ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകർ കൈയടി വാങ്ങുന്ന ലോക്ഡൗൺ സമയത്ത്, പാചക വിഡിയോകളിലൂടെ ശ്രദ്ധേയയാകുന്ന ഒരു ടീച്ചറമ്മയെ പരിചയപ്പെടാം– സുമാ ശിവദാസ്. അധ്യാപക ജോലിയിൽനിന്നു വിരമിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും സുമടീച്ചറിന്റെ പാചക വിഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. ക്ലാസ്മുറിയിൽ കുട്ടികളെ പഠിപ്പിക്കുന്ന ശൈലിയിലാണ് പാചക വിഡിയോകൾ, വളരെ രസകരമായി പാചകവിധികൾ ഹൃദിസ്ഥമാക്കിത്തരും. കോട്ടയം, കുമാരനെല്ലൂർ ദേവിവിലാസം ഹൈസ്കൂളിൽനിന്നു ഹെഡ്മിസ്ട്രസായി വിരമിച്ചു. വിരമിച്ച ശേഷം, സ്കൂളിൽ പോകാനോ കുട്ടികളെ കാണാനോ കഴിയുന്നില്ലെന്ന സങ്കടത്തിൽനിന്നു രക്ഷപ്പെടാനാണ് പാചക എഴുത്തിൽ സജീവമായത്. ഇപ്പോൾ ടീച്ചർക്ക് 75 വയസ്സ് കഴിഞ്ഞു, പുതിയ അറിവുകൾ ഉൾക്കൊള്ളാനും പകർന്നു കൊടുക്കാനുമുള്ള ആവേശം ഇപ്പോഴുമുള്ളതിനാൽ റിട്ടയർമെന്റ് ജീവിതം സജീവമാണ്. എഴുത്തുകാരനും പ്രശസ്ത ശാസ്ത്രസാഹിത്യകാരനും അധ്യാപകനുമായ പ്രഫ. എസ്. ശിവദാസാണ് ടീച്ചറിന്റെ ഭർത്താവ്.

2000 മാർച്ച് അവസാനം ജോലിയിൽനിന്നു വിരമിച്ച ശേഷം എന്തെങ്കിലും ചെയ്യണം എന്ന തോന്നലുണ്ടായി. ചെറുപ്പക്കാർക്കുവേണ്ടി പാചക പുസ്തകങ്ങൾ എഴുതാൻ തുടങ്ങി. ആഹാരവുമായി ബന്ധപ്പെട്ട കഥകളും അവയുടെ സവിശേഷതകളും ഉൾക്കൊളളിച്ച് പാചകവിധികൾ അവതരിപ്പിക്കുന്ന ശൈലിയിലായിരുന്നു പുസ്തകങ്ങൾ. ഡിസി ബുക്സായിരുന്നു പ്രസാധകർ. പതിനഞ്ചോളം പാചക പുസ്തകങ്ങൾ എഴുതി പബ്ളിഷ് ചെയ്തു കഴിഞ്ഞു. സമ്പൂർണ്ണ കേരള പാചകം എന്ന വിഷയത്തിൽ ഭക്ഷണ ചരിത്രം ഉൾപ്പെടുത്തിയുള്ള പുസ്തകം പൂർത്തിയാക്കാൻ രണ്ട് വർഷത്തോളം എടുത്തു. വെള്ളപ്പൊക്കവും ഇപ്പോൾ കോവിഡും കാരണം ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം ലോക്ഡൗണിലാണ്.

കോവിഡ് തുടങ്ങിയ സമയത്താണ് സമൂഹമാധ്യമങ്ങളിൽ പാചക വിഡിയോയുമായി ടീച്ചർ സജീവമായത്. ദൈവം തന്ന ആരോഗ്യം മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ കഴിയുന്നതു ചെയ്യുക. ആദ്യം വളരെ ലളിതമായി ഭക്ഷണം തയാറാക്കിയശേഷം ഇതിനെക്കുറിച്ച് പറയുന്ന രീതിയിലാണ് വിഡിയോ തയാറാക്കിയത്, അതിന് നല്ല പ്രതികരണമാണ് കിട്ടിയത്. ഇപ്പോൾ വിശദമായി പാചക വിഡിയോ ചെയ്യുന്നു. ടീച്ചറിന്റെ പാചക വിഡിയോ മൊബൈലിൽ എടുത്ത്, യൂട്യൂബിൽ അപ്‍‌ലോഡ് ചെയ്തു കൊടുക്കുന്നത് അടുത്തവീട്ടിലെ ഉണ്ണിമായയാണ്.

ശീ.... ശൂ.... രണ്ടൊച്ച എടുത്തു നോക്കി നൂറോട്ട...നീർ ദോശ (ടീച്ചർ സ്പെഷൽ നീർ ദോശ രുചിക്കൂട്ട്) 

ചേരുവകൾ

  • പച്ചരി – ഒരു കപ്പ് (മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കണം)
  • നാളി കേരം – കാൽ കപ്പ് 

തയാറാക്കുന്ന വിധം

മിക്സിയുടെ ‍‍ജാറിൽ പച്ചരിയും കാൽ കപ്പ് വെള്ളവും ചേർത്ത് മഷി പോലെ അരച്ച് എടുക്കണം. ഇടയ്ക്ക് തേങ്ങയും ചേർത്ത് തരി ഒട്ടും ഇല്ലാതെ അരച്ച് എടുക്കാൻ ശ്രദ്ധിക്കണം. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കണം. അര ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ പഞ്ചസാരയും ചേർക്കുക.

ചൂടായ പാനിൽ വെളിച്ചെണ്ണ പുരട്ടി ഒരു കപ്പ് കൊണ്ട് മാവ് പാനിലേക്ക് ചുറ്റിച്ച് ഒഴിക്കാം. ഇത് മൂടി വച്ച് ഒരു മിനിറ്റ് വേവിച്ച് പ്ലേറ്റിലേക്ക് മാറ്റാം.

ഇതിനൊപ്പം നോൺ വെ‍ജ് കറിയാണ് സൂപ്പർ കോംപിനേഷൻ. വെജിറ്റേറിയൻകാർക്ക് തേങ്ങാ ചമ്മന്തിക്കൊപ്പവും കഴിക്കാം. പാചകത്തിൽ നല്ല താത്പര്യം ഉള്ളവർക്ക് മാത്രമേ നീർദോശ ശരിയായിട്ട് ഉണ്ടാക്കാൻ പറ്റുകയുള്ളു കാരണം വളരെയധികം ശ്രദ്ധവേണം.

ചോറിനും കപ്പയ്ക്കും ഒപ്പം കൂട്ടാൻ കോട്ടയം സ്റ്റൈൽ മീൻ കറി തയാറാക്കുന്ന വി‍ഡിയോ കാണാം.