വൻകര കവിഞ്ഞൊഴുകുന്ന മുന്തിരിച്ചാറ്
സോളമന് ബാൽഹമോണിൽ ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. അവനത് പാട്ടത്തിന് കൊടുത്തു. ഓരോരുത്തരും ആയിരം വെള്ളിനാണയങ്ങൾ പാട്ടം കൊടുക്കേണ്ടിയിരുന്നു. എന്റെ മുന്തിരിത്തോട്ടമാകട്ടെ എന്റേതു മാത്രമാണ്. (ഉത്തമഗീതം, 7:11-13, ഗാനം ആറ്) തലച്ചോറിലെ ഫ്രണ്ടൽ ലോബിനെ തൽക്കാലത്തേക്ക് തളർത്തി,
സോളമന് ബാൽഹമോണിൽ ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. അവനത് പാട്ടത്തിന് കൊടുത്തു. ഓരോരുത്തരും ആയിരം വെള്ളിനാണയങ്ങൾ പാട്ടം കൊടുക്കേണ്ടിയിരുന്നു. എന്റെ മുന്തിരിത്തോട്ടമാകട്ടെ എന്റേതു മാത്രമാണ്. (ഉത്തമഗീതം, 7:11-13, ഗാനം ആറ്) തലച്ചോറിലെ ഫ്രണ്ടൽ ലോബിനെ തൽക്കാലത്തേക്ക് തളർത്തി,
സോളമന് ബാൽഹമോണിൽ ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. അവനത് പാട്ടത്തിന് കൊടുത്തു. ഓരോരുത്തരും ആയിരം വെള്ളിനാണയങ്ങൾ പാട്ടം കൊടുക്കേണ്ടിയിരുന്നു. എന്റെ മുന്തിരിത്തോട്ടമാകട്ടെ എന്റേതു മാത്രമാണ്. (ഉത്തമഗീതം, 7:11-13, ഗാനം ആറ്) തലച്ചോറിലെ ഫ്രണ്ടൽ ലോബിനെ തൽക്കാലത്തേക്ക് തളർത്തി,
സോളമന് ബാൽഹമോണിൽ ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.
അവനത് പാട്ടത്തിന് കൊടുത്തു. ഓരോരുത്തരും ആയിരം
വെള്ളിനാണയങ്ങൾ പാട്ടം കൊടുക്കേണ്ടിയിരുന്നു.
എന്റെ മുന്തിരിത്തോട്ടമാകട്ടെ എന്റേതു മാത്രമാണ്.
(ഉത്തമഗീതം, 7:11-13, ഗാനം ആറ്)
തലച്ചോറിലെ ഫ്രണ്ടൽ ലോബിനെ തൽക്കാലത്തേക്ക് തളർത്തി, ന്യൂറോണുകൾക്കിടയിലെ കെമിക്കൽ സിഗ്നലുകളെ തടഞ്ഞ്, ബഹളമുണ്ടാക്കുന്ന ബോധമനസ്സിനെ ശാന്തമാക്കി തെളിമ കൊണ്ടു വരികയാണ് മദ്യത്തിന്റെ ധർമം. ശൂന്യമായ ഇടത്തേക്ക് സന്തോഷം കയറി വരും, ചിലപ്പോൾ ദുഃഖവും. സഭാകമ്പമൊഴിഞ്ഞ് കലയും പ്രണയവും സാഹിത്യവും വിടർന്നു വരും.
