രസമുകുളങ്ങളിൽ വെള്ളമൂറിക്കുന്ന 56 കടകൾ; കൊച്ചിയിൽ എവിടെ വരും ‘ഛപ്പൻ ദൂഖാൻ’?
ഛപ്പൻ ദൂഖാൻ മാതൃകയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫുഡ് സ്ട്രീറ്റ് കൊച്ചിയിൽ ആരംഭിക്കുമെന്നാണു ബജറ്റ് പ്രഖ്യാപനം. കോർപറേഷൻ ടൗൺ പ്ലാനിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുയോജ്യമായ തെരുവ് കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ശേഷമാണു ഫുഡ് സ്ട്രീറ്റ് ആരംഭിക്കുക..Chappan Dukan
ഛപ്പൻ ദൂഖാൻ മാതൃകയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫുഡ് സ്ട്രീറ്റ് കൊച്ചിയിൽ ആരംഭിക്കുമെന്നാണു ബജറ്റ് പ്രഖ്യാപനം. കോർപറേഷൻ ടൗൺ പ്ലാനിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുയോജ്യമായ തെരുവ് കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ശേഷമാണു ഫുഡ് സ്ട്രീറ്റ് ആരംഭിക്കുക..Chappan Dukan
ഛപ്പൻ ദൂഖാൻ മാതൃകയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫുഡ് സ്ട്രീറ്റ് കൊച്ചിയിൽ ആരംഭിക്കുമെന്നാണു ബജറ്റ് പ്രഖ്യാപനം. കോർപറേഷൻ ടൗൺ പ്ലാനിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുയോജ്യമായ തെരുവ് കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ശേഷമാണു ഫുഡ് സ്ട്രീറ്റ് ആരംഭിക്കുക..Chappan Dukan
കൊച്ചി ∙ അറുപതുകാരൻ വിജയ് സിങ് റാത്തോഡ് ഇന്നു ലോക പ്രശസ്തനാണ്. ഇൻഡോറിലെ ‘ജോണി ഹോട്ട്ഡോഗ്’ എന്ന ചെറിയ കടയാണു വിജയ് സിങ് റാത്തോഡിനെ ലോകമറിയുന്നയാളാക്കിയത്. ഇൻഡോറിലെ ‘ഛപ്പൻ ദൂഖാനിലെ’ കടകളിൽ ഒന്നു മാത്രമാണു ജോണി ഹോട്ട്ഡോഗ്. വിജയ് പ്രശസ്തിയിലെത്തും മുൻപു തന്നെ പേരു കേട്ടതാണു ‘ഛപ്പൻ ദൂഖാൻ’. ഹിന്ദിയിൽ ‘ഛപ്പൻ’ എന്നാൽ 56. ആ കണക്കു തന്നെയാണു ഛപ്പൻ ദൂഖാനിലെ കടകളുടെ എണ്ണവും. 120 ചതുരശ്രയടിയിലുളള 56 കടകൾ. നാവിലെ രുചിയുടെ രസമുകുളങ്ങളിൽ വെള്ളമൂറിക്കുന്ന 56 കടകൾ. തെരുവോര ഭക്ഷണങ്ങൾക്ക് ഇൻഡോറിലെ ‘ഛപ്പൻ ദൂഖാൻ’ കഴിഞ്ഞേ ഇന്ത്യയിൽ മറ്റൊരിടമുള്ളൂ. ഭക്ഷണത്തിലെ രുചി വൈവിധ്യം മാത്രമല്ല അതിന്റെ മനോഹാരിത; അവിടുത്തെ വൃത്തിയും കൂടിയാണ്.
