വാലന്റൈൻസ് ദിനത്തിൽ ഭക്ഷണത്തിന് ഏറ്റവും കൂടുതൽ പണം മുടക്കുന്നവർ!
ലോകമെങ്ങും വാലന്റൈൻസ് ദിനം ആഘോഷിക്കുന്നത് ഫെബ്രുവരി 14നുതന്നെ. പക്ഷേ ഒരോ ദേശത്തും ആഘോഷങ്ങൾ വ്യത്യസ്തമാണ്. പ്രണയത്തിന്റെ നിറം ചുവപ്പാണെങ്കിൽ വാലന്റൈൻസ് ദിനത്തിലെ ഇഷ്ടഭക്ഷണങ്ങൾക്കും നിറം ചുവപ്പാണ്. കടും ചുവപ്പുനിറത്തിലുള്ള എന്തിലും പ്രണയം കണ്ടെത്തിക്കളയും പ്രണയികൾ. സ്ട്രോബറി, തക്കാളി, റാസ്ബറി, മാതളനാരങ്ങ, മുന്തിരി തുടങ്ങിയവകൊണ്ട് ഉണ്ടാക്കുന്ന എന്തിനും ഈ ദിവസം ഡിമാന്റാണ്.
റെഡ് വെൽവെറ്റ് കേക്കുകൾ പ്രണയിക്കുന്നവരുടെ ഹിറ്റ് ചാർട്ടിൽ ഒന്നാമതാണ്. കടുംചുവപ്പുനിറമുള്ള മുന്തിരി വൈനാണ് മറ്റൊരു ഇഷ്ടവിഭവം. ചോക്കലേറ്റിന്റെ സ്നേഹത്തിനും പഴക്കമേറെ. ഡാർക് ചോക്കലേറ്റ്, വൈറ്റ് ചോക്കലേറ്റ്, മിൽക് ചോക്കലേറ്റ്, പ്ലെയിൻ ചോക്കലേറ്റ് എന്നിങ്ങനെ എന്തിലും പ്രണയം നിറച്ചിരിക്കുന്നു.
പ്രണയികളുടെ ഇഷ്ടവിഭവങ്ങളുടെ ഒരു പട്ടിക തന്നെയെടുക്കാം: വാലന്റൈൻ നൈറ്റ് സ്ട്രോബെറി, ചോക്കലേറ്റ് കുക്കീസ്, റോൾഡ് ഷുഗർ കുക്കീസ്, കേക്ക് ബോൾ, ക്രീം ചീസ് ഷുഗർ കുക്കീസ്, ഒറിയോ ട്രിഫിൾസ് , ഫ്രഷ് സ്ട്രോബെറി അപ്സൈഡ് ഡൗൺ കേക്ക്, വൈറ്റ് ചോക്ക്്ലേറ്റ് റാസ്ബറി ചീസ് കേക്ക്, ക്രീമി പെസ്റ്റോ ഷ്രിമ്പ്, വാലന്റൈൻസ് സാൽമൻ, ബേക്ക്ഡ് ഡിജോൻ സാൽമൻ, മേപ്പിൾ സാൽമൻ, ചിക്കൻ പാസ്ത, ഫിലറ്റ് മിഗ്നൻ, സ്പഗറ്റി, സ്ട്രോബറി സാലഡ്, ഫ്രഞ്ച് ഒനിയൻ സൂപ്പ്.
അതിരുകളില്ലാത്ത ആഘോഷം
വാലന്റൈൻസ് ദിനവുമായി ബന്ധപ്പെട്ട് ഭക്ഷണത്തിന് ഏറ്റവും കൂടുതൽ പണം മുടക്കുന്നത് അമേരിക്കക്കാരാണ്. അർജന്റീനയിൽ പ്രണയിക്കുന്നവരുടെ ദിനം ജൂലൈയിലാണ്. ചോക്കലേറ്റുകൾക്കൊപ്പം മധുരവും കൈമാറിയാണ് അവരത് ആഘോഷമാക്കുന്നത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്നതാണ് ഫ്രാൻസിലെ ആഘോഷം. മാസത്തിന്റെ എല്ലാ 14–ാം തീയതിയിലും ദക്ഷിണ കൊറിയയിൽ ആഘോഷമാണ്, പല പേരുകളിൽ.
ഘാനക്കാർക്ക് ഫെബ്രുവരി 14 ദേശീയ ചോക്കലേറ്റ് ദിനം കൂടിയാണ്. (ലോകത്ത് ഏറ്റവും കൂടുതൽ കൊക്കോ ഉൽപാദിപ്പിക്കുന്ന രാഷ്ട്രമാണ് ഘാന). പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന വീഞ്ഞുകൊണ്ട് ആഘോഷം ലഹരിയാക്കുന്നവരാണ് ബൾഗേറിയക്കാർ. തടികൊണ്ട് മനോഹരമായി ഉണ്ടാക്കുന്ന സ്പൂൺ കൈമാറുന്നതാണ് വെയ്‍ൽസിലെ ജനതയുടെ സന്തോഷം. ജനുവരി 25നാണ് അവർ പ്രണയദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്. ജപ്പാനിൽ ഫെബ്രുവരി 14 എന്നത് സ്ത്രീകൾക്ക് മാത്രം ആഘോഷിക്കാൻ വിധിക്കപ്പെട്ട ദിവസമാണ്.
അന്നവർ ചോക്കലേറ്റും സമ്മാനങ്ങളും പുരുഷൻമാർക്ക് കൈമാറും. സമ്മാനങ്ങൾ തിരികെ കൈമാറാൻ പുരുഷൻമാർ മാർച്ച് 14വരെ കാത്തിരിക്കണം. അന്നാണ് ‘വൈറ്റ് ഡേ’.
ബ്രസീലുകാർ ഫെബ്രുവരി 14 ലൗവേഴ്സ് ഡേയായി ആഘോഷിക്കുകയാണ് പതിവ്. വിവാഹിതരായവർ സമ്മാനങ്ങൾ കൈമാറുന്ന പതിവില്ല. ഇറ്റലിയിൽ അവിവാഹിതർ വധൂവരൻമാരെ കണ്ടെത്താൻ തിരഞ്ഞെടുത്തിരിക്കുന്നതും ഇൗ ദിവസമാണ്. ജർമനിയിൽ പന്നിക്കുട്ടിയുടെ രൂപത്തിലുള്ള ചോക്കലേറ്റുകൾ കൈമാറുന്ന പതിവുണ്ട്. ഇത് ഭാഗ്യം കൊണ്ടുവരുമെന്ന് പ്രണയികൾ വിശ്വസിക്കുന്നു.
English Summary: Valentines Day Food Celebration