സമയം വൈകിയതിന്റെ പേരിൽ ഭക്ഷണം ഉപേക്ഷിക്കുന്നവരുണ്ട്, ഇവർക്കു ഭക്ഷണത്തിനു പകരം കഴിക്കാവുന്ന സ്നാക്സ് ആണ് ന്യൂട്രീഷ്യൻ ബാറുകൾ. ഉയർന്ന അളവിൽ കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിവയടങ്ങിയ പലതരം ന്യൂട്രിഷ്യൻ ബാറുകളുണ്ട്. ഇതിന്റെ സ്വഭാവമനുസരിച്ച് തിരഞ്ഞെടുക്കേണ്ടത് ഏത് എന്ന് അറിഞ്ഞിരിക്കണം.
എനർജി ബാർ
ആക്ടിവിറ്റി ബാർ എന്നും ഇതിനെ വിളിക്കുന്നു. വളരെ കുറച്ച് സമയത്തിനുള്ളിൽ കൂടുതൽ ഊർജം ലഭിക്കുന്ന ഹൈ എനർജി ബാറാണിത്. വ്യായാമം ചെയ്യുന്നതിനു മുൻപാണിതു കഴിക്കേണ്ടത്.
സിരിയൽ ബാർ
ഇതൊരു ബ്രേക് ഫാസ്റ്റ് സ്നാക്സ് ആയി കഴിക്കാവുന്നതാണ്. ഫ്രൈഡ് സ്നാക്സിനേക്കാൾ നല്ലതാണ്.
പ്രോട്ടീൻ ബാർ
ഇതു വ്യായാമത്തിനു ശേഷം കഴിക്കാവുന്ന ബാർ ആണ്. കാർബോ ഹൈഡ്രേറ്റ് കൂറവും പ്രോട്ടീൻ കൂടുതലുമാണിതിൽ.
ഡയറ്റ് ബാർ
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കുള്ളതാണിത്. ഭക്ഷണത്തിനു പകരം ഒരു ഡയറ്റ് ബാർ കഴിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ന്യൂട്രീഷ്യൻ ബാർ തിരഞ്ഞെടുക്കുമ്പോൾ ഇതിലടങ്ങിയിരിക്കുന്നതെന്തൊക്കെ എന്ന കാര്യം കൂടി കണക്കിലെടുക്കണം. സാധാരണ ഭക്ഷണത്തിനു പകരക്കാരനായി ന്യൂട്രീഷ്യൻ ബാറുകൾ തിരഞ്ഞെടുക്കുമ്പോൾ ഇതിന്റെ ദോഷവശങ്ങൾകൂടി അറിയണം. ചില ബാറുകൾ പ്രോസസ്ഡ് ഫുഡിന്റെ ഗണത്തിൽ വരുന്നവയാണ്. അതുകൊണ്ടുതന്നെ ഇതിൽ ഉയർന്ന അളവിൽ ഷുഗർ, സോഡിയം, കേടുകൂടാതിരിക്കാനുള്ള രാസവസ്തുക്കൾ, അഡിറ്റീവ്സ് എന്നിവ ഉണ്ടായിരിക്കാൻ സാധ്യത കൂടുതലാണ്. ലോ ഷുഗർ അടങ്ങിയ ബാറുകളിൽ പലപ്പോഴും ഷുഗർ ആൽക്കഹോൾ ഉണ്ടായിരിക്കാം. ഇതു വായുരോഗങ്ങൾക്കും ദഹനക്കേടിനും കാരണമായി മാറും. കൃത്രിമ ചേരുവകളടങ്ങിയ ബാർ കൂടുതൽ കഴിക്കുന്ന് ആരോഗ്യത്തിനു നന്നല്ല.
കൃത്രിമ പദാർഥങ്ങളും പഞ്ചസാരയും കുറവുള്ള ന്യൂട്രീഷ്യൻ ബാറുകൾ തിരഞ്ഞെടുത്താൽ വേഗത്തിൽ ഊർജം ലഭിക്കാനുള്ള നല്ല മാർഗമാണിത്. കാൽസ്യം, സിങ്ക്, ഫോളിക് ആസിഡ് തുടങ്ങിയവയെല്ലാം ഇതിലുണ്ടാകും. എന്നാൽ മൾട്ടി വൈറ്റമിൻ ഗുളികകൾ കഴിക്കുന്നവർ ഇതു കഴിക്കുമ്പോൾ സൂക്ഷിക്കണം, അളവ് കൂടാൻ സാധ്യതയുണ്ട്. സ്നാക്സ് ആയാണ് ന്യൂട്രീഷ്യൻ ബാർ കഴിക്കുന്നതെങ്കിൽ കാലറി കുറവുള്ളത് കഴിക്കണം. ആരോഗ്യത്തെ ബാധിക്കാത്ത ന്യൂട്രീഷ്യൻ സ്നാക്സ് വീട്ടിലുമുണ്ടാക്കാം.