നല്ല ചോക്ലേറ്റ് തിരിച്ചറിയാൻ അഞ്ച് വഴികൾ


കണ്ടാൽ ചോക്ലേറ്റ് പോലെയിരിക്കുമെങ്കിലും ഇവയെല്ലാം ചോക്ലേറ്റല്ല. നമ്മുടെ അഞ്ചു ഇന്ദ്രിയളെയും തൊട്ടുണർത്താൻ സാധിക്കുന്നതാണു നല്ല ചോക്ലേറ്റെന്നു വിദഗ്ധരുടെ വാക്കുകൾ. 
ചോക്ലേറ്റ് ഉണ്ടാക്കുന്നതിനു കൊക്കോയാണ് ഏറ്റവും പ്രധാന ഘടകം. കൊക്കോയുടെ ഘടന, ഏതു രാജ്യത്തു നിന്നുണ്ടാകുന്നു, അതിന്റെ ജീനിന്റെ സവിശേഷത എന്നിവയെല്ലാം മികവിനു കാരണമാകുന്നുണ്ട്. 

കൊക്കോ ആദ്യം ഫെർമെന്റേഷൻ എന്നപ്രക്രിയയിലൂടെയാണു കടത്തിവിടുക. കൊക്കോയുടെ പുറത്തുള്ള വെളുത്ത ഭാഗം അടർന്നു പോകാനുള്ള ജോലിയാണിത്. കൊക്കോയുടെ രുചിയുടെ ആദ്യഭാഗം രൂപപ്പെടുന്നത് ഇവിടെയാണ്. അഞ്ചു മുതൽ ഏഴു ദിവസം വരെ സമയമെടുത്താണ് ഇതു പൂർത്തിയാക്കുന്നത്. 

അടുത്ത ഘട്ടമാണു ഡ്രൈ ചെയ്യൽ. അതും ഏഴു ദിവസം വരെയെടുക്കും. ഇതിനു ശേഷമാണു ഫാക്ടറിയിലേക്കു പോകുന്നത്. ഡ്രൈ ചെയ്ത ശേഷം ലഭിക്കുന്ന കൊക്കോ ബീൻസ് പൊട്ടിച്ച് അതിനുള്ളിലുള്ള ഭാഗമാണ് എടുക്കുന്നത്. ഇതിനെ റോസ്റ്റ് ചെയ്ത ശേഷം അരച്ചെടുക്കും. ഒരു മാവിന്റെ രൂപത്തിലേക്കു മാറുമ്പോൾ ലഭിക്കുന്നതാണു കൊക്കോ ലിക്വർ എന്ന ഘടകം. 

കൊക്കോ ലിക്വറിൽ രണ്ടു ഭാഗങ്ങളുണ്ട്. കൊക്കോ സോളിഡും കൊക്കോ ബട്ടറും. കൊക്കോ ബട്ടർ 25 ഡിഗ്രി സെൽഷ്യസിനു മുകളിൽ അലിയുന്നതാണ്. 

കോംപൗണ്ട് ചോക്ലേറ്റല്ല 

കൊക്കോ സോളിഡിൽ വെജിറ്റബിൾ ഫാറ്റും മധുരവും ചേർക്കുമ്പോൾ ലഭിക്കുന്ന ഉൽപന്നമാണു നമ്മുടെ മാർക്കറ്റിൽ സാധാരണ ലഭിക്കുന്നത്. എന്നാൽ, ഇതിനെ യഥാർഥ ചോക്ലേറ്റ് എന്നു വിളിക്കാനാവില്ല. കോംപൗണ്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. അതുകൊണ്ടാണു ചോക്ലേറ്റ് എന്നു വിളിച്ചു നമ്മൾ കഴിക്കുന്ന പലതിലും ചോക്ലേറ്റ് എന്നെഴുതിയിട്ടുണ്ടാകില്ല. കോംപൗണ്ട് എന്നാകും രേഖപ്പെടുത്തിയിട്ടുണ്ടാകുക. 

എന്താണ് ഇതിന്റെ കാരണമെന്നു കൂടി പറയാം. കൊക്കോ ബട്ടറിന് 1500-2000 രൂപ വരെയാണു മാർക്കറ്റിലെ നിരക്ക്. ഉയർന്ന വിലയായതിനാൽ ഇതുപയോഗിച്ചു ചോക്ലേറ്റ് നിർമിച്ചാൽ അതിന്റെ വിലയും കൂടും. സൗന്ദര്യവർധന വസ്തുക്കൾ, മരുന്നുകൾ എന്നിവയെല്ലാം നിർമിക്കാൻ കൊക്കോ ബട്ടർ ഉപയോഗിക്കുന്നുണ്ട്. 

‍രുചികരമായ ചോക്ലേറ്റ് വീട്ടിൽ തയാറാക്കാം

ചോക്ലേറ്റ് 

കൊക്കോ സോളിഡിനു പകരം കൊക്കോ ബട്ടർ തന്നെയാകും ഉപയോഗിക്കുക. ചോക്ലേറ്റ് എന്നു വിശേഷിപ്പിക്കുന്നതും ഇതിനെയാണ്. പക്ഷേ, വില നിയന്ത്രിക്കാൻ പേരിനു മാത്രമാകും കൊക്കോ ബട്ടറിന്റെ ഉപയോഗം. 10 ശതമാനത്തോളം കൊക്കോ ബട്ടർ ഉപയോഗിക്കും. വില കാര്യമായി ഉയരില്ലെന്നതിനാൽ പലരും ഇത്തരം ചോക്ലേറ്റും വിപണിയിൽ എത്തിക്കുന്നുണ്ട്. 

