ഇഞ്ചി സൂക്ഷിക്കുന്നത് ഇനി തലവേദനയാവില്ല; അരിഞ്ഞതും തൊലി കളഞ്ഞതും ഇങ്ങനെ വയ്ക്കാം
Mail This Article
ഇഞ്ചി ചേര്‍ക്കാത്ത ഒരു പാചകരീതിയെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലുമാവില്ല, പ്രത്യേകിച്ചും നോണ്‍ വെജ് വിഭവങ്ങള്‍ക്ക് രുചി കൂട്ടാന്‍ ഇഞ്ചിയില്ലാതെ പറ്റില്ല. രുചി മാത്രമല്ല, ഗുണത്തിനും ഇഞ്ചി ഏറെ മുന്നിലാണ്. നൂറ്റാണ്ടുകളായി ചികിത്സകള്‍ക്ക് ഇഞ്ചി നമ്മള്‍ ഉപയോഗിച്ചു വരുന്നു.
ജലദോഷം, പനി പോലുള്ള അവസ്ഥകള്‍ തടയാനും ഉദരരോഗ ശമനത്തിനുമെല്ലാം ഇഞ്ചി ബെസ്റ്റാണ്. ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍ക്ക്, സന്ധിവേദന തടയാന്‍ ഇഞ്ചി സഹായിക്കും. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിൻ്റെയും അളവ് കുറയ്ക്കാനും ആർത്തവ വേദന കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും അണുബാധയ്‌ക്കെതിരെ പോരാടുന്നതിനുമെല്ലാം ഇഞ്ചി നല്ലതാണ്.
ഗുണങ്ങളും രുചിയും നഷ്ടപ്പെടാതെ, ഇഞ്ചി എങ്ങനെയാണ് സൂക്ഷിക്കുന്നത്? പുതുമ നഷ്ടപ്പെടാതെ ഇഞ്ചി കുറേക്കാലം സൂക്ഷിക്കുന്നതിനുള്ള വഴികള്‍ അറിയാം..
പുതിയ ഇഞ്ചി എങ്ങനെ സംഭരിക്കാം
പുതിയ ഇഞ്ചി കുറേക്കാലം കേടുകൂടാതെ സൂക്ഷിക്കാന്‍, വായു കടക്കാത്ത ഒരു പാത്രത്തിലോ സിപ്ലോക്ക് ബാഗിലോ ആക്കിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇഞ്ചി കടയില്‍ നിന്നും വാങ്ങി കൊണ്ടു വന്ന ഉടനെ തന്നെ നന്നായി കഴുകണം. അല്ലെങ്കില്‍ ഇതിലുള്ള അഴുക്കും ബാക്ടീരിയകളും മറ്റും അടുത്തുള്ള മറ്റു പച്ചക്കറികളിലേക്ക് കൂടി പടരും.
തൊലി കളഞ്ഞ ഇഞ്ചി എങ്ങനെ സൂക്ഷിക്കാം
ഒരിക്കല്‍ തൊലി കളഞ്ഞ ഇഞ്ചി, ഓക്സിജനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അതില്‍ പൂപ്പലും മറ്റും പെട്ടെന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, തൊലികളഞ്ഞ ഇഞ്ചി പ്ലാസ്റ്റിക് റാപ്പിൽ മുറുക്കെ പൊതിയുക, ഇത് ഫ്രിഡ്ജില്‍ വച്ചാല്‍ മൂന്നാഴ്ച വരെ കേടുകൂടാതെ ഇരിക്കും.
അരിഞ്ഞ ഇഞ്ചി സൂക്ഷിക്കാം
കറികളും മറ്റും ഉണ്ടാക്കിയ ശേഷം ബാക്കിവന്ന അരിഞ്ഞ ഇഞ്ചിയും സൂക്ഷിച്ചു വയ്ക്കാം. ഇത് ഒരു പ്ലാസ്റ്റിക് ബാഗിലോ ഫ്രീസർ ഫ്രണ്ട്‌ലി കണ്ടെയ്നറിലോ ആക്കിയ ശേഷം ഫ്രീസറില്‍ വയ്ക്കാം.