വിശപ്പുരഹിത കേരളം ; 20 രൂപയ്ക്ക് ഊണ്
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തുകളിൽ ജനകീയ ഹോട്ടലുകൾ ഒരുങ്ങുന്നു. തൃശൂർ, കുന്നംകുളം നഗരസഭയിൽ ജനകീയ ഹോട്ടൽ വിജയിച്ചതിന്റെ കരുത്തിലാണ് തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണശാലകൾ ആരംഭിക്കുന്നത്. ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിച്ച് ഓണത്തിന് മുൻപ് ജനകീയ ഹോട്ടലുകൾ തുറക്കാനാണു സർക്കാർ ശ്രമിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളിലും ചെറിയ നഗരസഭകളിലും ഒന്നു വീതവും വലിയ നഗരസഭകളിൽ 10 വാർഡിന് ഒന്ന് എന്ന ക്രമത്തിലുമാണ് ജനകീയ ഹോട്ടലുകൾ ആരംഭിക്കുക. 25 രൂപയാണ് ഇവിടെ ഊണിന്. ഊണ് ഒന്നിന് അഞ്ച് രൂപ വീതം സർക്കാർ നൽകുന്ന സബ്‌സിഡി കുടുംബശ്രീ മിഷൻ വഴി ലഭ്യമാകും. അങ്ങനെയാണ് 20 രൂപയ്ക്ക് ഊണു നൽകുന്നത്.
ജനകീയ ഹോട്ടലുകളിലെ 10 ശതമാനം ഊണ് നിർധനർക്കു നൽകണം. ഇതിന് വേണ്ട തുക സ്‌പോൺസർഷിപിലൂടെ കണ്ടെത്തണം. ഗ്രാമപ്രദേശത്തെ ജനകീയ ഹോട്ടലുകൾക്ക് ഒരു ഹോട്ടലിന് 10,000 നിരക്കിൽ ജില്ലാ പഞ്ചായത്തും അതത് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ ഒരു ഹോട്ടലിന് 20,000 നിരക്കിൽ ബ്ലോക്ക് പഞ്ചായത്തും റിവോൾവിങ് ഫണ്ട് തുടക്കത്തിൽ തന്നെ നൽകും. നഗരപ്രദേശത്തെ ഒരു ഹോട്ടലിന് 30,000 രൂപ നിരക്കിൽ എല്ലാ ജനകീയ ഹോട്ടലുകൾക്കും വേണ്ട റിവോൾവിങ് ഫണ്ട് ബന്ധപ്പെട്ട നഗരസഭ നൽകും. ഊണിന് വേണ്ട അരി കിലോയ്ക്ക് 10.90 നിരക്കിൽ സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നു ലഭ്യമാകും.
പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകളുടെ ഭക്ഷ്യസാധനങ്ങൾ, ധാന്യപ്പൊടികൾ പച്ചക്കറികൾ എന്നിവ വിൽപന നടത്തുന്നതിനുള്ള സൗകര്യവും ജനകീയ ഹോട്ടലുകളിൽ ഉണ്ടാവും. കുടുംബശ്രീ വനിതകൾക്ക് തൊഴിൽ നേടാൻ ഇത് അവസരമാവും. കിടപ്പുരോഗികൾക്കും വയോജനങ്ങൾക്കും ആവശ്യമായ ഉച്ചഭക്ഷണം വാതിൽപ്പടിയിൽ ജനകീയ ഹോട്ടലിൽ നിന്നും ലഭ്യമാകും.
English Summary: Soon, you can have meals for Rs 20 in hunger free Thrissur