ADVERTISEMENT

മഴക്കാലമായാൽ കണ്ടത്തിൽ വെള്ളം കയറും. പിന്നെ മീൻപിടിത്തമാണു കുട്ടികളുടെ വിനോദം. കയ്ച്ചാൽ മീനാണു കൂടുതലും ലഭിക്കുക. വഴുതി വഴുതി പോകുന്ന വരാലുപോലൊരു മീൻ. വ്യത്യസ്ത മീൻ‍കറികൾ‍ മതിവരുവോളം ആസ്വദിച്ചൊരു ബാല്യമാണ് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണന്റേത്. കടലും പുഴയും ആവോളമുള്ള കണ്ണൂരുകാർക്ക് അത്രമേൽ ആഴമേറിയതാണ് ഭക്ഷണ സംസ്കാരവും. സമ്പാറ്, കൂട്ടുകറി, അവിയൽ, ഓലൻ, പച്ചിടി, കിച്ചടി, പുളിശേരി ഇങ്ങനെ പോകും കറികളുടെ നിര. എന്നാലും ഊണ് പൂർത്തിയാകണമെങ്കിൽ എന്തെങ്കിലും ഒരുകൂട്ടം മൽസ്യം വേണം. ഒറ്റ ഭക്ഷണം എന്നു പറഞ്ഞു കണ്ണൂരിന്റെ ഭക്ഷ്യ സംസ്കാരത്തെ കാണാനാകില്ല. ഭക്ഷണങ്ങളുടെ കൂട്ടാണ് കണ്ണൂരുകാരുടെ രീതി.

 

മടിയിലിരുത്തി അമ്മ വാരിക്കൊടുത്ത, മോരൊഴിച്ച മീൻകറി കൂട്ടിയുള്ള ഊണിന്റെ സ്വാദാണു രുചിയോർമകളുടെ തുടക്കം. മീൻ വിഭവങ്ങളെക്കുറിച്ചു പറഞ്ഞാൽ തീരില്ല എഴുത്തുകാരന്. മോരൊഴിച്ച മീൻകറി മുതൽ കുരുമുളകിട്ടതും നെല്ലിക്കയിട്ടതും മുളകിട്ടതും തുടങ്ങി വ്യത്യസ്തതയുടെ ഒരു കൂടാരം തന്നെയുണ്ട്. ഒരേ മീൻകൊണ്ടുള്ള മൂന്നോളം വിഭവങ്ങൾ വരെ ഒരുനേരം കഴിച്ചിട്ടുണ്ട്. എല്ലാ ദിവസവും വീട്ടിൽ വ്യത്യസ്ത മീനുകളാണു വാങ്ങുക. ചാള, മുള്ളൻ, വേളൂരി, നത്തൽ, കൊയല തുടങ്ങിയവയാണു കൂടുതലായും ലഭിക്കുന്നത്. പുഴ മീനുകളോടാണ‌ു പ്രിയം. ഇറച്ചിക്കറികൾക്കു മേശയിൽ വലിയ സ്ഥാനമൊന്നുമില്ല.

 

അവിലും പഴവും കൽക്കണ്ടം ചേർത്ത് നെയ്യിൽ നനച്ചെടുക്കുന്നതും പഴം ചേർത്തു വാഴയിലയിൽ പൊതിഞ്ഞുണ്ടാക്കുന്ന അടയും ഉണക്ക കപ്പയും കടലയും ചേർത്തുള്ള പുഴുക്കും എഴുത്തുകാരന്റെ പ്രിയപ്പെട്ട വിഭവങ്ങളുടെ നിര ഇങ്ങനെ പോകും. വാഴയ്ക്ക, കുമ്പളങ്ങ, മീൻ തുടങ്ങി എല്ലാത്തിനോടും കുരുമുളകു ചേർക്കുന്നതു കണ്ണൂരുകാരുടെ രീതിയാണ്.

 

 മോരൊഴിച്ച മീൻകറി

fish-curry
Representative Image. Photo Credit: SAM THOMAS A

 

ചെറിയ മത്തി, നത്തൽ എന്നീ ചെറുമത്സ്യങ്ങളാണു മോരൊഴിച്ച മീൻകറിക്ക് ഉത്തമം. ഇഞ്ചി, പച്ചമുളക്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്തു, മീൻ വെള്ളത്തിൽ തിളപ്പിക്കുക. തുടർന്നു ജീരകം, വെളുത്തുള്ളി, തേങ്ങാ എന്നിവ അരച്ചുചേർക്കണം. നന്നായി തിളച്ചു കഴിയുമ്പോൾ ആവശ്യത്തിനു മോരുകൂടി ചേർക്കാം. പുളിയനുസരിച്ചാണു മോരു ചേർക്കേണ്ടത്. കട്ടിമോരാണു നല്ലത്. ശേഷം കറിവേപ്പില, കടുക് എന്നിവ എണ്ണയിൽ മൂപ്പിച്ചു ചേർക്കാം.

 

 കുരുമുളകിട്ട മീൻകറി

 

കുരുമുളകു നന്നായി പൊടിച്ചെടുക്കണം. കരിമീൻ, മുള്ളൻ, നത്തൽ, കൊയല എന്നീ മീനുകളാണു നല്ലത്. കുരുമുളകു പൊടിയും മഞ്ഞൾ പൊടിയും ഇട്ടു തിളപ്പിച്ച വെള്ളത്തിലേക്ക് ഉപ്പും, കഷണമാക്കിയ മീനും ഇട്ട് വേവിക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ വെളിച്ചെണ്ണ ചേർക്കുക. വെളുത്തുള്ളിയും കറിവേപ്പിലയും ചതച്ചിടുക. യാതൊരു മസാലയും ആവശ്യമില്ലാത്ത ഈ വിഭവം വയറിനും നല്ലതാണ്.

 

 നെല്ലിക്കാ മീൻകറി

 

വലിയ മത്തിയാണു നെല്ലിക്കാ മീൻകറിക്കാവശ്യം. മീൻ രണ്ടു കഷണമാക്കുക. പച്ചനെല്ലിക്ക മുറിച്ചു വെയിലത്ത് വച്ച് ഉണക്കി വറുത്ത് പൊടിച്ചെടുക്കണം. പച്ചമുളക്, ഇഞ്ചി, വലിയ ഉള്ളി എന്നിവയോടൊപ്പം മീൻ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. കുറച്ച് പുളികൂടി ചേർക്കണം. മല്ലിപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവ ഉണക്കനെല്ലിക്ക വറുത്തു പൊടിച്ചതിനോടു ചേർത്തു വറുത്തു ചേർക്കുക. ഒരുദിവസം കഴിയുമ്പോഴേക്കും രുചി കൂടും.

 

Content Summary: Writer C V Balakrishnan Talks About His Favorite Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com