നഷ്ടപ്പെട്ട പഴ്സും ജോർജിയൻ അമ്മൂമ്മയോടൊപ്പമുള്ള അത്താഴവും: അനുഭവക്കുറിപ്പ്
കേട്ടറിഞ്ഞ വിഭവങ്ങൾ തേടിയുള്ള യാത്രകൾ സമ്മാനിക്കുന്നത് ജീവിതത്തിൽ മറക്കാനാവാത്ത അപൂർവ രുചിക്കൂട്ടുകളായിരിക്കും. പുതുദേശവും പുതു രുചിയും ജീവിതാനുഭവ ആൽബത്തിൽ നിറം മങ്ങാതെ എക്കാലവും തെളിഞ്ഞു നിൽക്കും. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് രുചിക്കഥയിൽ കുവൈത്തിൽ ജോലി ചെയ്യുന്ന ജസ്റ്റിൻ ഇല്ലമ്പള്ളീൽ.

കുറെ മാസങ്ങൾ അവധിയെടുക്കാതെ ജോലി ചെയ്തതിന്റെ ക്ഷീണവും മടുപ്പുമൊക്കെ മാറാനും കുറച്ചു ശുദ്ധവായു ശ്വസിച്ച് അലസമായി ഒരാഴ്ച ചെലവിടാനുമാണ് കുവൈത്തിൽനിന്നു ഞാൻ ഒക്ടോബർ അവസാനം ജോർജിയയിലെത്തിയത്. ഒറ്റ വാക്കിൽ പറഞ്ഞാൽ കിഴക്കൻ യൂറോപ്പിന്റെ സകലമാന ദൃശ്യഭംഗിയും ചേർന്ന അതിമനോഹരമായ രാജ്യം ! ഒറ്റയ്ക്കുള്ള യാത്രകളിൽ എപ്പോഴും മുൻതൂക്കം നൽകേണ്ടത് ചെലവിനും സുരക്ഷയ്ക്കുമായതിനാൽ ജോർജിയ തന്നെ തിരഞ്ഞെടുത്തു.
ഒരു ഡോർമെറ്ററിയിലാണ് താമസസൗകര്യം കണ്ടെത്തിയത്. അവിടെ ബ്രേക്‌ഫാസ്റ്റ് സൗജന്യമാകയാൽ രാവിലത്തെ കാര്യം കുശാലാണ്. പുഴുങ്ങിയ സോസേജ്, മുട്ട, പച്ചക്കറികൾ, ബ്രെഡ്, ജാം (അവർ തന്നെ ഉണ്ടാക്കിയത്), പിന്നെ കാപ്പിയും കഴിച്ചുകഴിഞ്ഞാൽ അന്നത്തെ കറക്കം തുടങ്ങുകയായി.
നേരെ നാലും കൂടിയ കവലയിൽ ചെന്നുനിന്ന് എങ്ങോട്ടു പോണം എന്ന് ചിന്തിക്കും. എങ്ങോട്ടു വേണമെങ്കിലും പോകാം എപ്പോൾ വേണമെങ്കിലും വരാം. തോന്നുന്ന വഴിക്കു യാത്ര ചെയ്തു കാണുന്ന കാഴ്ചകളെല്ലാം മതിമറന്നു നോക്കിനിന്ന് തീർത്തും അലസമായ ദിനം അവസാനിപ്പിക്കും. ജോർജിയയിൽ വെള്ളത്തിനേക്കാൾ അധികമാണ് വൈൻ എന്ന് തോന്നാറുണ്ട്. വളരെച്ചുരുങ്ങിയ വിലയ്ക്ക് വൈൻ ലഭ്യമാണെന്നറിഞ്ഞതോടെ ഞാൻ രാവിലെയും ഉച്ചയ്ക്കും രാത്രിയിലും വൈൻ പതിവാക്കി.
ഖിൻകാലി (Khinkali) എന്നറിയപ്പെടുന്ന, കൊഴുക്കട്ടയ്ക്കകത്തു ചിക്കൻ നിറച്ച ജോർജിയയുടെ തനത് പലഹാരം, പോർക്ക് എല്ലോടുകൂടി ഗ്രിൽ ചെയ്‌തത് തുടങ്ങി ധാരാളം ചീസും മറ്റും ചേർത്ത അത്യന്തം സ്വാദിഷ്ഠമായ വിഭവങ്ങൾ വൈനിനോടൊപ്പം അകത്താക്കുന്നത് വല്ലാത്തൊരു അനുഭവമാണ്. മെട്രോ സ്റ്റേഷന്റെ അടുത്തായിരുന്നു താമസം. അങ്ങനെ യാത്രകൾ മുഴുവൻ മെട്രോയിലായിരുന്നു.
