നല്ല ഭക്ഷണ ശീലം എന്നാൽ എന്താണ്. ലോകമെങ്ങും ആളുകൾ ഇന്റർനെറ്റിലും മറ്റും നിരന്തരം തിരയുന്ന, എന്നാൽ ആശയക്കുഴപ്പത്തിന്റെ നടുക്കടലിൽ പെടുന്ന ചോദ്യമാണിത്. ഇതിനു വ്യക്തമായ ഉത്തരം എവിടെ നിന്നു ലഭിക്കും. എന്നാൽ ഓരോ വ്യക്തിക്കും വ്യത്യസ്ത രീതികളാണ് ഇക്കാര്യത്തിൽ അവലംബിക്കേണ്ടതെന്നാണ് ഓർക്കേണ്ടത്.
ഭക്ഷണത്തിലടങ്ങിയിരിക്കുന്ന കാലറിയുടെ കണക്കെടുത്ത് ആരോഗ്യകരമാണോ എന്ന് തീരുമാനിക്കുന്നവരുണ്ട്. ഒരു ഡോനട്ടിന് 260 കിലോ കാലറിയുണ്ട്. ഒരു ചിക്കൻ സാലഡ് സാൻഡ് വിച്ചിനും ഇതേ കാലറിയാണുള്ളത്. പക്ഷെ, ചിക്കനിൽ 15 ഗ്രാം പ്രോട്ടീൻ, 10 ഗ്രാം കൊഴുപ്പ്, 20 ഗ്രാം കാർബോ ഹൈഡ്രേറ്റ് എന്നിവയുണ്ട്. ഡോനട്ടിൽ 31 ഗ്രാം കാർബോ ഹൈഡ്രേറ്റ്, മൂന്ന് ഗ്രാം പ്രോട്ടീൻ, 14 ഗ്രാം കൊഴുപ്പ് എന്നിവയാണുള്ളത്. ഇതുകൊണ്ടു തന്നെ ഇതു രണ്ടും രണ്ടുതന്നെയാണെന്നോർക്കുക.
ഭാരം കുറയ്ക്കാൻ ഒരു നേരത്തെ ആഹാരം ഒഴിവാക്കണോ? ഈ ചോദ്യം പലരും പലകാലങ്ങളായി ചോദിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ്. എന്നാൽ ഇതുകൊണ്ടു ഫലമില്ല എന്നു മാത്രമല്ല, വിപരീത ഫലമാണുണ്ടാക്കുക എന്നതാണു വാസ്തവം. ഭക്ഷണം കഴിക്കാതിരുന്നാൽ ശരീരം മെറ്റബോളിക് റേറ്റ് (ബിഎംആർ) കുറയ്ക്കും. ഇതോടെ ഫാറ്റ് കൂടുകയും വണ്ണം കൂടാൻ കാരണമാകുകയും ചെയ്യും.
പലർക്കും ഒരു തെറ്റായ ധാരണയുണ്ട്, മെലിഞ്ഞിരിക്കുന്നത് ആരോഗ്യത്തിന്റെയും തടിച്ചിരിക്കുന്നത് അനാരോഗ്യത്തിന്റെയും ലക്ഷണമാണെന്ന്. ഒരാളുടെ ശരീരഭാരത്തെ രണ്ടായി വിഭജിക്കാം. ശരീരത്തിലുള്ള ഫാറ്റിന്റെ ഭാരവും പിന്നെ എല്ലിന്റെയും മസിലിന്റെയും ഭാരവും. ഇതിൽ പുറമേക്ക് നോക്കുമ്പോൾ മെലിഞ്ഞ ആളാണെങ്കിലും ഫാറ്റിന്റെ അളവ് കൂടുതലാണെങ്കിൽ അപകടമാണ്. ഇവരുടെ ആന്തരികാവയവങ്ങളുടെ മുകളിൽ ഫാറ്റ് പൊതിഞ്ഞിരിക്കും. ഉദാഹരണത്തിന് ടെന്നീസ് താരം സെറീന വില്യംസിന് ശരീരഭാരം കൂടുതലാണ്, എന്നാൽ അതു ശരീരത്തിലെ എല്ലുകളുടെയും മസിലുകളുടെയും ഭാരമാണ്.
പാരമ്പര്യമായി അമിതവണ്ണമുള്ളവരാണെങ്കിൽ പിൻതലമുറയ്ക്കും അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അമിത വണ്ണം കുറയ്ക്കുന്ന ജീനുകളെ പ്രവർത്തന സജ്ജരാക്കാൻ നല്ല ഭക്ഷണശീലവും വ്യായാമവും കുറഞ്ഞത് നാലുമാസമെങ്കിലും തുടർന്നാൽ സാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇതിനൊപ്പം ഓർമിക്കേണ്ട ഒന്നുണ്ട്, അമിതമായ വ്യായാമവും അപകടമാണ്. കാരണം അമിതമായി വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലെ ഫാറ്റിനൊപ്പം മസിലും ഉരുകിപ്പോകും. ഇതും വിപരീതഫലമാണുണ്ടാക്കുക.