ഒരേസമയം പലരുചികൾ! ചില്ലറക്കാരനല്ല പോളണ്ടിന്റെ ദേശീയ വിഭവമായ പിറോഗി
കണ്ടാൽ ഉള്ളിൽ ശർക്കര വച്ച ‘പിടി’ ആണെന്നേ പറയൂ. അല്ലെങ്കിൽ മലബാറിലെ ഇറച്ചിപ്പത്തിരി നെടുകേ മുറിച്ചപോലെ. പക്ഷേ കക്ഷി പോളണ്ടിന്റെ ദേശീയ വിഭവമാണ്. പേര് പിറോഗി. പിറോജി എന്നും വിളിക്കാറുണ്ട്. രുചിയുടെ ഏതു തീവ്രതയിലേക്കും എളുപ്പത്തിൽ വേഷം മാറാൻ കഴിയുന്നവനാണ് പിറോഗി. അരിമാവിനകത്ത് എന്തു നിറയ്ക്കുന്നോ അതാണ് പിറോഗിയുടെ ആത്മരുചി. അത് എരിവും പുളിയും മധുരവും...എന്തുമാകാം. പരമ്പരാഗത പോളിഷ് പിറോഗിയിൽ ഇറച്ചി, കാബേജ്, കൂൺ എന്നിവയാണു നിറയ്ക്കുക. വേറെ ഒട്ടേറെ പിറോഗി രുചികളും ഇപ്പോഴുണ്ട്. എന്തു തന്നെയായാലും ക്രിസ്മസ് രാത്രിയിൽ പോളിഷ് തീൻമേശകളിൽ പച്ചക്കറി നിറച്ച പിറോഗി മാത്രമേ വിളമ്പുകയുള്ളു. അന്നേ ദിവസം മാംസാഹാരങ്ങൾ കഴിക്കരുതെന്നാണ് പോളണ്ടുകാരുടെ വിശ്വാസം.
പടിഞ്ഞാറൻ പോളണ്ടിൽ പരിപ്പുവർഗങ്ങൾ നിറച്ച പിറോഗിയോടാണ് പ്രിയം. ദക്ഷിണ പോളണ്ടിലേക്കു വന്നാൽ അത് വെണ്ണയും ഉരുളക്കിഴങ്ങും നിറച്ച പിറോഗിക്കു വഴിമാറുന്നു. സ്ട്രോബറിയോ ബ്ലൂബെറിയോ നിറച്ച മധുരമൂറുന്ന പിറോഗിയും സുലഭം.
നൂറ്റാണ്ടുകൾക്കു മുൻപ് ചൈനയിൽനിന്നാണ് പിറോഗി പോളണ്ടിൽ എത്തിയതെന്ന് പറയപ്പെടുന്നു. ഇത് പിറോഗിയുടെ ആദിമരൂപം മാത്രമായിരുന്നു. 13ാം നൂറ്റാണ്ടു മുതൽ പിറോഗി പോളണ്ടിൽ ഉണ്ടാക്കിത്തുടങ്ങി. 17–ാം നൂറ്റാണ്ടിൽ പോളണ്ടിൽ ഇറങ്ങിയ ആദ്യ പാചകപുസ്തകങ്ങളിൽ പിറോഗിയെ കുറിച്ചു പരാമർശമുണ്ട്. ആദ്യ കാലത്ത് വിശേഷാവസരങ്ങളിൽ മാത്രമേ പിറോഗി ഉണ്ടാക്കുമായിരുന്നുള്ളു. ഓരോ വിശേഷാവസരത്തിനും ഓരോ തരം പിറോഗി. ക്രിസ്മസിനും ഈസ്റ്ററിനും വിളമ്പുന്ന പിറോഗിക്ക് രുചിയിലും രൂപത്തിലും വ്യത്യാസമുണ്ടാകും. അതിൽനിന്നെല്ലാം ഏറെ വലുപ്പം കൂടുതലായിരിക്കും വിവാഹവേളയിലുള്ള പിറോഗിക്ക്. കോഴിയിറച്ചിയാണ് വിവാഹവേളകളിലെ പിറോഗിയിൽ നിറയ്ക്കുക. പിൽക്കാലത്ത് പാരമ്പര്യത്തിനെല്ലാം മാറ്റം വന്നു. എങ്കിലും പിറോഗിക്കു പോളണ്ടിലുള്ള സ്ഥാനം ഏറെ ഉയർന്നതുതന്നെ.
പോളണ്ടിലെ പല നഗരങ്ങളിലും പിറോഗി ഫെസ്റ്റുകൾ ഇന്നു സാധാരണമാണ്. വിവിധ തരം പിറോഗികൾ മാത്രം വിളമ്പുന്ന പിറോഗാർണിയ റസ്റ്ററന്റുകളും പോളണ്ടിന്റെ മുക്കിലും മൂലയിലും കാണാം. വിവിധ പിറോഗികളുടെ രൂപത്തിലുള്ള വേഷം ധരിച്ച ആളുകൾ പങ്കെടുക്കുന്ന ‘പിറോഗി റേസ്’ ഓട്ടമത്സരം പോലുമുണ്ട് പോളണ്ടിൽ.
പോളണ്ടിനു പുറത്തും പിറോഗിക്കുള്ള സ്ഥാനം ചില്ലറയല്ല. കാനഡയിലെ ആൽബർട്ടയിൽ പിറോഗിക്ക് ആദരം അർപ്പിച്ച് വിഭവത്തിന്റെ വലിയൊരു പ്രതിമപോലും സ്ഥാപിച്ചിട്ടുണ്ട്.
English Summary: Polish Pierogi