ഔഷധ ഗുണമുള്ള അഞ്ച് രുചിക്കൂട്ടുകൾ

കലിതുള്ളി പെയ്യുന്ന കള്ളക്കർക്കടകം. കർക്കടക മാസത്തിലെ ഔഷധ കൂട്ടുകൾ ഉപേക്ഷിക്കാൻ മലയാളികൾ അത്ര പെട്ടെന്നൊന്നും തയാറല്ല. ചില നാടൻ രുചിക്കൂട്ടുകൾ പരിചയപ്പെടാം. പത്തിലക്കറിയെന്നു കേട്ടിട്ടില്ലേ. നാട്ടിൽ സുലഭമായി കിട്ടുന്ന ചില ചെടികളുടെ ഇലകളാണു പത്തിലക്കറിയുടെ കൂട്ട്. ഏറെ ഔഷധ ഗുണമുള്ളതാണിത്. കർക്കടകത്തിൽ മാത്രം ചട്ടിയിൽ കയറുന്നതുകൊണ്ട് പണ്ടാരാണ്ടോ ഇതിനെ ‘കർക്കടകക്കറി’യെന്നും വിളിച്ചു. തഴുതാമ, ചേമ്പില, ചീര, വേലിച്ചീര, കൊടകൻ (മുത്തൽ), മൈസൂർച്ചീര, മണിത്തക്കാളിയില, മത്തയില, കുമ്പളയില, തകരയില, പയറില തുടങ്ങിയവയിൽ ഏതെങ്കിലും പത്തെണ്ണം ഉപയോഗിച്ച് നല്ല സുന്ദരമായ പത്തിലക്കറിയുണ്ടാക്കാം. 

പത്തിലക്കറി

1. തഴുതാമയില, ചീര, വേലിച്ചീര, മണിത്തക്കാളിയില, മത്തയില, കുമ്പളങ്ങയില, ഉലുവയില, പയറില, കോവലില, മുരിങ്ങയില എല്ലാംകൂടി ചെറുതായി അരിഞ്ഞത് – 5 കപ്പ്
2. ചെറുപരിപ്പ് വേവിച്ചത് – 2 കപ്പ്
3. തേങ്ങ – 1, ജീരകം – 1 ടീ സ്പൂൺ, മഞ്ഞൾപ്പൊടി – 1 ടീ സ്പൂൺ, വെളുത്തുള്ളി – 4 അല്ലി, കാന്താരി മുളക് – 10 എണ്ണം, വേപ്പില – രണ്ട് തണ്ട്
‌4. വെളിച്ചെണ്ണ, ഉപ്പ് – പാകത്തിന്
5. കടുക് – 1 ടീ സ്പൂൺ, ഉള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ, വേപ്പില – 2 തണ്ട്, വറ്റൽമുളക് – 2 എണ്ണം

പരിപ്പു വേവിച്ചതിൽ ഇലകൾ ചേർത്തു പാകത്തിന് ഉപ്പുമിട്ടു പച്ചനിറം മാറാതെ വേവിക്കുക. ഇതിലേക്കു 3–ാം ചേരുവ അരച്ചതും ചേർത്ത് ഇളക്കി തിള വരുമ്പോൾ ഇറക്കിവച്ച് വെളിച്ചെണ്ണയിൽ 5–ാം ചേരുവവറുത്തിടുക.

പയറില, കോവലില തോരൻ

1. പയറിന്റെ തളിരില – 1 കപ്പ്
കോവലിന്റെ തളിരില – 1 കപ്പ്
2. ചെറുപരിപ്പ് ഉടയാതെ വേവിച്ചത് – അര കപ്പ്
3. തേങ്ങാ ചിരകിയത് – 1 മുറി, ജീരകം – അര ടീ സ്പൂൺ, മഞ്ഞൾപ്പൊടി – 1 ടീ സ്പൂൺ, വെളുത്തുള്ളി – 3 എണ്ണം, കാന്താരി മുളക് – 6 എണ്ണം
4. വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ, കടുക് – 1 ടീ സ്പൂൺ
5. ചുവന്നുള്ളി അരിഞ്ഞത് – 4 എണ്ണം, വേപ്പില – 2 തണ്ട്

വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം 5–ാം ചേരുവ വഴറ്റിയതിലേക്ക് ഇലകൾ ചേർത്ത് ഇളക്കി ഉപ്പും ചേർത്ത് 5 മിനിറ്റ് വച്ചശേഷം ഇതിലേക്കു പരിപ്പു വേവിച്ചതും 3–ാം ചേരുവ ചതച്ചതും ചേർത്ത് ഇളക്കി മൂടിവയ്ക്കുക. വെന്തുകഴിഞ്ഞ് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഇളക്കി വാങ്ങുക.

തഴുതാമയില ചമ്മന്തി

1. തഴുതാമയില – 1 കപ്പ്
2. തേങ്ങാ ചിരകിയത് – 1 മുറി, കാന്താരിമുളക് – 6 എണ്ണം, വേപ്പില – 2 തണ്ട്, ഇഞ്ചി – 1 കഷണം, ഉള്ളി – 4 എണ്ണം, പുളി, ഉപ്പ് – പാകത്തിന്
3. വെളിച്ചെണ്ണ – 1 സ്പൂൺ

തഴുതാമയില ആവിയിൽ വാട്ടിയെടുത്ത ശേഷം 2–ാം ചേരുവ ചേർത്ത് അരച്ചെടുത്തു വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി ഉപയോഗിക്കാം.

മുരിങ്ങയില പച്ചിടി

1. മുരിങ്ങയില – 2 കപ്പ്
2. തേങ്ങാ ചിരകിയത് – 1 മുറി, കടുക് – അര സ്പൂൺ, പച്ചമുളക് – 4 എണ്ണം, വേപ്പില – 2 തണ്ട്, വെളുത്തുള്ളി – 4 എണ്ണം
3. തൈര് – 1 കപ്പ്
4. വെളിച്ചെണ്ണ – 2 സ്പൂൺ
5. കടുക് – 1 ടീ സ്പൂൺ, ഉള്ളി – 4 എണ്ണം, വേപ്പില – രണ്ട് തണ്ട്, വറ്റൽ മുളക് – 2 എണ്ണം

മുരിങ്ങയില അടർത്തിയതും 2–ാം ചേരുവ അരച്ചതും പാകത്തിന് ഉപ്പും ഇട്ട് അടുപ്പിൽവച്ച് തിളച്ചു തുടങ്ങുമ്പോൾ തൈരു ചേർത്ത് ഇറക്കിവയ്ക്കുക. വെളിച്ചെണ്ണയിൽ 5–ാം  ചേരുവ വറുത്തു ചേർക്കുക.

ഉലുവയില വട

1. ഉലുവയില അരിഞ്ഞത് – 2 കപ്പ്
2. കടലപ്പൊടി – 1 കപ്പ്, സവാള വലുത് അരിഞ്ഞത് – 1 എണ്ണ, ഇഞ്ചി പൊടിയായി അരിഞ്ഞത് – 1 ചെറിയ കഷണം, പച്ചമുളക് അരിഞ്ഞത് – 6 എണ്ണം, മുളക് പൊടി – അര സ്പൂൺ, ഉപ്പ് – പാകത്തിന്, വേപ്പില അരിഞ്ഞത് – 2 ഇതൾ

കടലപ്പൊടി ഉപ്പും മുളകു പൊടിയും ചേർത്തു വെള്ളമൊഴിച്ചു കട്ടിയിൽ കുഴച്ച ശേഷം ബാക്കിയെല്ലാ ചേരുവകളും ചേർത്തു വടയുടെ പാകത്തിനു കുഴയ്ക്കുക. കൈയിൽ എണ്ണ തേച്ചു കുറേശെ എടുത്തു വടയുടെ ആകൃതിയിൽ പരത്തി എണ്ണയിൽ വറുത്തു കോരുക.