ഭക്ഷണസാധനങ്ങൾ പാകപ്പെടുത്തിയതും അല്ലാത്തതും കേടുകൂടാതെ സൂക്ഷിക്കാനുള്ള ഏറ്റവും പ്രചാരമുള്ളതും കാര്യക്ഷമവുമായ മാർഗമാണ് ഫ്രിഡ്ജ്. ഉദ്യോഗസ്ഥരായ വീട്ടമ്മമാർക്ക് രണ്ടോ മൂന്നോ ദിവസത്തേക്ക് കറികളും മറ്റും ഉണ്ടാക്കി സൂക്ഷിക്കാനും സാധിക്കുന്നു. ഫ്രിഡ്ജിനുള്ളിലെ താപനില താഴ്ന്നുനിൽക്കുന്നതു ഭക്ഷണസാധനങ്ങളിൽ ബാക്ടീരിയയും മറ്റ് സൂക്ഷ്മാണുക്കളും പെരുകുന്നതു തടയുന്നു. അനുദിന ജീവിതത്തിൽ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും കേടായിപ്പോകുന്നു എന്നു പരാതിയുണ്ടോ ദാ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
1. പച്ചമുളക് നന്നായി കഴുകി തുടച്ച് ഞെടുപ്പ് കളഞ്ഞശേഷം ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരു മാസം കേടുകൂടാതെയിരിക്കും
2. മല്ലിയില, കറിവേപ്പില, എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ വിനാഗിരിയും ഉപ്പും ചേർത്ത് 10 മിനിറ്റ് മുക്കിവച്ചതിനുശേഷം അതെടുത്ത് നന്നായി 2, 3 പ്രാവശ്യം കഴുകി വാലാൻ വയ്ക്കുക. അതിനുശേഷം തോർത്തോ, ടൗവലിലോ നിരത്തിയിട്ട് മല്ലിയില, കറിവേപ്പില എന്നിവയിലെ വെള്ളം മുഴുവൻ തോർന്നുകഴിഞ്ഞ് 1 മണിക്കൂറിനുശേഷം കണ്ടെയ്നറിൽ സൂക്ഷിക്കാം. മല്ലിയില മുഴുവനായോ ചെറുതായി അരിഞ്ഞതിനുശേഷം സൂക്ഷിക്കുക . കറിവേപ്പില ഞെടുപ്പിൽ നിന്നും ഇല ഊരിയെടുത്ത് ഒരു കുപ്പിയിൽ ഇട്ട് സൂക്ഷിക്കാം.
3. ഇറച്ചി, മീൻ എന്നിവ ഫ്രീസറിൽ വയ്ക്കുമ്പോൾ ഒരു കണ്ടെയ്നർ ബോക്സിൽ വയ്ക്കുക. ഒരിക്കലും പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കാതിരിക്കുക.
4. ചീര വാടാതിരിക്കാൻ പേപ്പറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കുക.
5. ഫ്രിഡ്ജിനുള്ളിലെ മണം മാറാൻ ഒരു ബൗളിൽ കുറച്ച് നാരങ്ങനീരും മറ്റൊരു ബൗളിൽ കുറച്ച് വിനാഗിരിയും ഫ്രിഡ്ജിൽ വച്ച് ഫ്രിഡ്ജ് കുറച്ച് നേരം ഓണാക്കിയിടുക.