ADVERTISEMENT

അടുക്കളയിലെ പാചകം പെണ്ണിനും ആളു കൂടുന്നിടത്തെ പാചകം ആണിനും എന്ന് എന്തിനാണു വേർതിരിവ് ? ചോദിക്കുന്നത് ശ്രീകണ്ഠപുരം പെരുന്തിലേരി, വളക്കൈ, കൊയ്യം മേഖലയിലെ പാചകറാണിയായ പെരുന്തിലേരിയിലെ വടക്കീയിൽ ശാന്ത. പാചകരംഗത്തെ ആണുങ്ങളുടെ കുത്തക തകർത്ത ശാന്ത സംസാരിക്കുന്നു. 

സ്ത്രീകളൊന്നും ഈ മേഖലയിൽ അധികം പോകാറില്ലല്ലോ, ചേച്ചി പിന്നെ എങ്ങനെ എത്തി ?

15 കൊല്ലം മുൻപാണ് ഈ രംഗത്തേക്കു വന്നത്. അന്നു ഞാനീ പണിക്കു വരുമ്പോൾ നാട്ടുകാര് മുഴുവൻ മൂക്കത്തു വെരല് വെച്ച് ദ് ന്താണപ്പാ, പെണ്ണുങ്ങമാരാ ചോറ് ബെക്ക്ന്നേന്ന് ചോദിച്ചു. ആദ്യം നമ്മളെ കണ്ടിറ്റ് ഈ പണി കയ്യൂലാന്ന് സംശയിച്ചവരുണ്ട്.ഇപ്പോ ആരും അതു ചോദിക്കാരില്ല. നമ്മൾ വെച്ചാലും ബിരിയാണി സൂപ്പറാകുമെന്നു നാട്ടുകാര് പഠിച്ച്. ഇപ്പണി ആദ്യം തൊടങ്ങ്യേപ്പം ചെറുമാതിരി വെപ്പിനേ പോയിരുന്നുള്ള്. പിന്നെ പിന്നെ സദ്യ കഴിച്ചവരൊക്കെ ഫോൺ നമ്പർ വാങ്ങി പോകാൻ തുടങ്ങി. ഒരിക്കൽ പോയി വെച്ച വീട്ടില്ണ്ടല്ലോ, നമ്മ്യല്ലാണ്ട് ബേറെ ആരെയും വിളിക്കൂല.

വല്യവെപ്പിനൊക്കെ ഭയങ്കര ശക്തി വേണ്ടേ?

യെന്തിന്, ഇതൊക്കെ ആരിക്കും പറ്റും. 100 മുതൽ 1500 പേർക്കൊക്കെ സദ്യ ഉണ്ടാക്കാൻ പെണ്ണുങ്ങൾ വിചാരിച്ചാലും പറ്റും. പെണ്ണുങ്ങൾ ഉണ്ടാക്കിയ സദ്യക്ക് എന്തേലും കുറവുണ്ടെന്ന് ഇന്നേവരെ ആരേലും പറഞ്ഞിക്ക്ണാ. ഇന്നാട്ടിലെ ഹോട്ടലിലൊക്കെ വീട്ടിലെ ഊൺ എന്ന് എഴുതി വെക്കണ്ത് എന്തിനാ, അതെന്നെ നമ്മൾ പെണ്ണുങ്ങൾടെ ട്രേഡ് സീക്രട്ട്.

ഇതുവരെ എത്ര  സ്ഥലങ്ങളിൽ പാചകത്തിനു പോയി?

പാചകം ഒരു മത്സര ഇനമല്ലാത്തതു കൊണ്ട് നമ്മക്ക് കപ്പൊന്നും കിട്ടിയിട്ടില്ല. എത്ര സ്ഥലങ്ങളിൽ വെച്ചു വിളമ്പിയെന്നു ചോദിച്ചാൽ കണക്ക് ഓർക്കാൻ പാടാ. കണ്ണൂർ, കാസർകോട് ജില്ലകളിലെ പല ഭാഗത്തും പാചകത്തിനു പോകാറുണ്ട്. നമ്മളെന്ന്യാണ് മുഴുവൻ പണി എടുക്കുന്നത്. ഇനിയിപ്പോ സഹായത്തിന് ആരേലും വേണമെന്നു നിർബന്ധം തോന്നുമ്പോൾ ഒന്നു നീട്ടിവിളിച്ചാൽ മതി, എടീ ശ്രീജേ, സുജാതേ, സവിതേ, ഓമനേ..ന്ന്. ഒക്കെ നമ്മളെ നാട്ടിലെ പെണ്ണുങ്ങളെന്നെ. അവര് സഹായത്തിനു വരും.

