ആവി പറക്കുന്ന ചൂടൻ ഇഡ്‌ഡലി, വറ്റൽ മുളകും ചെറിയ ഉള്ളിയും ചേർന്ന ചമ്മന്തിയും കായത്തിന്റെ നേരിയ ചുവയുള്ള സാമ്പാറും ചേർത്തു കഴിക്കാൻ എന്തു രസം! നാവിൽ വെള്ളം വരുന്നുണ്ടോ...ഇതിന്റെ കൂടെ കുറച്ച് ഐസ്ക്രീം ചേർത്താലോ?!

ഐസ്ക്രിം, സാമ്പാർ, ചമ്മന്തി... രുചിക്കൂട്ട് കാണുന്നവർക്കൊക്കെ പറയാനുള്ളത് ഇത്രോം വെറൈറ്റി വേണ്ടിയിരുന്നില്ല എന്നാണ്... ദ ഗ്രേറ്റ് ഇന്ത്യൻ ഫുഡി എന്ന ഫുഡ് വ്ലോഗറാണ് ഡൽഹിയിലെ വ്യത്യസ്തമായ ഈ സ്ട്രീറ്റ് ഫുഡ് വിഡിയോ പങ്കു വച്ചത്. 

കുനു കുനെ കൊത്തി നുറുക്കിയ ഇഡ്ഡലിക്കു മുകളിൽ സാമ്പാർ, രണ്ട് തരം ചട്ണി, ഒരു സ്കൂപ്പ് ഐസ്ക്രീം എന്നിവ ചേർത്ത് റോൾ ചെയ്തെടുക്കും. വിളമ്പാനുള്ള പ്ലേറ്റിൽ ഈ റോളിനു മുകളിൽ വീണ്ടും ഒാരോ ഇഡ്ഡലി കഷ്ണവും സാമ്പാറും ചമ്മന്തിയും കൊണ്ട് അലങ്കരിക്കും.

ആരോഗ്യ ഭക്ഷണശീലത്തിൽ ഉൾപ്പെടുന്ന ഇഡ്ഡലിയോട് ഈ  അതിക്രമം വേണ്ടിയിരുന്നില്ല, പഴയ രുചികളെ അതിന്റെതായ രീതിയിൽ എടുക്കണം എന്നൊക്കെയാണ് ഭക്ഷണ പ്രേമികൾക്ക് പറയാനുള്ളത്.

English Summary : A Delhi vendor is selling this unique combination of idli and ice cream near hunger strike Amar colony , Lajpat Nagar.