മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നാണ് കപ്പ. അതുകൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങൾ ഏറെയാണ്. കപ്പ പുരട്ടിയത് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
Click here to read this recipe in English
ചേരുവകൾ
01. പച്ചക്കപ്പ തൊലി ചെത്തി വൃത്തിയാക്കി കഷണങ്ങളാക്കിയത് – 1 കിലോ
02. തിരുമ്മിയ തേങ്ങ – 1 കപ്പ്
03. പച്ചമുളക് – 4 എണ്ണം
04. വെളുത്തുള്ളി – 1 ടീസ്പൂൺ
05. ജീരകം - അര ടീസ്പൂൺ
06. മഞ്ഞൾ പൊടി – അര ടീസ്പൂൺ
07. ഉപ്പ് – പാകത്തിന്
08. വെളിച്ചെണ്ണ - 2 ടീസ്പൂൺ
09. വറ്റൽമുളക് (ഓരോന്നും രണ്ടായി മുറിച്ചത്) - 2 എണ്ണം
10. ചുവന്നുളളി കൊത്തിയരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
11. കടുക് - അര ടീസ്പൂൺ
12. കറിവേപ്പില – 2 തണ്ട്
പാകം ചെയ്യുന്ന വിധം
പച്ചമുളക്, തിരുമ്മിയ തേങ്ങ, മഞ്ഞൾ പൊടി, വെളുത്തുള്ളി, ജീരകം എന്നിവ മിക്സിയിൽ അരച്ചെടുക്കുക. കപ്പ തിളച്ച വെളളത്തിലിട്ടു വെന്താലുടൻ വെളളം ഊറ്റിക്കളയുക. വെന്ത കപ്പയിലേക്ക് മിക്സയിൽ അരച്ചെടുത്ത അരപ്പും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. മറ്റൊരു പാത്രം അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകിട്ടു പൊട്ടിയാലുടൻ ചുവന്നുളളി കറിവേപ്പില, വറ്റൽമുളക് എന്നിവയിട്ടു മൂപ്പിക്കുക. മൂത്ത മണം വരുമ്പോൾ വാങ്ങിവച്ചു കുഴച്ചുവച്ചിരിക്കുന്ന കപ്പയിൽ ചേർത്തിളക്കി ചൂടോടെ ഉപയോഗിക്കുക.