നാവിൽ നിറയട്ടെ രുചികരമായ പനീർ കറി
പാൽ ഉത്പന്നങ്ങളിൽ ഒന്നാമനാണ് പനീർ. കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായി്കുന്ന ധാരാളം ഘടകങ്ങൾ പനീറിൽ അടങ്ങിയിട്ടുണ്ട്. രുചികരമായ പനീർ കറി വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
1. പാൽ – ഒരു ലീറ്റർ
2. ചെറുനാരങ്ങാ നീര് – ഒരു നാരങ്ങയുടേത്
3. പാചക എണ്ണ – ഒരു വലിയ സ്പൂൺ
4. ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
ഉള്ളി അരിഞ്ഞത് – അര കപ്പ്
തക്കാളി അരിഞ്ഞത് – മുക്കാൽ കപ്പ്
പച്ചമുളക് അറ്റം പിളർന്നത് – രണ്ട്
5. മുളകു പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
6. പാൽപ്പാട അല്ലെങ്കിൽ ക്രീം – മുക്കാൽ കപ്പ്
7. ഉപ്പ് – പാകത്തിന്
8. മല്ലിയില അരിഞ്ഞത് – കുറച്ച്
തയാറാക്കുന്ന വിധം
∙ പനീർ ഉണ്ടാക്കാൻ : പാൽ തിളയ്ക്കുമ്പോൾ അതിൽ നാരങ്ങാ നീര് ഒഴിക്കുക. പാലു പിരിഞ്ഞു കട്ടിയായാൽ വാങ്ങി, അത് ഒരു തുണിയിൽ കെട്ടിത്തൂക്കുക. വെള്ളം വാർന്ന ശേഷം ആ തുണിയുടെ മേൽ കനമുള്ള വല്ലതും വയ്ക്കുക. വെള്ളം മുഴുവൻ വാർന്നു പനീർ കട്ടിയായാൽ എടുത്തു ചെറിയ കഷണങ്ങളാക്കുക.
∙ചൂടായ എണ്ണയിൽ നാലാമത്തെ ചേരുവകൾ യഥാക്രമം ഇട്ടു വഴറ്റുക.
∙ഇതിൽ എല്ലാ പൊടികളും ചേർത്തിളക്കുക.
∙പിന്നീട് പാൽപ്പാട അല്ലെങ്കിൽ ക്രീം നന്നായിളക്കി ഇതിലേക്ക് ഒഴിക്കുക.
∙10 മിനിറ്റ് വച്ച ശേഷം, പനീർ കഷണങ്ങൾ ചേർത്ത്, ഉടയാതെ ഇളക്കി മല്ലിയിലയും ചേർത്തു വാങ്ങുക.