മഴയത്ത് എന്തു കഴിക്കും?

രോഗങ്ങളുടെ, പ്രത്യേകിച്ചു സാംക്രമിക രോഗങ്ങളുടെ കാലമാണ് മഴക്കാലം. ഒരോ മഴക്കാലവും ഓരോ രോഗങ്ങൾ സമ്മാനിച്ചാവും മടങ്ങിപ്പോവുക. സാധാരണ പനിയിൽ തുടങ്ങി എലിപ്പനിയും ജപ്പാൻജ്വരവുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. 

മഴയത്ത് എന്തു കഴിക്കണം?

വൃത്തിയുള്ള സാഹചര്യങ്ങളിൽ ഭക്ഷണവും കുടിക്കുന്ന വെള്ളവും പാനീയങ്ങളും തയാറാക്കണം .  തുറന്നുവച്ചിരിക്കുന്നതും ഏറെ തണുപ്പുള്ളതുമായവ ഒഴിവാക്കണം. നന്നായി ചൂടാക്കി മാത്രമേ ഭക്ഷണം കഴിക്കാവൂ. പഴങ്ങളും പച്ചക്കറികളും അരിയും മറ്റും കഴുകുന്ന വെള്ളംപോലും വൃത്തിയുള്ളതായിരിക്കണം. ആഹാര ശുചിത്വം പോലെതന്നെ വ്യക്തി ശുചിത്വവും ഇക്കാലത്ത് ശ്രദ്ധിക്കണം. 

ഗോതമ്പ്, യവം എന്നിവയും ഇഞ്ചിക്കറി, രസം, ചെറുപയർ പരിപ്പിട്ട സാമ്പാർ തുടങ്ങിയവയും കർക്കടക കഞ്ഞിക്കൂട്ടുകളും ചേന, ചേമ്പ്, പയർ, തഴുതാമ, തകര, ചീര തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

അരികൊണ്ടുള്ള പലഹാരങ്ങൾ, ഗോതമ്പ് ഉപയോഗിച്ചുള്ള വിഭവങ്ങൾ, ചോളം തുടങ്ങിയവയുടെ ഭക്ഷണമാകാം. രക്ത സമ്മർദത്തിനും മറ്റും കാരണമാകുന്നതിനാൽ അധികം ഉപ്പ് അടങ്ങിയ ഭക്ഷണം ഉപേക്ഷിക്കണം. 

വലിച്ചുവാരി കഴിക്കണ്ട

വേണ്ടതിലേറെ അകത്താക്കാനുള്ള പ്രവണത ഈ സമയത്ത് ഏറെയാണ്.  മിതത്വം പാലിക്കേണ്ട സമയമാണിത്.  എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങൾ നല്ലതല്ല.  

∙ ‘വെള്ളംകുടി’ നിർബന്ധം

തണുപ്പും ദാഹമില്ലായ്മയുമൊക്കെ കാരണം മഴക്കാലത്ത് പലരുടെയും വെള്ളംകുടി ‘മുട്ടാറുണ്ട്’. ഈ ആരോഗ്യരീതി ശരിയല്ല. ദാഹമില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണം. മറ്റു രോഗങ്ങളില്ലാത്തവർ 6–8 ഗ്ലാസ് വെള്ളം ദിവസേന കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ എന്നുമാത്രം. അഞ്ചു മുതൽ എട്ടു മിനിറ്റോളം വെള്ളം വെട്ടിത്തിളയ്ക്കണം. തിളപ്പിക്കുന്ന അതേ പാത്രത്തിൽത്തന്നെ വെള്ളം സൂക്ഷിക്കുന്നതാണ് നല്ലത്. ചുക്കും മല്ലിയും പോലുള്ള വസ്തുക്കൾ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കണം.  

പാനീയങ്ങൾ

മഴയത്തും പഴച്ചാറുകൾ നല്ലതാണ്. ഐസ് ഇടരുത്. ഉണ്ടാക്കിയാലുടൻ കുടിക്കണം. ഏറെ നേരം ഫ്രിജിലോ പുറത്തോ വയ്ക്കരുത്. ശീതള പാനീയങ്ങളും കൃത്രിമമായിയുണ്ടാക്കിയ ജ്യൂസുകളും അപകടം ക്ഷണിച്ചുവരുത്തും. മറ്റ്  രോഗങ്ങളില്ലെങ്കിൽ ചെറുചൂടോടെ ഓരോ ഗ്ലാസ് പാലു കുടിക്കാം. മഴക്കാലത്തും തണുപ്പത്തും മദ്യം ഉപയോഗിക്കാം എന്നത് മിഥ്യാധാരണ മാത്രമാണ്. ലസ്സി പോലുള്ള പാനീയങ്ങൾ കുറച്ചു കാലത്തേക്ക് ഉപേക്ഷിക്കാം. ശരീരത്തിൽ വെള്ളത്തിന്റെ അംശം കെട്ടിക്കിടക്കാൻ കാരണമാകുമെന്നതിനാലാണിത്.

കാപ്പിയും ചായയും അധികം വേണ്ട

തണുപ്പായതിനാൽ ഏതു നേരവും കാപ്പിയും ചായയും ആവാം എന്ന രീതി നന്നല്ല. ഇവ ആവശ്യത്തിലേറെയായാൽ ശരീരത്തിൽനിന്ന് മൂത്രത്തിലൂടെ ഏറെ ജലം നഷ്ടപ്പെടുകയും ക്ഷീണാവസ്ഥയ്ക്ക് വഴിവയ്ക്കുകയും ചെയ്തേക്കാം. എന്നാൽ മല്ലിക്കാപ്പി, ചുക്കുകാപ്പി, കുരുമുളകു കാപ്പി തുടങ്ങിയവ ശരീരത്തിന് നല്ലതാണ്. 

പച്ചക്കറിക്കാലം

പച്ചക്കറികളും ഇലക്കറികളും പഴങ്ങളും മെനുവിൽ നിർബന്ധമായും ഇടം നേടണം.. ഇലക്കറികളും പച്ചക്കറികളും ഗോതമ്പുദോശ, ചപ്പാത്തി തുടങ്ങിയവയും അത്താഴത്തിന് ആകാം.

പഴങ്ങൾ

പ്രകൃതി മഴക്കാലത്തു സമ്മാനിക്കുന്ന ചില പഴങ്ങളുണ്ട്. ഇവ വേണം ഈ സമയങ്ങളിൽ കഴിക്കാൻ. മാമ്പഴം, ആപ്പിൾ, മാതളം തുടങ്ങിയ പഴങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കാം. എന്നാൽ, ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ (ഉദാ: തണ്ണിമത്തൻ) ഒഴിവാക്കുന്നതാണ് നല്ലത്. ഏറെ പഴക്കമുള്ളതും അമിതമായി പഴുത്തതുമായ പഴങ്ങൾ വേണ്ട. 

കഞ്ഞികുടി മുട്ടിക്കണ്ട

മഴക്കാലത്തെങ്കിലും പഴയ സ്മരണകൾ നിറഞ്ഞ ആ ‘കഞ്ഞിക്കാലം’ തിരിച്ചുവരട്ടെ. കേരളക്കരയുടെ ആദ്യത്തെ സൂപ്പ് എന്നു വിശേഷിപ്പിക്കാവുന്ന വിഭവമാണ് കഞ്ഞി. ഒരു നേരമെങ്കിലും, പ്രത്യേകിച്ച് രാത്രിയിൽ കഞ്ഞിയായാൽ ഉത്തമം.