അരിയിലും ഉപ്പിലും മായം; എങ്ങനെ തിരിച്ചറിയാം?

നല്ല ഭക്ഷണത്തിന്റെ മുഖ്യവില്ലൻ മായം തന്നെ. സകലതിലും മായവും കീടനാശിനിയും മറ്റു വിഷങ്ങളുമാണല്ലോ ഇപ്പോൾ. ആഹാരത്തിലെ മായവും വിഷാംശങ്ങളും കണ്ടെത്താനും ഒഴിവാക്കാനുമുള്ള ടിപ്സ് വായിക്കാം.

അരി

അരിയിൽ കാണുന്ന മായം പലതും ഏറെ അപകടകാരികളാണെന്ന് ആദ്യമേ പറയട്ടെ.   മട്ടയരിയിൽ നിറം ലഭിക്കുന്നതിനായി റെഡ് ഓക്സൈഡ് ഉൾപ്പെടെയുള്ള വസ്തുക്കളും വെള്ളയരിയിൽ കാത്സ്യം കാര്‍ബണേറ്റ് പോലുള്ള വസ്തുക്കളുമാണു ചേർക്കുക.  മട്ടയരിക്കു സാധാരണയുണ്ടാകുന്ന നിറത്തേക്കാള്‍ ചുവപ്പ് നിറം കൂടുതലാണെങ്കില്‍ മായമുണ്ടെന്ന് അര്‍ഥം. മായമില്ലാത്ത മട്ടയരിക്കു ബ്രൗണ്‍ കലര്‍ന്ന നിറമായിരിക്കും.  അരി പലവട്ടം ഉലച്ചുകഴുകി ഉപയോഗിക്കുകയെന്നതാണു മായത്തെ തുരത്തുന്നതിനുള്ള മാര്‍ഗം.

ഉപ്പ്

ഉപ്പിനു നിറം ലഭിക്കാന്‍ കാത്സ്യം കാര്‍ബണേറ്റ് ചേർത്തിട്ടുണ്ടെങ്കിൽ അതു വീട്ടില്‍ തന്നെ തിരിച്ചറിയാം. ഉപ്പ്,  വെള്ളത്തില്‍ കലക്കുമ്പോൾ ലായനിക്കു വെളുത്ത നിറം വന്നാല്‍ മായമുണ്ട്. സാധാരണ വെള്ളത്തിന്റെ നിറം തന്നെയാണെങ്കില്‍ മായമില്ലെന്ന് ഉറപ്പിക്കാം. ഒരു പാത്രത്തിൽ ഉപ്പുകലക്കി വയ്ക്കുക. കുറച്ചു സമയം കഴിയുമ്പോള്‍ വെളുത്തനിറത്തിൽ മായം മുകളിൽ അടിയും. ലായനിയുടെ ഈ ഭാഗം ഊറ്റിക്കളഞ്ഞു താഴത്തെനേർമയുള്ള വെള്ളം ഉപയോഗിക്കാം.