ഒരു ദിവസം ചുറ്റിത്തിരിഞ്ഞു വരുന്ന വഴി എന്റെ പഴ്‌സ് നഷ്ടമായി. അവിടുത്തെ മെട്രോ സ്റ്റേഷനിലുള്ള ഭൂഗർഭ എസ്കലേറ്റർ കാണേണ്ട കാഴ്ചയാണ്. സോവിയറ്റ് കാലം മുതൽ പ്രവർത്തിക്കുന്ന ഇവ ശരവേഗത്തിൽ സുമാർ മുക്കാൽ കിലോമീറ്റർ ഭൂമിക്കടിയിലേക്ക് പോകുന്നതുപോലെയാണ് സ്റേഷനിലേക്കിറങ്ങുന്നത്. അങ്ങനെ അന്നത്തെ കറക്കവും കാഴ്ച കാണലുമെല്ലാം കഴിഞ്ഞു തിരിച്ചു മുകളിലെത്തി കാർഡ് പഞ്ചു ചെയ്തു പുറത്തിറങ്ങിയ ഞാൻ ചുമ്മാ പോക്കറ്റ് തപ്പിനോക്കിയപ്പോളാണ് പഴ്‌സ് നഷ്ടപ്പെട്ടത് മനസ്സിലാക്കിയത്.
ആ നിമിഷം ഞാൻ ഭൂഗർഭ എസ്കലേറ്ററും അന്ന് താണ്ടിയ സകല ദൂരവുമോർത്തു തലയിൽ കൈവച്ചു. ഒരു പ്രതീക്ഷയുമില്ലാതെ ചുമ്മാ ഒന്ന് തിരഞ്ഞു നോക്കാം എന്നു കരുതി സ്‌റ്റേഷന്റെ അകത്തു കയറിയപ്പോൾ കണ്ടത് എന്റെ പഴ്സും പൊക്കിപ്പിടിച്ച് എനിക്കു നേരെ വരുന്ന ഒരു അമ്മൂമ്മയെയാണ്.
മെട്രോ കാർഡ് എടുത്തപ്പോൾ പഴ്‌സ് വീണതാവുമെന്നും സൂക്ഷിക്കേണ്ടേ എന്നുമൊക്കെ ജോർജിയൻ ഭാഷയിൽ അമ്മൂമ്മ എന്ന ഉപദേശിച്ചു. ഹൃദയത്തിൽനിന്ന് കേൾക്കുമ്പോൾ ഭാഷ ഒരു തടസ്സമല്ലല്ലോ. കൃതജ്ഞതയുടെ ഭാരത്താൽ നിറഞ്ഞ കണ്ണുകളോടെ ഞാൻ അവരെ കെട്ടിപ്പിടിച്ചു. ഒരുപാട് നിർബന്ധിച്ചതിനുശേഷം എന്റെ കൂടെ അത്താഴം കഴിക്കാൻ അവർ സമ്മതിച്ചു.
വൈനും ബ്രെഡും കൂടെ വെളുത്തുള്ളി അരച്ചുചേർത്ത ചിക്കനും... ഒരിക്കലും മറക്കാത്ത അത്താഴം !
ഇൗ വരികൾ കുറിക്കുമ്പോഴും ആ അമ്മൂമ്മയുടെ മുഖം തെളിഞ്ഞു വരുന്നു. ജോർജിയൻ ഭക്ഷണത്തിന്റെ രുചി മാത്രമല്ല ഭൂമിയിൽ കരുണയും സ്‌നേഹവും വറ്റാൻ സമ്മതിക്കാത്ത മനുഷ്യരിൽ ഒരാളെ കാണാനും ഒരുമിച്ചു അത്താഴം കഴിക്കാനും സാധിച്ചത് വിലമതിക്കാനാവാത്ത അനുഭവമല്ലേ?
പ്രിയ വായനക്കാരേ, ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും
Content Summary : Manorama Online Pachakam Ruchikadha Series - Justin Illampallil Memoir