കുവറ്റൂ ചോക്ലേറ്റ് 

കൊക്കോ ബട്ടർ കുറഞ്ഞത് 31 ശതമാനമെങ്കിലും ഉപയോഗിക്കുന്നവയാണു കുവറ്റൂ വിഭാഗത്തിൽ വരുക. വില അൽപ‌ം കൂടുമെന്നതു പ്രത്യേകം പറയേണ്ടല്ലോ. പക്ഷേ, യഥാർഥ ചോക്ലേറ്റ് രുചി ആസ്വദിക്കാമെന്നതാണു പ്രത്യേകത. പെട്ടെന്ന് അലിഞ്ഞു പോകുന്നവയാണിവ. കാരണം കൊക്കോ ബട്ടർ 25 ഡിഗ്രിക്കു മുകളിൽ അലിയുന്നതാണ് എന്നതു തന്നെ. 

അഞ്ച് ഇന്ദ്രിയങ്ങൾ കൊണ്ടു തിരിച്ചറിയാം നല്ല ചോക്ലേറ്റ് 

നമ്മുടെ അഞ്ചു ഇന്ദ്രിയങ്ങളെയും ഉദ്ദീപിപ്പിക്കുന്നതാണു യഥാർഥ ചോക്ലേറ്റ് എന്നാണു വിദഗ്ധർ പറയുന്നത്. അതുകൊണ്ടാണു ചോക്ലേറ്റ് നെവർ ലൈസ് (ഒരിക്കലും കള്ളം പറയില്ല) എന്ന വാചകം തന്നെ രൂപപ്പെട്ടിരിക്കുന്നത്. കണ്ണിനു നേരെ പിടിച്ചു നോക്കിയാൽ നല്ല തിളക്കം കാണാം. ശരിയായി പ്രോസസ് ചെയ്തില്ലെങ്കിൽ വരയും മറ്റും ഉണ്ടാകും, നല്ല തിളക്കവും കാണാനാവില്ല. ചോക്ലേറ്റ് ബാർ ഒന്നൊടിച്ചു നോക്കിയാൽ ടിക് എന്ന ശബ്ദത്തിൽ പൊട്ടുമെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. വായിൽ ഒട്ടിപ്പിടിക്കാതെ പെട്ടെന്ന് അലി‍ഞ്ഞു പോകുന്നവയാണിവ. കൈക്കുള്ളിൽ പിടിച്ചാൽ പെട്ടെന്ന് അലിഞ്ഞു പോകും. നല്ല മിനുസവുമുണ്ടാകണം. കൊക്കോയുടെ മണം നമ്മൾക്ക് ആസ്വദിക്കാൻ സാധിക്കണം. രുചിയിലും കൊക്കോ മുന്നിട്ടു നിൽക്കണം. 

∙ കൊക്കോ സോളിഡും കൊക്കോ ബട്ടറും പഞ്ചസാരയും ചേരുന്നതാണു ഡാർക്ക് ചോക്ലേറ്റ്.
∙ കൊക്കോ സോളിഡിനൊപ്പം കൊക്കോ ബട്ടറും ഷുഗറും മിൽക്ക് പൗഡറും ചേരുന്നതാണു മിൽക്ക് ചോക്ലേറ്റ്.
∙ കൊക്കോ ബട്ടറിനൊപ്പം ഷുഗറും പാൽ ഉൽപന്നങ്ങളും ചേരുന്നതാണു വൈറ്റ് ചോക്ലേറ്റ്. 
∙ചോക്ലേറ്റ് എന്താണെന്ന് അറിഞ്ഞില്ലേ. ഇനി പായ്ക്കറ്റ് നോക്കി യഥാർഥ ചോക്ലേറ്റ് ഉറപ്പിച്ച ശേഷം കഴിച്ചു തുടങ്ങൂ. 

ചോക്കലേറ്റ് കോഫി (രണ്ടു പേർക്ക്)  

ചോക്കലേറ്റ് ബാർ - 8 ചെറിയ കഷണം 
കോഫി പൗഡർ - 2 ടീസ്‌പൂൺ 
പഞ്ചസാര - 2 ടീസ്‌പൂൺ 
പാൽ - ഒന്നര കപ്പ് 
വെള്ളം - അര കപ്പ് 

പാൽ തിളപ്പിച്ചു മാറ്റി വയ്‌ക്കുക. ചോക്കലേറ്റ് കഷണങ്ങൾ ഒരു പാനിൽവച്ച് ചെറു തീയിൽ ചൂടാക്കി ഉരുക്കി പാലിൽ ഒഴിക്കുക. വെള്ളം തിളപ്പിച്ച് അതിൽ കോഫി പൗഡറും പഞ്ചസാരയും ചേർത്തിളക്കുക. ഇതിലേക്ക് ചോക്കലേറ്റ് പാൽ ചേർത്തിളക്കി വീണ്ടും തിളപ്പിച്ച് ചൂടോടെ ഉപയോഗിക്കുക.