രസം എന്നാൽ ചെറിയൊരു ഔഷധക്കടയാണ് . ഗ്യാസ്ട്രബിൾ, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ കുറച്ച് രസം കുടിച്ചാൽ മതി. ഇവിടെ തയാറാക്കുന്ന മാങ്ങാ രസം വ്യത്യസ്തവും രുചികരവുമായൊരു രസക്കൂട്ടാണ്.  സദ്യയ്ക്കു വിളമ്പാൻ പറ്റുന്ന മാങ്ങാരുചിയുള്ള ഈ രസം നിങ്ങൾക്കും ഇഷ്ടപ്പെടും.

ചേരുവകൾ

  • പരിപ്പ് – ½ കപ്പ്
  • പഴുത്തു തുടങ്ങിയ മാങ്ങ –  ½ കപ്പ്
  • ഉണക്കമുളക് ചതച്ചത് – 1 ടീസ്പൂൺ
  • കുരുമുളക് ചതച്ചത് – 2 ടീസ്പൂൺ
  • ജീരകം ചതച്ചത് – 2 ടീസ്പൂൺ
  • കായം 
  • വെളുത്തുള്ളി – 6 അല്ലി
  • എണ്ണ – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില 

കടുക് വറുക്കാൻ

  • കടുക് – 1 ടീസ്പൂൺ
  • ഉണക്കമുളക് – 2 എണ്ണം
  • ഉലുവ – ¼ ടീസ്പൂൺ
  • കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • പ്രഷർ കുക്കറിൽ പരിപ്പ്, മാങ്ങാ, ചതച്ച ഉണക്ക മുളക്, ജീരകം, കുരുമുളക്, വെളുത്തുള്ളി,  ഉപ്പ്, കായം എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് രണ്ടു വിസിൽ വരുന്നതു വരെ വേവിക്കുക. 
  • ആവി പോയ ശേഷം ഒരു തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചൊഴിക്കാം. ഇതിലേക്ക് ആവശ്യത്തിന് മല്ലിയില ചേർക്കുക.
  • പാനിൽ എണ്ണ ചൂടായി കഴിയുമ്പോൾ കടുകും ഉലുവയും ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് കടുക്പൊട്ടിച്ച് രസത്തിലേക്ക് ഒഴിക്കാം.