ബുൾസ്ഐ നിറച്ചൊരു ചെമ്മീൻ

Representative image

ഊണിനൊപ്പവും, ചപ്പാത്തി, പത്തിരി, അപ്പം തുടങ്ങിയവ യോടൊപ്പം കഴിക്കാൻ പറ്റുന്നൊരു ചെമ്മീൻ കാടമുട്ട വിഭവം പരിചയപ്പെടാം.

ചേരുവകൾ:

1. ഇടത്തരം വലുപ്പത്തിലുള്ള ചെമ്മീൻ വൃത്തിയാക്കിയത് – 1/2 കി.ഗ്രാം.
2. മഞ്ഞൾപൊടി: 1/4 ടീ സ്പൂൺ
3. മുളകുപൊടി: ഒരു ടേബിൾസ്പൂൺ
4. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്: ഒരു ടേബിൾ സ്പൂൺ
5. ഉപ്പ്: പാകത്തിന്.
6. വെളിച്ചെണ്ണ: ആവശ്യാനുസരണം
7. ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് 3/4 കപ്പ്
8. സവാള നീളത്തിൽ അരിഞ്ഞത് 3/4 കപ്പ്
9. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പൊടിയായി അരിഞ്ഞത് ഒരു ടീ സ്പൂൺ വിതം.‌
10. കാരറ്റ് പൊടിയായി അരിഞ്ഞത് ഒരു ‌ടേബിൾ സ്പൂൺ
11. തക്കാളി അരിഞ്ഞത് 1/2 കപ്പ്
12. കാശ്മീരി മുളകുപൊടി 1–1/2 ടീ സ്പൂൺ
13. മല്ലിപ്പൊടി, കുരുമുളകു പൊടി, ഗരം മസാലപ്പൊടി ഒരു ടീസ്പൂൺ വിതം.
14. കാടമുട്ട – 8 എണ്ണം
15. പെരുംജീരകം, ഉലുവ – 1/4 ടീ സ്പൂൺ വീതം
16. മല്ലിയില, കറിവേപ്പില – കുറേശ്ശെ.

പാകപ്പെടുത്തുന്ന വിധം

ചെമ്മീൻ 2 മുതൽ 5 വരെയുള്ള ചേരുവകൾ പുരട്ടി യോജിപ്പിച്ച് കുറച്ചു വെളിച്ചെണ്ണയിൽ ഇരുവശവും ഫ്രൈ ചെയ്തെടുക്കണം. ബാക്കി എണ്ണയിൽ ആവശ്യമെങ്കിൽ കുറച്ചുകൂടി ഒഴിച്ചു കാടമുട്ടകൾ ബുൾസ്ഐ ആക്കി ഉണ്ടാക്കി ഉണ്ണി ഇളകി പോകാതെ കോരിയെടുത്ത് ഒരു പ്ലേറ്റിൽ നിരത്തിവയ്ക്കണം. ഓരോ പിഞ്ച് ഉപ്പ് തൂവിക്കൊടുക്കണം.

ഒരു ചീനച്ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ഉലുവയും പെരുംജീരകവും പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി വഴറ്റി പച്ചമുളക്, സവാള, ചുവന്നുള്ളി, കാരറ്റ് ചേർത്ത് നന്നായി വഴറ്റി തക്കാളിയും പൊടിമസാലകളും അൽപം ഉപ്പുപൊടിയും ഇലകളും ചേർത്തിളക്കി യോജിപ്പിക്കണം. ഇതിലേക്ക് തയാറാക്കിവച്ച ചെമ്മീൻ, കുറച്ചു വെള്ളവും ചേർത്തു കുറച്ചുനേരം അടച്ചു വയ്ക്കണം. പിന്നീട് ഇറക്കിവയ്ക്കാം.

കുറച്ചു പരന്ന വിളമ്പാനുള്ള ഡിഷിലേക്ക് തയാറാക്കിയ കൂട്ടു നന്നായി നിരത്തി സ്പൂൺകൊണ്ട് മസാല അൽപം അകത്തി ഓരോ കാടമുട്ട ബുൾസ്ഐയും അതേപോലെ നിരത്തണം. കുറച്ചു മല്ലിയില, കറിവേപ്പില വിതറി കൊടുക്കാം. വിളമ്പുമ്പോൾ കുറച്ചു ചെമ്മീൻ മസാലയും ഒരു ബുൾസ്ഐയും കൂട്ടി വേണം സെർവ് ചെയ്യാൻ. ഈ വിഭവം കാണാനും സ്വാദിലും കെങ്കേമമാണ്.