തനി കേരളീയമായ കറികളായാണ് ഓലനും കാളനും കരുതപ്പെടുന്നത്. അധിക മസാലക്കൂട്ടുകളില്ലാതെ ഏറ്റവും ലളിതമായ ശൈലിയിലാണ് ഓലനും കാളനും പാചകം ചെയ്യുന്നത് എന്നതുതന്നെയാണു ഓലൻ കേരളത്തിൽ ജനിച്ചതാണെന്നു കരുതാൻ കാരണം. കൽച്ചട്ടിയിൽ നാളികേരപ്പാലു ചേർത്തുണ്ടാക്കുന്ന ഓലൻ. കുമ്പളങ്ങ–മത്തങ്ങ ഓലൻ രുചിക്കൂട്ട് പരിചയപ്പെടാം.
കുമ്പളങ്ങ–മത്തങ്ങ ഓലൻ
1. വൻപയർ – 10 ഗ്രാം
2. പച്ചമത്തങ്ങ – 15 ഗ്രാം
കുമ്പളങ്ങ – 15 ഗ്രാം
3. അച്ചിങ്ങ – അഞ്ചു ഗ്രാം
പച്ചമുളക് – നാല്
4. തേങ്ങ –ഒന്നിന്റെ പകുതി, ചുരണ്ടിയത്
5. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ വൻപയർ കുതിർത്തു വയ്ക്കണം.
∙ മത്തങ്ങയും കുമ്പളങ്ങയും ഓലന്റെ പാകത്തിൽ കനം കുറച്ചു െചറിയ ചതുരക്കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കണം.
∙ ഇതിൽ പച്ചമുളകു കീറിയിതും അച്ചിങ്ങ ഒടിച്ചതും വൻപയറും കുതിർത്തതും ചേർത്തു വേവിച്ചൂറ്റണം.
∙ തേങ്ങ ചുരണ്ടിയതിൽ അര ലീറ്റർ വെള്ളം ചേർത്തു പിഴിഞ്ഞ് ഒന്നാം പാൽ എടുത്തു വയ്ക്കണം.
∙ വീണ്ടും ഒരു ലീറ്റർ വെള്ളം ചേർത്തു പിഴിഞ്ഞു രണ്ടാം പാൽ പിഴിഞ്ഞു വയ്ക്കുക.
∙ ഊറ്റിവച്ചിരിക്കുന്ന കഷ്ണങ്ങളും രണ്ടാം പാലും ചേർത്തിളക്കി അടുപ്പത്തുവച്ചു നന്നായി തിളപ്പിച്ച ശേഷം വാങ്ങുക.
∙ ഇതിൽ ഒന്നാം പാലും വെളിച്ചെണ്ണയും േചർത്തിളക്കി വിളമ്പാം.