കൊച്ചി കോർപറേഷൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റാണു ഛപ്പൻ ദൂഖാനെ കുറിച്ച് ഓർമിപ്പിച്ചത്. ഛപ്പൻ ദൂഖാൻ മാതൃകയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫുഡ് സ്ട്രീറ്റ് കൊച്ചിയിൽ ആരംഭിക്കുമെന്നാണു ബജറ്റ് പ്രഖ്യാപനം. കോർപറേഷൻ ടൗൺ പ്ലാനിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുയോജ്യമായ തെരുവ് കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ശേഷമാണു ഫുഡ് സ്ട്രീറ്റ് ആരംഭിക്കുക. ഇതിനു വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ടിന്റെ സാങ്കേതിക സഹായവും കോർപറേഷൻ ലഭ്യമാക്കും. പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയാണു ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കൊച്ചിയിൽ എവിടെയാകും ഈ ‘ഛപ്പൻ ദൂഖാൻ’ വരുക എന്നു ചിന്തിക്കുന്നതിനു മുൻപ് ഇൻഡോറിലെ യഥാർഥ ‘ഛപ്പൻ ദൂഖാനെ’ കുറിച്ച് അറിയണം. ഭക്ഷണപ്രിയരെല്ലാം സായാഹ്നങ്ങളിൽ ഒരുമിക്കുന്ന, രുചിയുടെ സംഗമ കേന്ദ്രങ്ങൾ പല നാടുകളിലും കണ്ടേക്കാം. പക്ഷേ, ഛപ്പൻ ദൂഖാൻ ഒന്നു മാത്രമേയുണ്ടാകൂ. ഛപ്പൻ സൃഷ്ടിച്ച രുചിയുടെയും വൃത്തിയുടെയും സംസ്കാരം ഇൻഡോറിനു മാത്രം സ്വന്തമായിട്ടുള്ളതാണ്. ഛപ്പനിലെ രുചിയറിഞ്ഞു മടങ്ങിയവർ വീണ്ടും വീണ്ടും അവിടേക്ക് എത്തുന്നതും അതുകൊണ്ടാണ്.
രുചിയൊഴുകുന്ന 'ഛപ്പൻ’ കഥകൾ
എട്ടാം വയസ്സിൽ ഇൻഡോറിലെ ഗവ. എൻജിനീയറിങ് കോളജിലെ കന്റീൻ ബോയ് ആയിരുന്നു തുടക്കത്തിൽ പറഞ്ഞ വിജയ് സിങ് റാത്തോഡ്. പതിനൊന്നാം വയസ്സിൽ അമ്മ നൽകിയ കുറച്ചു പൈസ കൊണ്ടു വിജയ് ഛപ്പൻ ദുഖാനിൽ ഒരു കട തുടങ്ങി. എല്ലാവരും കടകൾക്കു വീട്ടു പേരോ, കുടുംബ പേരോ ഇട്ടിരുന്ന കാലത്ത് വിജയ് തന്റെ കടയ്ക്ക് ഇട്ട പേര് ‘ജോണി ഹോട്ട്ഡോഗ്’. ഹോട്ട്ഡോഗിന്റെ രുചിയെന്താണെന്നു വിജയ്ക്ക് അറിയാത്ത കാലത്താണത്. ഛപ്പനിലെ മറ്റൊരു കടയിലും കിട്ടാത്തൊരു വറൈറ്റി രുചി വേണമെന്നായിരുന്നു വിജയ് കരുതിയിരുന്നത്. ഉരുളക്കിഴങ്ങ് വച്ച് അമ്മയുണ്ടാക്കാറുള്ള ഒരു വിഭവത്തിൽ ബ്രെഡ് കൂടി ചേർത്തു വച്ചു വിജയ് വെജിറ്റബിൾ ഹോട്ട്ഡോഗ് തയാറാക്കി. സംഗതി ഹിറ്റായി. പിന്നീട് മുട്ട, മട്ടൻ, ചിക്കൻ എന്നിവയും ചേർത്തും ഹോട്ട്ഡോഗ് തയാറാക്കി. എല്ലാം ചൂടപ്പം പോലെ വിറ്റു പോയതോടെ ജോണി ഹോട്ട്ഡോഗ് പ്രശസ്തമായി.
