ഓണസദ്യയിലെ ഒഴിവാക്കാത്ത വിഭവമാണ് തോരൻ.ഇലയുടെ നാക്ക് ഇടത്തോട്ടു തിരിച്ചിട്ട് ഇടത്തുനിന്നും സദ്യ വിളമ്പിതുടങ്ങും. ഉപ്പ്, നാരങ്ങ മാങ്ങ അച്ചാറുകൾ, ഇഞ്ചിക്കറി, തോരൻ, ഓലൻ, അവിയൽ, കിച്ചടി, പച്ചടി, എന്നിങ്ങനെ വേണം വിളമ്പാൻ. സദ്യയ്ക്കു വിളമ്പാൻ വാഴക്കൂമ്പ് പയർ തോരൻ കൂട്ടൊരുക്കുന്നതെങ്ങനെയെന്നു നോക്കാം.
1. വാഴക്കൂമ്പ് – ഒന്ന്
2. ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
3. ചെറുപയർ – 200 ഗ്രാം, വേവിച്ചത്
4. കടുക് – അര െചറിയ സ്പൂൺ
അരി – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
വറ്റൽമുളക് – മൂന്ന്
വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
5. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ വാഴക്കൂമ്പ് പൊടിയായി അരിഞ്ഞ് രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കുക.
∙ ചെറുപയർ വേവിച്ചു വയ്ക്കണം.
∙ ചീനച്ചട്ടിയിൽ നാലാമത്തെ േചരുവ ചേർത്തു തുടരെയിളക്കി കടുകു പൊട്ടുമ്പോൾ വാഴക്കൂമ്പ് അരിഞ്ഞതു ചേർത്തിളക്കി അൽപം വെള്ളവും പാകത്തിന് ഉപ്പും തളിച്ച് അടച്ചുവച്ച് വേവിക്കുക.
∙ വെന്തശേഷം പയറും തേങ്ങ ചുരണ്ടിയതും ഉപ്പും േചർത്തിളക്കി വേവിച്ചു വാങ്ങുക.