സന്ധികളെ ബാധിക്കുന്ന പ്രത്യേകതരം വാതമാണ് ഗൗട്ട്. സന്ധികളിൽ പെട്ടെന്നുണ്ടാകുന്ന കഠിനമായ വേദനയും നീരും ചുവപ്പുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. കാലിന്റെ തള്ളവിരലിനു താഴെയുള്ള സന്ധിയെ ആണ് ആദ്യം ബാധിക്കുന്നത്.
സന്ധികളിൽ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നതാണ് വേദനയ്ക്കും നീരിനും കാരണമാകുന്നത്. ഭക്ഷണത്തിൽ അടങ്ങിയ പ്യൂരിൻസ് (Purines) ആണ് യൂറിക് ആസിഡ് ഉണ്ടാക്കുന്നത്. ബീഫ് പോലുള്ള റെഡ്മീറ്റ് ഇനങ്ങൾ, കടൽ വിഭവങ്ങൾ, ബിയർ തുടങ്ങിയവയെല്ലാം യൂറിക് ആസിഡിന്റെ അളവു കൂട്ടും.
സാധാരണ ഗതിയിൽ ശരീരത്തിലുണ്ടാകുന്ന യൂറിക് ആസിഡിനെ കിഡ്നി മൂത്രം വഴി പുറന്തള്ളാറുണ്ട്. എന്നാൽ അമിതമായി യൂറിക് ആസിഡ് ഉണ്ടാവുമ്പോൾ ചെറിയ കൂർത്ത അറ്റമുള്ള ക്രിസ്റ്റൽ പരുവത്തിൽ യൂറിക് ആസിഡ് സന്ധികളിൽ അടിഞ്ഞു കൂടി വേദനയുണ്ടാക്കുന്നു.
ഗൗട്ട് വരാതിരിക്കാൻ ഭക്ഷണത്തിൽ അൽപം ക്രമീകരണം നടത്തണം. മദ്യം, മധുരമുള്ള ഭക്ഷണം, പ്യൂരിൻ അധികമുള്ള ഇറച്ചി, മുട്ട, കടൽ വിഭവങ്ങൾ, പയർവർഗങ്ങൾ എന്നിവ കഴിക്കുന്നതിന്റെ അളവുകൾ ഗണ്യമായി കുറയ്ക്കണം. കോളിഫ്ലവർ, കൂൺ, ചീര, പീസ്, ആസ്പരാഗസ് തുടങ്ങിയവയിലും ധാരാളം പ്യൂരിൻ അടങ്ങിയിട്ടുണ്ട്.
ചില ഭക്ഷണങ്ങൾ ഗൗട്ട് വരാതിരിക്കാനും ഗൗട്ടിന്റെ വേദന കുറയ്ക്കാനും സഹായിക്കും.
വെള്ളം: ദിവസേന 10–12 ഗ്ലാസ് വെള്ളം കുടിക്കുക. ശരീരത്തിലുള്ള വിഷാംശങ്ങൾ, യൂറിക് ആസിഡ് ഉൾപ്പെടെയുള്ളവ മൂത്രത്തിലൂടെയാണ് പുറന്തള്ളപ്പെടുന്നത്.
ചെറി: ഇവയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ എന്ന ഘടകം യൂറിക് ആസിഡിന്റെ അളവു കുറയ്ക്കും. യൂറിക് ആസിഡ് പരൽ രൂപത്തിലായി അടിയാതിരിക്കാനും ചെറി സഹായിക്കും. ശരീരത്തിലെ ആസിഡിന്റെ അളവു കുറച്ച് വേദനയും നീരും കുറയ്ക്കുകയും ചെയ്യും. ദിവസേന 200 ഗ്രാം എന്ന തോതില്‍ ചെറി കഴിക്കുന്നതു യൂറിക് ആസിഡിന്റെ അളവു കുറയ്ക്കും.
പഴങ്ങൾ: സ്ട്രോബെറി, ബ്ലൂബെറി പോലെ ബെറി ഇനത്തിൽ പെട്ട പഴങ്ങള്‍ നീരു കുറയ്ക്കും. ആപ്പിളിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് യൂറിക് ആസിഡിനെ നിർവീര്യമാക്കാനും സഹായിക്കും.
നാരങ്ങാനീര്: നാരങ്ങയിലുള്ള സിട്രിക് ആസിഡ് യൂറിക് ആസിഡിനെ അലിയിച്ചു കളയും. ഒരു ഗ്ലാസ് വെള്ളത്തിൽ പകുതി നാരങ്ങയുടെ നീരു പിഴിഞ്ഞൊഴിച്ചതു ദിവസേന രണ്ടു നേരം കഴിക്കുന്നത് ഉത്തമം. നെല്ലിക്ക, പേരയ്ക്ക, കിവി, മുസംബി, ഓറഞ്ച്, കാപ്സിക്കം എന്നിവയും ഗുണം ചെയ്യും.
ആപ്പിൾ സിഡർ വിനിഗർ: എട്ട് ഔൺസ് വെള്ളത്തിൽ മൂന്നു ചെറിയ സ്പൂൺ ആപ്പിള്‍ സിഡർ വിനിഗർ ചേർത്തു ദിവസം രണ്ടോ മൂന്നോ തവണ കഴിക്കുന്നതും യൂറിക് ആസിഡ് അകറ്റാൻ സഹായിക്കും.
നാരു കൂടിയ ഭക്ഷണം: ഓട്സ്, ബ്രോക്ക്‌ലി, ആപ്പിൾ, ഓറഞ്ച്, ബാർലി തുടങ്ങി നാര് കൂടുതൽ അടങ്ങിയ ഭക്ഷണം രക്തത്തില്‍ നിന്ന് അധികമുള്ള യൂറിക് ആസിഡ് വലിച്ചെടുക്കാൻ സഹായിക്കും.
ഗ്രീൻ ടീ: ദിവസേന ഗ്രീൻടീ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവു കുറയ്ക്കാൻ സഹായിക്കും.
ഒമേഗാ ത്രീ: ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഫ്ലാക്സ്‌സീഡ്, വോൾനട്ട് തുടങ്ങിയവ യൂറിക് ആസിഡ് അളവു കുറയ്ക്കും.
ഒലിവ് ഓയിൽ: ഭക്ഷണം പാകം ചെയ്യാനും ബേക്കിങ്ങിനും മറ്റും ഒലിവ് ഓയിൽ ഉപയോഗിക്കുക. ആന്റിഓക്സിഡന്റ് സ്വഭാവമുണ്ടെന്നു മാത്രമല്ല, നീരു കുറയ്ക്കാനും സഹായിക്കും.
എല്ലാറ്റിനും ഉപരി ശരീരഭാരം നിയന്ത്രിക്കുകയും വേണം. വണ്ണം കുറയ്ക്കുന്നതു യൂറിക് ആസിഡ് നില കുറയ്ക്കും. പക്ഷേ, പെട്ടെന്നു വണ്ണം കുറയുമ്പോൾ യൂറിക് ആസിഡ് അൽപം കൂടാനും ഇടയാകും.