2019ൽ ഇന്ത്യയിൽ കൂടുതൽ ഓർഡറുകൾ ലഭിക്കുന്ന 10 റസ്റ്ററന്റുകളിൽ ഒന്നായി യൂബർ ഈറ്റ്സ് തിരഞ്ഞെടുത്തത് ജോണി ഹോട്ട്ഡോഗിനെയാണ്. 6 മാസത്തിൽ 7 ലക്ഷം ഹോട്ട്ഡോഗുകളാണ് ജോണി ഹോട്ട്ഡോഗ് ഓൺലൈൻ ഡെലിവറി നടത്തിയത്. അതിനു യൂബർ ഈറ്റ്സിന്റെ അംഗീകാരവും വിജയ് സിങ് റാത്തോഡിനെ തേടിയെത്തി. ഫോബ്സ് മാഗസിനിൽ വരെ ഈ വിജയകഥ പാട്ടായി. ഇന്ന് യൂബർ ഈറ്റ്സിൽ മാത്രം പ്രതിദിനം ഓർഡർ ചെയ്യുന്നത് 4000 ഹോട്ട്ഡോഗ്. പ്രതിവർഷ വിറ്റുവരവ് 3 കോടി രൂപ. 120 ചതുരശ്രയടി വലിപ്പമുള്ള ഒരു കടയിൽ നിന്നാണ് ഈ വിജയക്കുതിപ്പ് എന്ന് അറിയുമ്പോൾ മാത്രമേ ഛപ്പൻ ദുഖാന്റെ പ്രസക്തി നമുക്കു മനസ്സിലാകൂ. ഇങ്ങനെ ഛപ്പൻ ദുഖാനിലെ 56 കടകൾക്കും പറയാനുണ്ടാകും ഓരോ കഥകൾ. മിക്കവാറും എല്ലാ ദിവസങ്ങളിലും സായാഹ്നങ്ങളിൽ ഛപ്പൻ ദുഖാനിലെത്താതെ വീടുകളിലേക്കു മടങ്ങാത്ത ഇൻഡോറുകാർ ഒട്ടേറെ. അവർക്കും ഛപ്പൻ അത്രയേറെ പ്രിയപ്പെട്ട വികാരമാണ്. ഛപ്പൻ ദുഖാനിൽ 56 കട മുറികൾ ഉണ്ടെങ്കിലും ഇപ്പോൾ എല്ലാം വ്യത്യസ്ത കടകളല്ല. ചിലർ രണ്ടോ മൂന്നോ കടമുറികൾ ഒരുമിച്ചു ചേർത്ത് ഒന്നായാണു ഉപയോഗിക്കുന്നത്. എങ്കിലും ഭൂരിഭാഗം പേർക്കും 120 ചതുരശ്രയടിയുടെ ഒറ്റ കടമുറി മാത്രമേയുള്ളൂ.