വീട്ടിൽ നടക്കുന്ന നൂല് കെട്ടു മുതൽ അടിയന്തിരം വരെ, ക്ഷേത്രങ്ങളിലെ തെയ്യത്തിനും ഉത്സവത്തിനും ഇതിനൊക്കെ പുറമേ കുടുംബശ്രീന്റെ പരിപാടി മുതൽ സമ്മേളനങ്ങൾക്കു വരെ ഭക്ഷണമുണ്ടാക്കാൻ ആളുകൾ വിളിക്കാറുണ്ട്്, പിന്നെ വായനശാല വാർഷികം, സ്കൂളുകളിൽ നടക്കുന്ന യാത്രയയപ്പ്, വിവാഹ നിശ്ചയം, വിവാഹം, വിവാഹവീടുകളിൽ നടക്കുന്ന സൽക്കാരങ്ങൾ ഇതൊക്കെ നമ്മള് നടത്തിക്കൊടുക്കും.  നാടൻസദ്യയേക്കാൾ ആൾക്കാർക്കു താൽപര്യം ബിരിയാണി ആണ്.

ഹോ, ഭയങ്കര ചെലവായിരിക്കുമല്ലോ?

എന്നാര് പറഞ്ഞ്. ഞങ്ങൾ പെണ്ണുങ്ങൾ ഇതിനൊന്നും ആരെയും ബ്ലേഡ് കൊണ്ട് വരഞ്ഞിട്ട് പ്രതിഫലം വാങ്ങാറില്ല. സദ്യയുടെ സാധനങ്ങളുടെ വില വാങ്ങും. പിന്നെ ഞങ്ങളെ ഒരു ദിവസത്തെ കൂലിയും. ഇതൊക്കെ ന്യായമായ കൂലിയാണപ്പാ. ആവശ്യപ്പെട്ടാൽ വീട്ടിൽ നിന്നും ഭക്ഷണം തയാറാക്കി എത്തിച്ചു കൊടുക്കാനും തയാറാണ്. പാത്രം എല്ലാം വീട്ടിൽ തന്നെയ്ണ്ട്. പാത്രത്തിന്റെ കാര്യത്തിൽ കടുംപിടുത്തമൊന്നും ഇല്ല. ആവശ്യക്കാര് പാത്രം തന്നാൽ അതിലും ഉണ്ടാക്കി കൊടുക്കും.

പെണ്ണുങ്ങള് ചെയ്യുമ്പോ പണിയൊക്കെ നേരത്തിനു തീര്വോ?

രാവിലെ പണിക്കു പോകുന്ന ഭർത്താവിനും ഉസ്കൂളിൽ പോകുന്ന കുഞ്ഞിമക്കൾക്കും പ്രായമായ അച്ഛനും അമ്മയ്ക്കും അങ്ങനെ പലർക്കായി പലജാതി സാധനങ്ങൾ ഒന്നൊന്നര മണിക്കൂറോണ്ട് ഉണ്ടാക്കുന്ന പെണ്ണ്ങ്ങക്ക് ഇതൊക്കെ എന്ത്?പറഞ്ഞ നേരത്ത് സഹായികളുമായി എത്തും, പട പടേന്നു പണി തീർക്കും. ബീഡി വലിക്കാനും ഫോൺ വിളിക്കാനും ഒന്നും പോയി വെറുതേ തിരിഞ്ഞു കളിച്ചു സമയം കളയുന്ന പരിപാടി ഒന്നും ഇല്ല. സദ്യയാണെങ്കിലും ബിരിയാണി ആണെങ്കിലും കൃത്യസമയത്തു പണി തീർക്കും. കൂലി വാങ്ങും, പോരും. അത്രന്നെ.

ഫുൾടൈം ബിസിയാണല്ലേ?

ഉയ്യന്റപ്പാ, സീസൺ തുടങ്ങിയാൽ പിന്നെ രക്ഷയില്ല. തെരക്കോട് തെരക്കെന്നെ. മഴക്കാലത്ത് ഇത്തിരി പണി കുറയും. അതിപ്പോ നാട്ടിൽ എല്ലാ പണിക്കാർക്കും അങ്ങനെ തന്നെയല്ലേ. പെരുന്തിലേരി എയുപി സ്കൂളിനു മുന്നിൽ ധാന്യങ്ങൾ പൊടിക്കുന്ന മില്ലുണ്ട്. കതിർമണി കുടുംബശ്രീയാണ് ഇത് നടത്തുന്നത്. ഇവിടെ എല്ലാ ദിവസവും വരും. സാമൂഹിക പ്രവർത്തനവും ഉണ്ട്.

ഈ തിരക്കിന്റെടേൽ സാമൂഹിക പ്രവർത്തനമോ?

ഉണ്ട്. വീടുകളിൽ കിടപ്പിലായ രോഗികളെ നോക്കാനായി പോകാറുണ്ട്. പിന്നെ ഇടത്തേ കൈ കൊടുക്കുന്നത് വലത്തേ കൈ അറിയരുത്‍ന്നല്ലേ, അതോണ്ട് കൂടുതലൊന്നും പറയ്ന്നില്ല.

വീട്ടിൽ ആരൊക്കെയുണ്ട്?

പെരുന്തിലേരിയിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനനം. വീട്ടിൽ അമ്മ ജാനകി, മക്കളായ നിഷാന്ത്, നിജീഷ്, ഭാര്യ നീതു, മക്കളായ ദേവിക, വേദിക. ഇളയമകൻ നികേഷ്.

English Summary:  Santha,Cooking in bulk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com