മദ്യശ്രേണിയിൽ കുലീനസ്ഥാനം അലങ്കരിക്കുന്ന വീഞ്ഞിന്റെ ചരിതം മെഡിറ്ററേനിയൻ- യൂറോപ്യൻ ചരിത്രവുമായി ഇടകലർന്നു കിടക്കുന്നു. പരശതം വർഷങ്ങൾക്കു മുമ്പേ മുന്തിരി ഇവിടെയുണ്ട്. വൈൻ എന്നാൽ മുന്തിരി വള്ളിയുമാണ്. പിന്നീട് ഈ കാട്ടുചെടിയെ മനുഷ്യൻ നാട്ടിൽ നട്ടു വളർത്താൻ തുടങ്ങി. കണ്ടിടത്തെല്ലാം പടർന്നു കയറിയിരുന്ന വള്ളിച്ചെടിയെ നിശ്ചിത രീതികളിൽ പടർത്തി. ഫിനീഷ്യർ, സുമേറിയക്കാർ, അസീറിയക്കാർ, ഗ്രീക്കുകാർ, കാനാൻ ദേശക്കാർ, റോമാക്കാർ- വീഞ്ഞിന്റെ ലഹരി അറിഞ്ഞവർ അതിനെ ജീവിതാസ്വാദനത്തിന്റെ ഭാഗമാക്കി.
എണ്ണായിരം വർഷം മുമ്പ് കിഴക്കൻ യൂറോപ്പിലെ തെക്കൻ കോക്കസസ് മേഖലയാണ് വീഞ്ഞുൽപാദനത്തിന്റെ പ്രഭവകേന്ദ്രം. ശിലായുഗത്തിന്റെ അവസാന ഘട്ടമായ നിയോലിത്തിക്ക് പീരിയഡ്. ഒരു കൂട്ടം ആദിമനുഷ്യർ അലഞ്ഞുതിരിഞ്ഞു വേട്ടയാടി ജീവിക്കുന്ന രീതി (Nomadic, hunter-gatherer) വിട്ട്, കൃഷി ചെയ്ത് ഒരു സ്ഥലത്ത് സ്ഥിരമായി കഴിയാൻ തുടങ്ങിയ കാലം. കാട്ടുകനികൾ ഭക്ഷിക്കുന്നതിനു പകരം, അവർ കാട്ടു ചെടികളെ നാട്ടിൽ കൊണ്ടുവന്ന് തോട്ടമുണ്ടാക്കി പടർത്തി. തുടർന്ന് വൻതോതിൽ കൃഷി ആരംഭിച്ചു. മുന്തിരിവള്ളി അങ്ങനെ നാട്ടിൽ കയറി പടർന്നു. ഗ്രാമങ്ങളും പട്ടണങ്ങളും നിർമിച്ച് മനുഷ്യൻ നാഗരികനും പരിഷ്കാരിയുമായ യാത്രയിൽ വീഞ്ഞ് കൂടെയുണ്ടായിരുന്നു. തെക്കൻ കോക്കസസ് മേഖല ഇന്ന് പ്രധാനമായും ജോർജിയ എന്ന രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്നു. വീഞ്ഞിന്റെ ജന്മദേശം എന്ന ബഹുമതിക്ക് അർഹം. ശീതകാലത്ത് മുന്തിരിച്ചാറ് മൺഭരണിയിലാക്കി ഭൂമിക്കടിയിൽ കെട്ടിവച്ചാൽ അത് ക്രമേണ വീഞ്ഞായി മാറുമെന്ന് പൂർവികർക്ക് അറിയാമായിരുന്നു. ബഹുസഹസ്രം വൽസരങ്ങളായുള്ള ഉൽപാദനത്തിലൂടെ വീഞ്ഞ് അവരുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായി.
ബൈബിൾ പഴയ നിയമം വീഞ്ഞിന്റെ പ്രഭാവത്താൽ നിറഞ്ഞിരിക്കുന്നു. മഹാപ്രളയത്തിനു ശേഷം പെട്ടകം അരാരത്ത് പർവതത്തിൽ (ഇന്നത്തെ ടർക്കി) ഉറച്ചതിനു ശേഷം, നോഹ അവിടെ മുന്തിരി കൃഷി ചെയ്ത് ലഹരി നുകർന്ന് നൃത്തം ചെയ്തുവെന്ന് ഐതിഹ്യമുണ്ട്. ദാവീദിന്റെ കിന്നരത്തെയും സോളമന്റെ ജ്ഞാനത്തെയും വീഞ്ഞ് അനുഗമിച്ചു. യേശുവിന്റെ ആദ്യ അദ്ഭുതമായ വീഞ്ഞുനിർമാണം യാദൃച്ഛികമായിരുന്നില്ല. അവസാന അത്താഴം കഴിഞ്ഞതോടെ വീഞ്ഞിനു നിഗൂഢമായ പ്രാധാന്യം കൈവന്നു. ‘‘ഇതെന്റെ രക്തമാകുന്നു... എന്റെ ഓർമയ്ക്കായി ചെയ്യുവിൻ..’’ എന്നുച്ചരിച്ച് യേശു വിശുദ്ധ കുർബാന സ്ഥാപിച്ചെന്ന് ക്രിസ്തീയ വിശ്വാസം. ‘‘ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാകുന്നു...’’ നസ്രായന്റെ ഉപമകളിൽ ഈ ചെടി സജീവ സാന്നിധ്യം, മാനവർക്കു മനസ്സിലാകുന്ന രൂപകം.
ക്രിസ്തുവിനു മുൻപ് റോമാസാമ്രാജ്യം വീഞ്ഞിനെ സൈനിക മുന്നേറ്റത്തിന് ഉപയോഗിച്ചിരുന്നു. സൈനികർ ഒരു ദിവസം ഒന്നര ലീറ്റർ വീഞ്ഞ് കുടിക്കണമെന്ന് സൈന്യാധിപൻ ജൂലിയസ് സീസർ ഉത്തരവിട്ടു. വീടു വിട്ട സേനാനികളെ ആനന്ദവാന്മാരായി നിലനിർത്താം, യുദ്ധം തുടങ്ങുന്നതിനു മുമ്പ് ഉത്തേജക ഔഷധമായി ഉപയോഗിക്കാം (കയ്യും കാലും കുഴയരുത്!). റോമാക്കാർ പട നയിച്ചിടത്തെല്ലാം വീഞ്ഞുഭരണികൾ അനുഗമിച്ചു. കീഴടക്കിയ നാട്ടിലെല്ലാം മുന്തിരി കൃഷി ചെയ്തു, കാലാന്തരത്തിൽ യൂറോപ്പ് മേൽത്തരം വീഞ്ഞു മേഖലയായി മാറി. ക്രിസ്തുവിനു ശേഷം എഡി 313-ൽ കോൺസ്റ്റന്റിൻ ചക്രവർത്തിയുടെ രാഷ്ട്രീയ തീരുമാനം വഴി ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി. വീഞ്ഞ് മതാരാധനാ ക്രമത്തിൽ സവിശേഷമായ സ്ഥാനവും നേടി. യൂറോപ്പിൽ ക്രിസ്തുമതം വേരോടാൻ തുടങ്ങി. പക്ഷേ റോമാ സാമ്രാജ്യം തകർന്നതിനു ശേഷമുള്ള ഇരുണ്ട കാലഘട്ടത്തിൽ (എഡി 500-100) വീഞ്ഞ് ലഭ്യമായിരുന്നില്ല. ‘ബാർബേറിയൻ’ ഗോത്രങ്ങൾ പടിഞ്ഞാറൻ യൂറോപ്പിൽ അധീശത്വം സ്ഥാപിച്ചു. തുടർച്ചയായ യുദ്ധങ്ങൾ വൻകരയുടെ സമ്പത്തും സംസ്കാരവും ക്ഷയിപ്പിച്ചു, വീഞ്ഞിന്റെ പ്രഭാവം കുറഞ്ഞു.
