തിരിച്ചു കടിക്കാത്ത എന്തും കഴിക്കാനും രുചിക്കാനും ഇഷ്ടപ്പെടുന്ന ബോളിവുഡ് താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ബംഗാളി, പഞ്ചാബി വിഭവങ്ങൾ  രണ്ടു പേർക്കും ഏറെ പ്രിയം. മഖി കി റോട്ടി, ആലൂ പറാത്ത തുടങ്ങി നെയ്യിൽ തയാറാക്കുന്ന പഞ്ചാബി വിഭവങ്ങളാണ് വീട്ടിലെ താരങ്ങൾ. ഡയറ്റിന്റെ നിയന്ത്രണങ്ങളും ഒപ്പം ഉണ്ട്. ഭക്ഷണ നിയന്ത്രണ സമയത്ത് കോണ്ടിനന്റൽ ഫുഡ് കഴിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് അജയ്. ഡയറ്റ് നോക്കാറുണ്ടെങ്കിലും നല്ല ഭക്ഷണം ഉപേക്ഷിക്കാറില്ല കജോൾ. ബംഗാളി ഫിഷ് കറിയും  മഹാരാഷ്ട്രൻ കാൽമന്റും പാചകം ചെയ്യാനും അറിയാമെന്ന് കജോൾ ഒരു അഭിമുഖത്തിൽ പങ്കു വച്ചു. ഞണ്ടിന്റെ ഇറച്ചി കഴിക്കാൻ കാജോളിനും അജയിന്റെ അമ്മയ്ക്കും വലിയ ഇഷ്ടമാണ്, അജയ് വീട്ടിൽ ഇല്ലാത്ത ചില ദിവസങ്ങളിൽ ഭക്ഷണ മേശയിൽ ഞണ്ടിറച്ചിയും കാണും. ഏകദേശം ഒന്നര മണിക്കൂർ എടുത്ത് അമ്മയ്ക്കൊപ്പം ആസ്വദിച്ച് കഴിക്കാറുണ്ടെന്നും കജോൾ പറഞ്ഞു.

അജയ് നല്ലൊരു പാചകക്കാരനാണ് ഇക്കാര്യത്തിൽ സീറോ കുക്കാണ് കജോൾ, ഒരാൾ പാചകം ചെയ്യുമ്പോൾ മറ്റെയാൾ ആസ്വദിച്ചു കഴിക്കും. പുറത്തു നിന്നു കഴിക്കാൻ ചൈനീസ് ഭക്ഷണങ്ങളാണ് രണ്ടു പേർക്കും ഇഷ്ടം. എല്ലാ ഭക്ഷണവും നല്ലതാണെന്നാണ് രണ്ടു പേരുടെയും അഭിപ്രായം. 

വ്യത്യസ്തമായ ഭക്ഷണ അനുഭവങ്ങൾ
കജോളിന് ഒച്ചിന്റെയും തവളയുടെയും ഇറച്ചി കഴിച്ചതും അജയ്ക്ക് റഷ്യയിൽനിന്ന് കുടിച്ച ഹോഴ്സ് മിൽക്കുമാണ് കഴിച്ചതിൽ വച്ച് ഏറ്റവും വ്യത്യസ്തമായി തോന്നിയ രണ്ടു വിഭവങ്ങൾ.


പാനീപൂരി, ചനാ ബട്ടൂര, വടാപ്പാവ്, ബേൽപൂരി, ചട്നി സാൻവിച്ച് തുടങ്ങിയ സ്ട്രീറ്റ് ഫുഡ് വിഭവങ്ങളും ഇരുവർക്കും ഏറെ പ്രിയങ്കരമാണ്. ഭക്ഷണത്തിലുള്ള ഈ ഇഷ്ടവും തങ്ങളുടെ അടുപ്പം കൂട്ടുന്നതാണെന്ന് കാജോൾ പറഞ്ഞു. മകൾക്ക് സുഷി പോലുള്ള ജാപ്പനീസ് വിഭവങ്ങളാണ് ഇഷ്ടം. മകന് പഞ്ചാബി ഭക്ഷണവും.

 English Summary: Food Love,  Actros Kajol Devgn and Ajay Devgn