കാഴ്ചയിൽ സുഖിയൻ പോലെയാണെങ്കിലും മുന്തിരിക്കൊത്തിനു രുചിയിൽ വ്യത്യാസമുണ്ട്.
ചേരുവകൾ
ചെറുപയർ 200 ഗ്രാം അല്ലെങ്കിൽ ഒരു കപ്പ്
ശർക്കര 200 ഗ്രാം
തേങ്ങ ചിരകിയത് പത്തു പിടി
നെയ്യ് ഒരു ടേബിൾ സ്പൂൺ
ഏലയ്ക്കയും ജീരകവും പൊടിച്ചത് രുചിക്കനുസരിച്ച്
വെള്ളം അരക്കപ്പ്
അരിപ്പൊടി വറുത്തത് അരക്കപ്പ്
മൈദ രണ്ടു ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടേബിൾ സ്പൂൺ, ഉപ്പ് പാകത്തിന്
എണ്ണ വറുക്കാൻ ആവശ്യത്തിന്.
തയാറാക്കുന്ന വിധം
ചെറുപയർ പച്ചക്കളർ മാറി ചെറിയ ബ്രൗൺ നിറത്തിലാകുന്നതുവരെ വറുത്തശേഷം പൊടിച്ചെടുക്കുക. ഇതേ പാത്രത്തിൽത്തന്നെ തേങ്ങ ചിരകിയത് ജലാംശം പോകത്തക്കവിധം ചൂടാക്കിയെടുക്കണം. തേങ്ങ കോരിവച്ചശേഷം അതേ പാത്രത്തിൽ ശർക്കരയിട്ടു വെള്ളമൊഴിച്ചു നൂൽ പരുവത്തിൽ പാനി തയാറാക്കുക. തീ നന്നായി കുറച്ചുവച്ചശേഷം പയർ പൊടിച്ചത്, തേങ്ങ, ഏലയ്ക്ക, ജീരകം എന്നിവ ചേർത്തു നന്നായി ഇളക്കക. തുടർന്നു നെയ്യ് ചേർത്തു യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. ഒരു പാത്രത്തിൽ അരിപ്പൊടി, മൈദ, മഞ്ഞൾപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്തു കുഴമ്പുപരുവത്തിലാക്കിയെടുക്കുക. ഉരുളകൾ മൈദ മിശ്രിതത്തിൽ മുക്കിയെടുത്തു ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരാം.
ശ്രദ്ധിക്കാൻ ചെറിയ തേങ്ങയാണെങ്കിൽ മുഴുവനും വലുതാണെങ്കിൽ മുക്കാൽ ഭാഗത്തോളവും എടുത്താൽ മതി. ജീരകം ഇഷ്ടമല്ലാത്തവർക്ക് ഒഴിവാക്കാം. തയാറാക്കുന്ന മിശ്രിതത്തിൽ ജലാംശം കൂടിയാൽ അടുപ്പിൽവച്ചു വറ്റിച്ചെടുക്കാം. മുന്തിരിക്കൊത്ത് ചെറുചൂടിൽ വേണം ഉരുട്ടിയെടുക്കാൻ. എണ്ണയിൽ വറുക്കുമ്പോൾ തീ കുറച്ചു വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം..