ADVERTISEMENT

വിചിത്രമായ ഭക്ഷണ വിഭവങ്ങളാണ് സോഷ്യൽ ലോകത്തെ പുതുട്രെൻഡ്. ഒരിക്കലും ഒരുമിച്ചു ചേരുകയില്ലെന്നു നമ്മൾ വിചാരിക്കുന്ന കൂട്ടുകൾ ചേർത്താണ് കച്ചവടക്കാർ പുതിയ വിഭവങ്ങൾ സൃഷ്ടിക്കുന്നത്. അത്തരത്തിലുള്ള പല വിഭവങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു. ആ പട്ടികയിലേക്ക് ഏറ്റവും ഒടുവിലായി എത്തിയ താരമാണ് തക്കാളി ചേർത്ത ഐസ്ക്രീം. തെരുവിൽ കച്ചവടം നടത്തുന്ന ഒരാളുടെ പരീക്ഷണമാണ് പുതുവിഭവം. ഇത് ആളുകൾ എത്രമാത്രം സ്വീകരിച്ചു എന്നുള്ളത് വ്യക്തമല്ലെങ്കിലും സൈബർ ഇടങ്ങളിൽ പുതിയ വിഭവം താരമാണ്. വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് വിഡിയോയ്ക്കു താഴെ കമന്റുകൾ കുറിച്ചിരിക്കുന്നത്.

 

ഐസ്ക്രീം വാങ്ങാനെത്തിയ ഒരാൾ തക്കാളി എടുത്തു നൽകുന്നതാണ് ആദ്യം വിഡിയോയിൽ കാണുന്നത്. ഐസ് ട്രേയുടെ മുകളിൽ വെച്ച് ചെറിയ കഷ്ണങ്ങളായി തക്കാളി അരിയുന്നു. അതിലേക്കു കാരമൽ ചേർത്ത് മുകളിൽ പാലുകൂടി ഒഴിക്കുന്നു. അതിനു ശേഷം ഇവ മൂന്നും കൂടി നല്ലതുപോലെ യോജിപ്പിക്കുന്നു. പേസ്റ്റ് പരുവത്തിലാക്കി ഐസ് ട്രേയിൽ പരത്തിയതിനുശേഷം  ഇതെടുക്കുകയും റോൾ രൂപത്തിലാക്കി, കാരമലിന്റെയും തക്കാളിയുടെയും അകമ്പടിയോടെ വാങ്ങാനെത്തിയ ആൾക്ക് നൽകുകയും ചെയ്യുന്നു. വെറും അഞ്ചു മിനിറ്റ് മതി ഈ ഐസ്ക്രീം റോൾ തയാറാക്കാൻ എന്ന് വിഡിയോ ആരംഭിക്കുമ്പോൾ കച്ചവടക്കാരൻ പറയുന്നുണ്ട്. 

 

തക്കാളി ചേർത്ത് ഐസ്ക്രീം റോൾ തയാറാക്കുന്ന വിഡിയോ സോഷ്യൽ ലോകത്തു വലിയ ചർച്ചകൾക്കാണ് വഴി വച്ചത്. '' ഇവർ ജനങ്ങളെ എന്ത് വേണമെങ്കിലും കഴിപ്പിക്കും'' എന്നൊരാൾ അൽപം രോഷത്തോടെ കമെന്റ് ചെയ്തപ്പോൾ മറ്റൊരാൾ എഴുതിയത് ''നിങ്ങൾ ഒരു കാര്യം ചെയ്യൂ ...പാവയ്ക്ക ചേർത്ത് ഐസ്ക്രീം തയാറാക്കൂ...'' എന്നാണ്. തക്കാളി ഇപ്രകാരം ചേർക്കുന്നതിന് പകരം അരച്ച് ചേർക്കൂ എന്ന് ചിലർ നിർദേശം മുന്നോട്ടു വെച്ചപ്പോൾ കുറച്ചു പേർക്ക് പുതിയ വിഭവം പെരുത്തിഷ്ടമായെന്നാണ് കമെന്റുകൾ പറയുന്നത്. 

English Summary: Man makes tomato ice cream. Would you dare to try it?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com