പിറന്നാൾ കേക്ക് മുറിച്ചത് ഭൂമിയിലെ സ്വര്ഗത്തിലോ? ചിത്രങ്ങളുമായി ബോളിവുഡ് താരം
Mail This Article
ബോളിവുഡ് സിനിമാലോകം ഇപ്പോൾ ഇപ്പോൾ ജന്മദിനാഘോഷങ്ങളുടെ തിരക്കിലാണ്. ഷാരൂഖ് ഖാനും ഐശ്വര്യ റായും അനന്യ പാണ്ഡെയുമൊക്കെ പിറന്നാൾ മധുരം നുകരുകയാണ്. കേക്ക് മുറിക്കുന്നതിന്റെയും മധുരം പങ്കിടുന്നതിനെയുമൊക്കെ ചിത്രങ്ങൾ താരങ്ങൾ തങ്ങളുടെ ആരാധകർക്കും സുഹൃത്തുക്കൾക്കുമായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഈ കൂട്ടത്തിൽ പിറന്നാൾ ആഘോഷമാക്കാൻ മാലദ്വീപിലേക്ക് പറന്ന അനന്യ പാണ്ഡെയുടെ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അനന്യ പങ്കുവച്ച ചിത്രങ്ങളിൽ ഭക്ഷണപ്രേമികളുടെ ശ്രദ്ധ നേടിയത് വിഭവങ്ങളുടെ നീണ്ട നിര തന്നെ നിരന്നിരിക്കുന്ന വലിയ മേശയ്ക്കു സമീപമിരിക്കുന്ന താരത്തിന്റെ ചിത്രമാണ്. ഇത്രയേറെ വൈവിധ്യമായ ഭക്ഷണങ്ങൾ വിളമ്പുന്ന റസ്റ്ററന്റ് ഏതെന്നുള്ള അന്വേഷണത്തിൽ അവരെത്തിയതോ മാലദ്വീപിലെ തന്നെ ഏറ്റവും പ്രശസ്തമായ സോനേവ ജാനിയിലാണ്.
ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുമുള്ള ഭക്ഷണങ്ങളും ലഭ്യമാകുന്ന ഒരിടമാണിത്. മാത്രമല്ല, സസ്യാഹാരികൾക്കും പ്രത്യേക മെനു തന്നെയുണ്ടെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. പരമ്പരാഗതമായ ഇന്തൊനീഷ്യൻ വിഭവങ്ങളും അവിടുത്തെ മസാലകളുമാണ് ആ വിഭവങ്ങളുടെ രുചി വർധിപ്പിക്കുന്നത്. ' 'എസ്സൻസ് ഓഫ് ദി ഗാർഡൻ' എന്നാണ് ഈ മെനു അറിയപ്പെടുന്നത്. സി എൻ എന്നിന്റെ ലോകത്തിലെ ഏറ്റവും പ്രണയാർദ്രമായ ഭക്ഷണശാല എന്ന ബഹുമതി ലഭിച്ചിട്ടുള്ള ദി ക്രാബ് ഷാക്ക് എന്ന റസ്റ്ററന്റിൽ പലതരത്തിലുള്ള ഞണ്ട് വിഭവങ്ങൾ ലഭ്യമാണ്. ചില്ലി ക്രാബ്, ശ്രീലങ്കൻ, തായ് രുചികളിൽ തയാറാക്കിയിട്ടുള്ള ഞണ്ട് കറി, ഗാർലിക് ക്രാബ്, ബ്ലാക്ക് പെപ്പർ ക്രാബ് തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട്.
ഓവർസീസ് എന്ന മെനുവിൽ മാംസം കഴിക്കാത്ത, എന്നാൽ മൽസ്യം കഴിക്കുന്നവർക്കാണ് പ്രാധാന്യം. കൂടെ സസ്യാഹാരികളെയും പരിഗണിക്കുന്നുണ്ട്. തദ്ദേശീയമായി ലഭിക്കുന്ന ഇലക്കറികൾ, മൽസ്യങ്ങൾ എന്നിവ ചേർത്താണ് വിഭവങ്ങൾ തയാറാക്കുന്നത്. മംഗോ - കിവി ഹെർബ് സോർബറ്റ്, ഗ്രാനി സ്മിത്ത് ആപ്പിൾ, ക്യാച്ച് അ ലാ പ്ലാൻച, അവകാഡോ ടോസ്റ്റ് തുടങ്ങി നിരവധി വിഭവങ്ങൾ ഈ മെനുവിൽ കാണാവുന്നതാണ്.
സൊനേവ ജാനിയിലെ ഒരു സുപ്രധാന റസ്റ്ററന്റ് ആണ് ഏഷ്യൻ കിച്ചൻ. ചൈനീസ്, ഇന്തോനേഷ്യൻ, ക്ലാസിക് തായ് സ്ട്രീറ്റ് ഫുഡ്സ്, കംബോഡിയൻ ഗ്രിൽഡ് എന്ന് തുടങ്ങി ഏഷ്യാ ഭൂഖണ്ഡത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും തനതു വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. മനോഹരമായ താമസവും രുചികരമായ ഭക്ഷണവും വിളമ്പുന്നുണ്ടെങ്കിലും അതിഥികൾക്ക് എക്കാലവും ഓർമിക്കാൻ തക്കതായ ഒരനുഭവം സമ്മാനിക്കും ഫ്‌ളോട്ടിങ് കിച്ചൻ. കടൽ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് അഞ്ച് കോഴ്സ് മീലും ഇവിടെ നിന്നും ആസ്വദിക്കാവുന്നതാണ്. വ്യത്യസ്തമായ പാചകാനുഭവങ്ങൾ സമ്മാനിക്കുന്ന ഒന്നാണ് സോനേവ ജാനിയിലെ തെക്കൻ ബീച്ച്. ക്യാംപ് ഫയറും അതിനു സമീപത്തായി ഇഷ്ടഭക്ഷണങ്ങൾ ഗ്രിൽ ചെയ്തു കഴിക്കാവുന്ന സൗകര്യവുമുണ്ട്.