മധ്യകാലം രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ, ഫ്രാൻസിലെ സന്യാസികൾ റോമൻ വീഞ്ഞുൽപാദന രീതിക്കു പുനർജീവൻ നൽകി. യൂറോപ്പിലെ വീഞ്ഞു നിർമാണം ഇന്നു കാണുന്ന രീതിയിലായതിന്റെ ഉത്തരവാദികൾ അവരാണ്. യേശുവിന്റെ ഓർമയോടും ബലിയുടെ അനുഷ്ഠാനത്തോടും വീഞ്ഞിനുള്ള സവിശേഷമായ ബന്ധം തുണയായി. സന്യാസികൾ മുന്തിരി കൃഷി ചെയ്തു വിളവെടുത്തു, മെതിച്ചു ചാറെടുത്ത് ഓക്ക് വീപ്പകളിൽ കെട്ടിവച്ചു, ഭൂമിക്കടിയിലെ നിലവറയിൽ ശേഖരിച്ചു. വിശദാംശങ്ങൾ രേഖപ്പെടുത്തി. അവരിൽനിന്ന് സാമാന്യജനം പഠിച്ചു, തലമുറകളിലൂടെ കൈമാറി. യൂറോപ്യൻ ജനത ചരിത്രവും സ്മാരകങ്ങളും വിലമതിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള വീഞ്ഞു നിർമാണ ശാലകളും ഗ്രാമഗൃഹങ്ങളും നിലവറകളും ഇപ്പോഴും നിലനിൽക്കുന്നു. ഇരുപതു തലമുറയായി വീഞ്ഞുണ്ടാക്കുന്ന കുടുംബങ്ങൾ അവിടെയുണ്ട്. പാരമ്പര്യം അഭിമാനമാണ്. സന്യാസികളുടെ വീഞ്ഞു നിർമാണ രേഖകൾ ഇപ്പോഴും പവിത്രമായി സൂക്ഷിക്കുന്നു.
∙വീഞ്ഞ് പ്രധാനമായും രണ്ടു തരം
മേഖലയെ അടിസ്ഥാനമാക്കി വീഞ്ഞ് പ്രധാനമായും രണ്ടു തരം– പഴയ ലോകം, പുതുലോകം. റോമാക്കാരുടെ തട്ടകമായിരുന്ന യൂറോപ്യൻ രാജ്യങ്ങളാണ് പഴയ ലോകം- ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, ജർമനി, ഫ്രാൻസ്. 1492 ൽ അറ്റ്ലാന്റിക് കുറുകെ കടന്ന് കൊളംബസ് പുതുലോകത്തേക്കു യാത്രയായി. ഇന്ത്യയെ തേടിയുള്ള യാത്ര വഴിതെറ്റി. അധിനിവേശത്തിന് അങ്ങനെ ആരംഭമായി. മുന്തിരിച്ചെടികൾ കടൽ കടന്നു. വടക്കേ അമേരിക്ക, മെക്സിക്കോ, അർജന്റീന, ചിലം, കാനഡ പ്രദേശങ്ങളിൽ വ്യാപിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ ഓസ്‌ട്രേലിയൻ കോളനികൾ രൂപം കൊണ്ടു. മുന്തിരിച്ചാറ് അവിടെയും നുരഞ്ഞു. ഒരു നൂറ്റാണ്ടിനു ശേഷം വെള്ളക്കാരൻ ആഫ്രിക്കയെ കാൽക്കീഴിലാക്കി. അനുയോജ്യമായ കാലാവസ്ഥയുള്ള തെക്കൻ മുനമ്പിൽ മുന്തിരി വിളഞ്ഞു. ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക- ഇത് പുതുലോകം.