പോഹ മുതൽ പുക വരെ
മധ്യപ്രദേശിലെ മാൽവ ഭാഗത്ത് സർവവ്യാപിയായ പ്രഭാത ഭക്ഷണമാണു പോഹ– ജിലേബി. അവൽ ഉപയോഗിച്ചുണ്ടാക്കുന്ന ഉപ്പുമാവ് പോലുള്ള ഒരു പ്രഭാത ഭക്ഷണമാണു പോഹ. ഇൻഡോർ, ഉജ്ജയിൻ ഭാഗത്തുള്ളവർക്ക് ഒഴിച്ചു കൂടാനാവാത്തത്. രാവിലെ ആറിനു പോഹയിലാണു ഛപ്പൻ ദുഖാന്റെ രുചിപ്പെരുമയുടെ തുടക്കം. കൂടെ ജിലേബി ഇല്ലെങ്കിൽ പോഹ പൂർണമാകില്ല. പല തരത്തിലുള്ള ലഘു ഭക്ഷണങ്ങൾ, ചാട്ട് മസാല, മധുര പലഹാരങ്ങൾ, ഹോട്ട്ഡോഗ്, മോമോസ് തുടങ്ങി ഛപ്പൻ ദുഖാനിൽ രുചിക്കൂട്ടുകൾ ഒട്ടേറെ. ഇൻഡോറിലെ ഏറ്റവും മികച്ച മധുര പലഹാര നിർമാതാക്കളായ അഗർവാൾ സ്വീറ്റ്സ്, മധുരം സ്വീറ്റ്സ്, ഗംഗൗർ സ്വീറ്റ്സ് എന്നിവയ്ക്കു ഛപ്പൻ ദുഖാനിൽ ഔട്ട്‌ലെറ്റുകളുണ്ട്. മധുരം സ്വീറ്റ്സിൽ കിട്ടുന്ന പാൽ ഷികഞ്ചിയും പേരു കേട്ടതാണ്.
വിജയ് ചാട്ട് ഹൗസിൽ ചെന്നാൽ കൊതിയൂറുന്ന ചാട്ട് മസാലകൾ വയറിൽ മാത്രമല്ല, മനസ്സിലും ചേക്കേറും. ഇൻഡോറുകാരുടെ പ്രിയപ്പെട്ട ‘കൊപ്ര പറ്റിസ്’ അതിൽ ഒന്നാണ്. ഉരുളക്കിഴങ്ങും തേങ്ങയും ചേർന്ന ഉഗ്രൻ ചാട്ടാണു ‘കൊപ്ര പറ്റിസ്’. ഉരുളക്കിഴങ്ങ് കുഴച്ചെടുത്ത് അതിനുള്ളിൽ തേങ്ങയുടെയും കൊപ്രയുടെയും ചെറു കഷ്ണങ്ങൾ വച്ച് ഉരുട്ടിയെടുക്കും. അത് എണ്ണയിൽ വറുത്തെടുത്ത കൊപ്ര പറ്റിസിനു മുകളിൽ മുകളിൽ മസാലയും പുതിയിന ചമ്മന്തിയും ഒഴിച്ചാൽ കൊതി നാവിൻ തുമ്പത്തു വന്നു നിൽക്കും.
സാംസ് മോമോസിലെ തണ്ടൂരി മോമോസ്, നഫീസ് ബേക്കറിയിലെ ചോക്കോബ്ലാസ്റ്റ് സാൻഡ്‌വിച്ച്, അറബിക് ചീസ് മസാല റോൾ, ഡബിൾ എഗ്ഗ് വെജ് റോൾസ്, ജോണി ഹോട്ട്ഡോഗിലെ എഗ് ബോൻജോ... ഇങ്ങനെ ഛപ്പനിലെ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുകൾ ഒട്ടേറെ. പത്തോളം വ്യത്യസ്ത ഫ്ലേവറുകളിലുള്ള പാനി പൂരി കഴിച്ചതിന്റെ രുചിയും വായിൽ കപ്പലോടിക്കും.
ഛപ്പൻ ദൂഖാനിലെ പാൻ മസാല കടയിൽ നിന്നാണു വ്യത്യസ്തമായ പാൻ മസാല രുചികളും നാവിലെത്തിയത്. സ്മോക്ക് പാൻ, ഐസ് പാൻ, ഫയർ പാൻ, ചോക്ലേറ്റ് പാൻ തുടങ്ങിയ രസകരവും രുചികരവുമായ പാനുകൾ ഇവിടെ കിട്ടും. ‘സ്മോക്ക് പാൻ’ കഴിച്ചാൽ പിന്നീട് വായിലൂടെയും മൂക്കിലൂടെയും കുറച്ചു നേരത്തേക്ക് പുക മാത്രം. വെറ്റിലയിൽ തീ കത്തിച്ചു വച്ച ശേഷമാണു ‘ഫയർ പാൻ’ വായിലേക്ക് ഇടുക.
