ഗ്രീൻ ചിക്കൻ കറി, കൊളസ്ട്രോൾ പേടിക്കാതെ കഴിക്കാം!

ചിക്കൻ വറുത്തും കറിവച്ചും കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ വരുമെന്ന പേടിയിലാണോ? കൊളസ്ട്രോൾ കുറയ്ക്കുന്ന രീതിയിൽ ചിക്കൻ പാകം ചെയ്തെടുക്കുന്നതെങ്ങനെയെന്ന് പരിചയപ്പെടാം.

01. ചിക്കൻ എല്ലില്ലാതെ കഷണങ്ങളാക്കിയത് — ഒരു കപ്പ്

02. പുതിനയില — ഒരു ചെറിയ കെട്ട്

    വെളുത്തുള്ളി — ഒരല്ലി

    പച്ചമുളക് — ഒന്ന്

    മല്ലിയില — ഒരു ചെറിയ പിടി

03. നാരങ്ങാനീര് — രണ്ടു മൂന്നു തുള്ളി

04. ഒലിവ് ഓയിൽ  — രണ്ടു ചെറിയ സ്പൂൺ

05. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് — ഒരു ചെറിയ സ്പൂൺ

06. സവാള (പൊടിയായി അരിഞ്ഞത്)— ഒരു ചെറുത്

07. ജീരകപ്പൊടി — ഒരു ചെറിയ സ്പൂൺ

     മുളകുപൊടി — ഒരു ചെറിയ സ്പൂൺ

     മല്ലിപ്പൊടി — ഒരു ചെറിയ സ്പൂൺ

     മഞ്ഞൾപ്പൊടി — ഒരു ചെറിയ സ്പൂൺ

08. തക്കാളി (പൊടിയായി അരിഞ്ഞത്) — ഒന്ന്

09. ഉപ്പ് — പാകത്തിന്

പാകം ചെയ്യുന്ന വിധം

01. ചിക്കൻ കഴുകി വാരി വയ്ക്കുക.

02. രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ച്, നാരങ്ങാനീരും ചേർത്തു യോജിപ്പിച്ച ശേഷം ചിക്കനിൽ പുരട്ടി അര മണിക്കൂർ വയ്ക്കുക.

03. പാനിൽ ഒലിവ് ഓയിൽ ചൂടാക്കി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റുക.

04. ഇതിൽ സവാള ചേർത്തു വഴറ്റി, ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ, ഏഴാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ ഇളക്കി, പച്ചമണം മാറുമ്പോൾ, തക്കാളി ചേർത്തു വഴറ്റുക.

05. എണ്ണ തെളിയുമ്പോൾ, പുരട്ടിവച്ചിരിക്കുന്ന ചിക്കനും പാകത്തിനുപ്പും ചേർത്തു നന്നായി ഇളക്കി, മൂടി വച്ചു വേവിക്കുക. വെന്തശേഷം കശ്കശ് അരച്ചു ചേർത്തിളക്കി വാങ്ങാം.

കൊളസ്ട്രോൾ കുറയ്ക്കുന്ന ഘടകങ്ങൾ

ഒലിവ് ഓയിൽ — MUFA (Mono Unsaturated Fatty Acids)

വെളുത്തുള്ളി — അലിസിൻ

പുതിനയില, മല്ലിയില — ബീറ്റാകരോട്ടീനും നാരും

തക്കാളി — ലൈകോപീൻ