വരത്തരായ വീഞ്ഞ് നിർമാതാക്കളെ യൂറോപ്യൻ ആഢ്യൻമാർ ആദ്യകാലത്ത് അംഗീകരിച്ചിരുന്നില്ല. 1976 ൽ ബ്രിട്ടിഷ് വൈൻ വിദഗ്ധൻ സ്റ്റീവൻ സ്പറിയർ പാരിസിൽ നടത്തിയ വിഖ്യാതമായ ബ്ലൈൻഡ് വൈൻ ടേസ്റ്റിങ്ങിനു ശേഷം പുതുലോക വീഞ്ഞു നിർമാതാക്കൾ തലയുയർത്താൻ തുടങ്ങി. അമേരിക്കൻ വീഞ്ഞു വിപണി അതോടെ ഉണർന്നു. സ്റ്റീവൻ സ്പറിയർ അവരുടെ തലതൊട്ടപ്പനായി. കലിഫോർണിയയിലെ നാപാ വാലി, റിഫ്റ്റ് വാലി, സാന്റാ ബാർബറ മേഖലകൾ ഫ്രഞ്ച്-ഇറ്റാലിയൻ-ജർമൻ വിന്റേജുകളെ മറികടന്നു. ഒപ്പം ചിലെയിലും അർജന്റീനയിലും ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും നവ നിർമാണരീതികളും വിദഗ്ധരും വിപണിയും രൂപപ്പെട്ടു. എല്ലാം ചേർന്ന് ഇപ്പോൾ 300 ബില്യൻ ഡോളറാണ് വീഞ്ഞിന്റെ ആഗോള വിപണി.
∙ ഏറ്റവും മികച്ച വീഞ്ഞ് എവിടെ നിന്ന് വരുന്നു?
നിർമിക്കുന്നവരുടെ ഹൃദയത്തിൽ നിന്ന്.
ഏറ്റവും മികച്ച ഉൽപാദകർ കലാകാരന്മാർ; ആ ജോലി അവർക്കു മാത്രം ചെയ്യാൻ കഴിയുന്നത്. എല്ലാ വർഷാന്ത്യത്തിലും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ ഗാല വൈൻ ടേസ്റ്റിങ് സംഘടിപ്പിക്കും. ഷെഫുകൾ, റസ്റ്ററന്റ് ഉടമകൾ, എഴുത്തുകാർ, വിമർശകർ- അതിഥികളിൽ വൈവിധ്യം. ഗ്ലാസുകളിൽ നുരയുന്ന ചുവപ്പ്, മഞ്ഞ, സ്വർണ നിറങ്ങൾ. ചിലതിന് 1000 ഡോളർ വില വരും.
അപൂർവ ജനുസ്സ് എന്ന പേരു നേടിയാൽ വില അതിൽ നിൽക്കില്ല. എന്തു കൊണ്ടിത്ര വില? 1500 ലധികം തരം മുന്തിരികൾ ലോകത്തുണ്ട്. വീഞ്ഞ് നുകരുമ്പോൾ പഴരുചിക്കു പിന്നാലെ നാവിൽ വരുന്ന മറ്റനേകം രസങ്ങളുണ്ട്. പൂവ്, സുഗന്ധദ്രവ്യം, മണ്ണ്. Terroir (ടെർവാ) എന്ന വാക്ക് വീഞ്ഞിൽ പ്രധാനം. ഒരു പ്രത്യേക സ്ഥലത്തെ കാലാവസ്ഥയും മണ്ണും മൂലകങ്ങളും മുന്തിരികൾക്കു നൽകുന്ന സ്വഭാവമാണത്. വീഞ്ഞു കുടിക്കുമ്പോൾ നിങ്ങൾ ചരിത്രത്തെയാണ് പാനം ചെയ്യുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിൽ പട്ടാളക്കാർ മരിച്ചുവീണ ഇടങ്ങൾ ഇപ്പോൾ വിലകൂടിയ വീഞ്ഞുമേഖല. ആ വീഞ്ഞ് ചുണ്ടോടടുപ്പിച്ച് നിങ്ങളവരുടെ രക്തം പാനം ചെയ്യുന്നു. അവരുടെ ത്യാഗവും നിശ്വാസങ്ങളും നഷ്ടസ്വപ്നങ്ങളും ആ പാനീയത്തിൽ അലിഞ്ഞിരിക്കുന്നു.
