഞ്ചൂരിയനുമാണ് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ അടുത്തിടെ ഹിറ്റായത്.
പാചകത്തിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്ന സചിത്ര വിശദീകരണമാണ് കേന്ദ്രമന്ത്രി ഇന്‍സ്റ്റാഗ്രാമില്‍ നല്‍കിയത്. പച്ചക്കറി നുറുക്കുന്നതോടെയാണ് പാചകം ആരംഭിക്കുന്നത്. മഞ്ചൂരിയനു വേണ്ടി ചെറിയ കഷണങ്ങളാക്കി നീളത്തില്‍ മുറിച്ച കാരറ്റും കാപ്‌സിക്കവും ന്യൂഡില്‍സിനു വേണ്ടിയുള്ള കാബേജുമാണ് ആദ്യ ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്. അടുത്ത ചിത്രം മഞ്ചൂരിയനു വേണ്ടിയുള്ള മാരിനേറ്റഡ് ചിക്കനും അതിലേക്ക് ചേര്‍ക്കുന്ന ഒന്നര ടീസ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ചും കാണിക്കുന്നു. മാരിനേറ്റഡ് ചിക്കന്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകും വരെ ഫ്രൈ ചെയ്യുന്നു.
അടുത്ത ഘട്ടത്തില്‍ മുറിച്ചു വച്ച പച്ചക്കറികള്‍ അരിഞ്ഞുവച്ച ഉള്ളിയും ഇഞ്ചിയും ചേര്‍ത്ത് വറക്കുന്നു. വറവ് അധികമാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കുന്നു. പാനിലേക്ക് ഫ്രൈഡ് ചിക്കനൊപ്പം സോയ സോസ്, ഓയ്‌സ്റ്റര്‍ സോസ്, വൈറ്റ് വിനഗര്‍, അര ടീസ്പൂണ്‍ പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ക്കാനാണ് മന്ത്രി അടുത്ത ചിത്രത്തില്‍ പറയുന്നത്. അടുത്ത ഘട്ടമായി ന്യൂഡില്‍സ് തിളപ്പിക്കുകയാണ്. അതും കൂടുതല്‍ വെന്ത് പോകരുതെന്ന് സ്മൃതി പറയുന്നു.
വറുത്ത ഉള്ളിക്കും സ്പ്രിങ്ങ് ഒനിനയനും കാബേജിനും കാരറ്റിനും കാപ്‌സിക്കത്തിനുമൊപ്പം ന്യൂഡില്‍സ് ചേര്‍ത്ത ശേഷം സോയ് സോസ്, സറ്റിര്‍ഫ്രൈ സോസ്, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് ഇളക്കുന്നു.
പാചകം പൂര്‍ത്തീകരിച്ച ശേഷം മകള്‍ തന്റെ വിഭവം രുചിച്ചു നോക്കുന്ന ചിത്രവും കേന്ദ്രമന്ത്രി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. വിധി കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സ്മൃതി തന്റെ പാചക പരമ്പര ചിത്രങ്ങള്‍ അവസാനിപ്പിച്ചത്. രാഷ്ട്രീയം മാത്രമല്ല പാചകവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ കേന്ദ്രമന്ത്രി.
English Summary: Smriti Irani Cooks Veg Hakka Noodles and Chicken Manchurian