രുചി മാത്രമല്ല, വൃത്തിയും
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ക്ലിൻ സ്ട്രീറ്റ് ഫുഡ് ഹബ് എന്ന സർട്ടിഫിക്കേഷൻ ലഭിച്ച തെരുവോര ഭക്ഷണ വിൽപന ശാലയാണ് ഛപ്പൻ ദുഖാൻ. രാജ്യത്ത് ആകെ 28 തെരുവോര ഭക്ഷണ ശാലകൾക്കാണ് ഈ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. അതിൽ ഒന്നു പോലും കേരളത്തിലില്ല. ഗുജറാത്ത് (17), മഹാരാഷ്ട്ര (5), മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, ചണ്ഡിഗഡ്, ഛത്തിസ്ഗഡ്, ഒഡീഷ (1) എന്നീ സംസ്ഥാനങ്ങളിലാണു നിലവിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബുകളുള്ളത്. തമിഴ്നാട്ടിലെ കുറ്റ്രാലത്തെ സ്ട്രീറ്റ് ഫുഡിനാണ് ഈ അംഗീകാരം കിട്ടിയിട്ടുള്ളത്. വഴിയോര ഭക്ഷണശാലകൾക്കു കേരളത്തിൽ പ്രചാരം ലഭിച്ചു വരുന്നതേയുള്ളൂ. അതുകൊണ്ടാകാം സംസ്ഥാനത്തു നിന്നുള്ള കടകളൊന്നും എഫ്എസ്എസ്എഐ പട്ടികയിൽ ഉൾപ്പെടാതിരുന്നത്.
വഴിയോര ഭക്ഷണത്തിന് ആരോഗ്യം, ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പാക്കാനാണ് എഫ്എസ്എസ്എഐ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് സർട്ടിഫിക്കേഷൻ ഏർപ്പെടുത്തിയത്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലുമുള്ള ഫുഡ് കോർട്ടുകൾക്കു തുല്യമായ നിലവാരത്തിലേക്കു വഴിയോര ഭക്ഷണശാലകളെയും ഉയർത്തുകയാണു ലക്ഷ്യം. വഴിയോര കച്ചവടക്കാരുടെ സാമൂഹികമായ ഉന്നമനവും ഇതുവഴി ലക്ഷ്യമിടുന്നു. വൃത്തിയും ആരോഗ്യകരവുമായ ഭക്ഷണം നൽകുന്നുവെന്ന് ഉറപ്പായാൽ കഴിക്കാൻ കൂടുതൽ ആളുകളെത്തും. അതുവഴി തെരുവോര ഭക്ഷണക്കടകൾ ലോക ബ്രാൻഡുകളാകും. ഛപ്പൻ ദുഖാനിലെ ജോണി ഹോട്ട്ഡോഗ് ലോക പ്രശസ്തമായ പോലെ. ഛപ്പൻ ദൂഖാൻ തുടങ്ങിയിട്ടു വർഷം കുറെയായെങ്കിലും 2020ൽ ഇതു നവീകരിച്ചപ്പോഴാണ് ഇപ്പോഴുള്ള മുഖം ഈ സ്ട്രീറ്റ് ഫുഡ് ഹബ്ബിനു കിട്ടിയത്. വൃത്തിയുടെ കാര്യത്തിൽ രാജ്യത്ത് ഒന്നാമതുള്ള ഇൻഡോറിന്റെ ശുചിത്വ പരിപാലനം എന്താണെന്നതു മനസ്സിലാക്കാൻ ഛപ്പൻ കണ്ടാൽ മാത്രം മതി.
കൊച്ചിയിലെ സ്ട്രീറ്റ് ഫുഡ്?