∙ബർഗൻഡി, ക്ലാസിക് ഫ്രഞ്ച് വൈൻ
സാൻ ഫ്രാൻസിസ്കോ ഗാലയുടെ ആതിഥേയ മാർട്ടിൻ സോനിയേ എന്ന ഫ്രഞ്ച്-അമേരിക്കൻ വനിത വീഞ്ഞ് ഇറക്കുമതി ചെയ്യുന്നു. ഇപ്പോൾ 80 വയസ്സ് പിന്നിട്ട മാർട്ടിൻ ഫ്രാൻസിലെ ബർഗൻഡി മേഖലയിൽനിന്ന് വ്യക്തിപരമായി അറിയാവുന്ന ഉൽപാദകരിൽനിന്നു മാത്രമേ വാങ്ങൂ. ഉന്നത ഗുണനിലവാരം നിർബന്ധം. വീഞ്ഞുണ്ടാക്കുന്ന ചില കുടുംബങ്ങളെ തലമുറകളായി മാർട്ടിന് അറിയാം. പഴയ സന്യാസിമഠങ്ങൾ ധാരാളമായി ഉണ്ടായിരുന്ന, ആ പാരമ്പര്യം ഇപ്പോഴും പാലിക്കുന്ന ക്ലാസിക് ഫ്രഞ്ച് വൈൻ റീജനാണ് ബർഗൻഡി. നാലു ഋതുക്കളിലൂടെ അവരെ പിന്തുടരാം. ബർഗൻഡിയിൽ ഒരു വർഷം. നീണ്ട കാലത്താൽ പരിവർത്തനം സംഭവിച്ച മുന്തിരിത്തോപ്പുകൾ, നിരന്തര മാറ്റത്തിനു വിധേയമായ ഭൂമി. പക്ഷേ വൈൻ ഉൽപാദനം അപ്രവചനീയം. മഴ, മഞ്ഞ്, വെയിൽ, ഫംഗസ്... സാഹചര്യം മാറിമറിയാം. കല്ല്, പാറ, ഗ്രാനൈറ്റ്, ധാതുക്കൾ- മുന്തിരിച്ചെടിയുടെ വേര് വലിച്ചെടുക്കുന്നതെന്തും വീഞ്ഞിന്റെ സത്തയുടെ ഭാഗമാകും. കലാസ്വാദകരുടെ നാവിലെ രസമുകുളങ്ങളിൽ അവ ആനന്ദനൃത്തമാടും. വസന്തത്തിൽ ശീതകാല മയക്കം കഴിഞ്ഞ് വീണ്ടും വളരാൻ തുടങ്ങുന്ന മുന്തിരിച്ചെടികളെ എല്ലാ ഉടമകളും ഒരു പോലെയല്ല പരിപാലിക്കുക. ചിലർ ആയുധങ്ങളാൽ ഇലകളെയും വള്ളികളെയും ചെത്തി മിനുക്കും. മറ്റു ചിലർക്ക് അവയെ നോവിക്കുന്നത് ഇഷ്ടമല്ല. പരിധിവിട്ട് പടരുന്നവയെ വെറും കൈകൊണ്ട് ഒതുക്കി വയ്ക്കും. ചെടികളുമായും സ്നേഹബന്ധമാകാം. അവയ്ക്ക് ഉടമയുടെ കരുതൽ മനസ്സിലാകും, നല്ല വിളവു നൽകി പ്രതികരിക്കും.
