ട്രംപിനും കുടുംബത്തിനും രുചിയുടെ ഉൽസവം ഒരുക്കി ഇന്ത്യ; വിളമ്പുന്നത് ഈ സ്പെഷൽ വിഭവങ്ങൾ
അഹമ്മദാബാദിലെ ഫോർച്യൂൺ ലാൻഡ് മാർക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയും സംഘവും അടുക്കളയിൽ വൻ സന്നാഹങ്ങളൊരുക്കുന്ന തിരക്കിലാണ്. ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനെയും കുടുംബത്തെയും തങ്ങളുടെ പാചക വൈദഗ്ധ്യം കൊണ്ട് കീഴടക്കാനുള്ള തയാറെടുപ്പിലാണ് ഇവർ. ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും കുടുംബത്തിനും ഭക്ഷണം പാകം ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സുരേഷ് ഖന്നയ്ക്കുള്ളത്.
ട്രംപിനും കുടുംബത്തിനുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവരുടെ പാചകവൈവിധ്യം രുചിച്ചറിയാനെത്തും. ഗവൺമെന്റ് നൽകിയ മെനു അനുസരിച്ചുള്ള വിഭവങ്ങൾ ലാൻഡ് മാർക്കിലെ അടുക്കളയിൽ ഒരുങ്ങുകയാണ്. സ്പൈസസ് കുറച്ച് ഭക്ഷണവിഭവങ്ങൾ ആവിയിൽ പാകം ചെയ്തെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സുരേഷ് ഖന്ന പറയുന്നു.
പ്രാദേശിക രുചി നിറയ്ക്കാൻ ഗുജറാത്തി സ്റ്റൈലിലുള്ള സസ്യ വിഭവങ്ങളാകും വിളമ്പുക. ഖമാൻ, ബ്രക്കോളി സമോസ, ഹണി-ഡിപ് കുക്കീസ്, മൾട്ടി ഗ്രെയ്ൻ റോട്ടി, ബേസനിലുണ്ടാക്കിയ ലഘു ഭക്ഷണങ്ങൾ എന്നിങ്ങനെ നീളുന്നു മെനു.
അമേരിക്കൻ പ്രസിഡന്റിനും പത്നി മെലാനിയ ട്രംപിനും ഖമാൻ വളരെയിഷ്ടമായതിനാൽ സ്പെഷൽ ഖമാൻ അവർക്കായി ഒരുക്കും. ഫുഡ് ഇൻസ്പെക്ടർമാർ ആദ്യം ഭക്ഷണം രുചിച്ച് നോക്കും. തുടർന്ന് നടക്കുന്ന വിശദമായ പരിശോധനകൾക്ക് ശേഷമാകും ഭക്ഷണം അതിഥികൾക്ക് മുന്നിലെത്തുക.
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവരുൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾക്ക് വേണ്ടി ഷെഫ് സുരേഷ് ഖന്ന മുൻപ് ഭക്ഷണം പാകം ചെയ്തിട്ടുണ്ട്.
അമിതാഭ് ബച്ചൻ, ശിൽപ ഷെട്ടി തുടങ്ങിയ സെലിബ്രിട്ടികളും ഇവിടുത്തെ രുചി മേളത്തിന്റെ ആരാധകരാണ്. 1990 ൽ നാഷണൽ കളിനറി പുരസ്ക്കാരം ഷെഫിന് ലഭിച്ചിട്ടുണ്ട്.
ഇന്ന് ഇന്ത്യയിലെത്തുന്ന ട്രംപ് ദ്വിദിന സന്ദർശനത്തിനിടയിൽ അഹമ്മദാബാദിന് പുറമേ ആഗ്രയും ന്യൂഡൽഹിയും സന്ദർശിക്കും. പത്നി മെലാനിയ ട്രംപ്, മകൾ ഇവാൻക ട്രംപ്, മരുമകൻ ജാറെഡ് കുഷ്നർ എന്നിവരും ട്രംപിനൊപ്പമുണ്ട്. ഇത് പ്രസിഡന്റായ ശേഷമുള്ള ട്രംപിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണ്.
English Summary: Chef Suresh Khanna in Charge of Cooking for Trump, Gujarati Style Food Menu