ഭക്ഷണ പ്രിയരുടെ നാടാണു കൊച്ചിയും. സായാഹ്നങ്ങളിൽ പ്രിയപ്പെട്ട ഭക്ഷണം തേടി കുടുംബമായും സുഹൃത്തുക്കൾക്കൊപ്പവും ചുറ്റിക്കറങ്ങാത്തവർ നഗരത്തിൽ വിരളമായിരിക്കും. പഴയകാല ഭക്ഷണകേന്ദ്രങ്ങൾക്കൊപ്പം ഒട്ടേറെ പുതിയ ഭക്ഷണ ഇടങ്ങളും ഇപ്പോൾ കൊച്ചിയിൽ കണ്ടെത്താനാകും. ഇതിൽ ഏതായിരിക്കും കൊച്ചിയുടെ ഫുഡ് സ്ട്രീറ്റായി മാറുകയെന്ന് ഇപ്പോൾ പറയാൻ വയ്യ. ടൗൺ പ്ലാനിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉചിതമായ സ്ഥലം കണ്ടെത്തിയ ശേഷമായിരിക്കും അതിനെ കുറിച്ചുള്ള ആലോചനകൾ. ഒരു പക്ഷേ നിലവിൽ വഴിയോര ഭക്ഷണശാലകളില്ലാത്ത ഒരു ഇടം പുതുതായി സ്ട്രീറ്റ് ഫുഡ് കേന്ദ്രമായി വന്നു കൂടായ്കയുമില്ല.
കൊച്ചി കോർപറേഷൻ വഴിയോര കച്ചവട പരിപാലനത്തിനു നിയമാവലി തയാറാക്കിയിട്ടുണ്ട്. അതനുസരിച്ചു വഴിയോര കച്ചവടം അനുവദിക്കാവുന്ന പ്രത്യേക സോണുകളെയും കണ്ടെത്തിയിട്ടുണ്ട്. ഈ സോണുകളിൽ മാത്രമേ വഴിയോര കച്ചവടം അനുവദിക്കാനാകൂ. ഒരു പ്രത്യേക കേന്ദ്രം കണ്ടെത്തി അതു സ്ട്രീറ്റ് ഫുഡ് സോണാക്കി വികസിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. കൊച്ചി നഗരത്തിൽ സ്ട്രീറ്റ് ഫുഡ് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടയിടമാണ് ഇപ്പോൾ സ്റ്റേഡിയം ലിങ്ക് റോഡ്. ഉത്തരേന്ത്യൻ, ചൈനീസ് ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടെ വിൽക്കുന്ന ഒട്ടേറെ വഴിയോര കടകൾ ഇപ്പോൾ സ്റ്റേഡിയം ലിങ്ക് റോഡിലുണ്ട്. വൈവിധ്യമേറിയ ജ്യൂസുകളും ഇവിടെ കിട്ടും. സ്റ്റേഡിയത്തിനോടു ചേർന്നുള്ള ലിങ്ക് റോഡ് ഭാഗത്തു വൈകുന്നേരങ്ങളിൽ വലിയ തിരക്കു തന്നെ ഇപ്പോഴുണ്ട്. മറൈൻ ഡ്രൈവ് ക്വീൻസ് വോക്‌വേ, ഇടപ്പള്ളി എന്നിവിടങ്ങളിലും ധാരാളം സ്ട്രീറ്റ് ഫുഡ് വിൽപന കടകൾ ഇപ്പോൾ സായാഹ്നങ്ങളിൽ സജീവമാകുന്നു. ഫോർട്ട്കൊച്ചി പ്രിൻസസ് സ്ട്രീറ്റ് ജംക്‌ഷനിലും ഡെൽറ്റ സ്കൂൾ റോഡിലും വഴിയോര ഭക്ഷണ ശാലകൾ സജീവമാണ്.
English Summary: Kochi Corporation Plans Chappan Dukan Model in City; What is its Speciality?