വേനലിൽ മുന്തിരി വിളയുന്നു. മഴ പെയ്യുമ്പോൾ കർഷകനു ചങ്കിടിപ്പാണ്, കാലാവസ്ഥയിലെ നേരിയ മാറ്റം പോലും നിർണായകം. മഴ തോരുമ്പോൾ സൂര്യ കിരണങ്ങൾ മുന്തിരിയെ തലോടി പാകപ്പെടുത്തും. ചൂട് കൂടിയാൽ പ്രശ്നം. കനികൾ കൂടുതൽ മൂക്കും. മഴ കൂടിയാൽ അണുബാധ ചികിത്സിക്കണം. നേരത്തേ വിളവെടുക്കണോ എന്ന സന്ദേഹം തീർക്കാൻ കനികൾക്കു ലാബ് പരിശോധന, തീരുമാനമെടുക്കാൻ സോഫ്റ്റ് വെയർ. ശരത് കാലത്ത് വിളവെടുപ്പുകാരെ തയാറാക്കുന്നു. പ്രഭാതത്തിൽ അവരെല്ലാം ഒത്തുകൂടി തോട്ടത്തിലേക്ക്. പണി തുടങ്ങുന്നതിനു മുമ്പ് ഉടമയുടെ നിർദ്ദേശം- എങ്ങനെ പറിക്കണം, ഏതാണു കേടു വന്നവ, ഏതെല്ലാം മുന്തിരിക്കുലകൾ കൂടയിൽ ഇടണം, കളയണം. ഓരോ ഘട്ടത്തിലും സൂക്ഷ്മത. ശേഷം യന്ത്രവൽകൃത ഫാക്ടറിയിലേക്ക്.
ആദ്യം മുന്തിരി ചാറാക്കുന്നു. തണുത്ത സ്റ്റീൽ ബാരലിൽ ശേഖരിക്കും, ഫെർമെന്റേഷൻ തുടങ്ങിയിട്ടുണ്ടാകും. സങ്കീർണമായ പ്രക്രിയയിലേക്കു നീങ്ങുന്നതിനു മുമ്പ് ഓക്ക് ബാരലിൽ സ്വയം ലഹരിയായി മാറാൻ വീഞ്ഞ് ശീതനിദ്ര തുടങ്ങുന്നു, രണ്ടു വർഷത്തിനു ശേഷം കുപ്പിയിൽ കയറുമ്പോൾ മൂല്യം വർധിക്കും. ചിട്ടയായ ഈ വഴിയിൽ എപ്പോഴും മേൽത്തരം പാനീയം ഉണ്ടാകണമെന്നില്ല. അനിശ്ചിതത്വത്താൽ പാകപ്പെടണം. കനിയുടെ സത്ത വെളിവാകണം. വിളവെടുപ്പു തീർന്ന് തണുപ്പുകാലം വരുമ്പോൾ തോട്ടത്തിലെ ഉണങ്ങിയ വള്ളികളും ഇലകളും കൂട്ടിയിട്ടു കത്തിച്ച് വർഷാന്ത്യം കുറിക്കുന്നു. ചാരം ചെടികൾക്കു വളമാകുന്നു. ഏപ്രിലിൽ വീണ്ടും മുകുളങ്ങൾ വരുന്നതു വരെ മുന്തിരിച്ചെടികൾ ഉറക്കത്തിലാകും. അപ്പോൾ ഭൂമി ഉർവരത വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടാകും.
ചിലിയൻ വൈൻ ആദ്യമായി രുചിച്ചപ്പോൾ കുറേ നേരത്തേക്കു പുഞ്ചിരി നിർത്താൻ പറ്റിയില്ല!
അനുബന്ധം:
1. ജോർജിയ ഇപ്പോഴും ഒന്നാംകിട വീഞ്ഞു നിർമാതാവ്. പക്ഷേ ഞാൻ അവരുടെ മുന്തിരി ബ്രാൻഡി ‘ചാച്ച’ മാത്രമാണു രുചിച്ചിട്ടുള്ളത്. ഒരേയൊരു തവണ. ഗ്രേപ് വോഡ്ക, വൈൻ വോഡ്ക എന്നെല്ലാം ഈ തെളിഞ്ഞ, വീര്യം കൂടിയ മദ്യത്തിനു പേരുണ്ട്. മെക്സിക്കോയിലെ ടെക്വില പോലെ ഇതവരുടെ നാടൻ വാറ്റ് ആണെന്നു തോന്നുന്നു. കുടിച്ചാൽ കണ്ണീന്നും മൂക്കീന്നും തീ പറപ്പിക്കുന്ന ഐറ്റം! പക്ഷേ ജോർജിയൻ വീഞ്ഞിൽ എനിക്ക് അനുഭവം കുറവാണ്. അവരുടെ സമ്പന്നമായ ലഹരി പാരമ്പര്യം ഈയിടെയാണ് അറിഞ്ഞത്. എന്റെ വഴികളിൽ ഈ വീഞ്ഞിനെ കണ്ടതേയില്ല. പടിഞ്ഞാറൻ യൂറോപ്പിലും കാനഡയിലുമുള്ള വീഞ്ഞു കടകളിലെ ഷെൽഫുകളിൽ അവ കണ്ടില്ല. ഫ്രഞ്ച്, ജർമൻ, പോർച്ചുഗീസ്, സ്പാനിഷ് ആഢ്യന്മാൻ കിഴക്കൻ യൂറോപ്പിനെ പടിക്കു പുറത്തു നിർത്താൻ ശ്രമിക്കുന്നുണ്ടോ? അതോ രാജ്യാന്തര തലത്തിൽ തങ്ങളുടെ മൂല്യം മാർക്കറ്റ് ചെയ്യാൻ ജോർജിയ മറന്നതാണോ? വടക്കേ അമേരിക്കയിലെ കോക്കസസ് കുടിയേറ്റക്കാർ ഇതിനു മാറ്റം വരുത്തണം. ജോർജിയയിൽ പോയി മധു നുകർന്ന മലയാളികൾ അതാണ് ഒന്നാംതരം എന്നു സാക്ഷ്യം നൽകുന്നു.
2. പത്തു വർഷം മുമ്പ് ഒരു തീർഥാടക സംഘത്തോടൊപ്പം ഇസ്രയേലിൽ നസ്രത്തിലെ കാനാ സന്ദർശിച്ചു. ഒരു വിവാഹ വിരുന്നിൽ വീഞ്ഞ് തീർന്നപ്പോൾ യേശു വെള്ളം വീഞ്ഞാക്കിയ സ്ഥലം. ചുണ്ണാമ്പുകല്ല് അടുക്കി പണിത ചെറിയൊരു പള്ളിയുണ്ട്. ഉള്ളിൽ പഴയ കാലത്തേതെന്ന പോലെ കൽഭരണികൾ. പക്ഷേ അവയിൽ വീഞ്ഞില്ല, പുറത്ത് വിൽപന. കാനാ വൈൻ രണ്ടു കുപ്പി വാങ്ങി നാട്ടിൽ തിരിച്ചെത്തി തീർഥജലമായി വിതരണം ചെയ്തു.
3. രണ്ടു വർഷം മുമ്പ് മകളുടെ മാമോദീസ പ്രമാണിച്ച് മാസ് വൈൻ വാങ്ങാൻ കോട്ടപ്പുറത്ത്. ലക്ഷ്യം രൂപത സ്ഥാപനം. കയ്യിൽ വികാരിയച്ചന്റെ ശുപാർശക്കത്ത്. ‘ഈ വരുന്ന ആളിന് ഒരു കുപ്പി മാസ് വൈൻ കൊടുത്തു വിടുക’ (ഒരു കുപ്പി മാത്രം!). വില 550 രൂപ. വീഞ്ഞുമായി പള്ളിയിലേക്കു മടങ്ങുമ്പോൾ കൗതുകം തോന്നാതിരുന്നില്ല. പഴയ രുചി തന്നെയോ? വരാപ്പുഴ അതിരൂപതാ കാര്യാലയത്തിലാണ് നിർമാണം. കേരളത്തിൽ ലഭ്യമായ ഏറ്റവും മികച്ച വീഞ്ഞ്. ചേരുവയുടെ ഉറവിടം? ഫ്രഞ്ച് സന്യാസികളുടെ രസക്കൂട്ടുകൾ മിഷനറികളിലൂടെ കടൽകടന്ന് വന്നതാണോ?
Reference: Documentaries (1. Somm (2012) 2. A year in Burgundy (2013) 3. Somm: Into the bottle (2015) 4. Somm 3 (2018))
Content Summary : Are you a lover of wine? Know these incredible facts of the drink