ചായയും കാപ്പിയും കുടിക്കാൻ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഇത് വായിക്കണം. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ രുചിയുള്ള ചായ അല്ലെങ്കിൽ കാപ്പി കുടിക്കാം.

ചായയ്ക്ക് രുചി കൂടാൻ

1. ഏതാനും ദിവസത്തേക്ക് ആവശ്യമുള്ള തേയില കണക്കാക്കി ചെറിയ പായ്ക്കറ്റുകൾ മാത്രം വാങ്ങുക.

2. പായ്ക്കറ്റു പൊട്ടിച്ചു തേയില തകരത്തിലോ മറ്റോ ഇട്ടുവയ്ക്കരുത്. തകരത്തിന്റെ ഒരു പ്രത്യേകഗന്ധം തേയിലയ്ക്കുണ്ടാകും. മണവും ഈർപ്പവും േതയില പെട്ടെന്നു പിടിച്ചെടുക്കും. അതുകൊണ്ടു തേയില പായ്ക്കറ്റോടു കൂടി സ്ഫടിക ഭരണിയിൽ അടച്ചു ഭദ്രമായി സൂക്ഷിക്കുക. പായ്ക്കറ്റിൽ നിന്ന് അപ്പോഴപ്പോൾ ആവശ്യമുള്ള തേയില നനവില്ലാത്ത സ്പൂൺ കൊണ്ട് എടുത്ത് ഉപയോഗിക്കണം. 

3. ചായ ഉണ്ടാക്കാനുള്ള പാത്രം, തേയില, സ്പൂൺ മുതലായ സാമഗ്രികൾ എല്ലാം എടുത്തു വച്ച ശേഷം മാത്രമേ ചായയ്ക്കുള്ള വെള്ളം തിളപ്പിക്കാൻ അടുപ്പത്തു വയ്ക്കാവൂ. വെള്ളം തിളച്ചു കഴിഞ്ഞ് ഇവയൊന്നും തപ്പിനടക്കാനിടയാകരുത്. ‌‌

4. കൂടുതൽ സമയം തിളച്ച വെള്ളത്തിൽ തേയില ഇട്ടിരുന്നാൽ ചായയ്ക്കു രുചി കുറയും. 

5. ചായ തയാറാക്കുന്ന പാത്രം തിളച്ച വെള്ളത്തിൽ കഴുകിത്തുടച്ചു ചൂടു മാറുന്നതിനു മുമ്പു തന്നെ തേയില ഇടണം. പിന്നീടു തിളച്ച വെള്ളം അതിൽ ഒഴിച്ചാൽ ചായയുടെ സത്തു കൃത്യമായി ഇറങ്ങും. രണ്ടു കപ്പു ചായയ്ക്കു മൂന്നു റ്റീസ്പൂൺ തേയില ഇട്ടാൽ മതി. അതുപോലെ തന്നെ രണ്ടു കപ്പു ചായയ്ക്കു രണ്ടു കപ്പു വെള്ളം മാത്രം അളന്നൊഴിച്ചു തിളപ്പിച്ചാൽ മതിയാകും. 

6. തേയില, തിളച്ച വെള്ളത്തിൽ രണ്ടോ മൂന്നോ മിനിറ്റിൽ കൂടുതൽ കിടക്കരുത്. പിന്നീടു ചായ ഇളക്കിയശേഷം മറ്റൊരു ഉണങ്ങിയ പാത്രത്തിലേക്ക് അരിച്ച് ഊറ്റണം. ചായയ്ക്കു പാൽ അധികം ആവശ്യമില്ല. ചായ കപ്പിൽ ഒഴിച്ച ശേഷം കുറച്ചു തിളച്ച പാൽ ഒഴിച്ച് ആവശ്യത്തിനു പഞ്ചസാര ചേർത്തു കഴിക്കുക. ഇങ്ങനെ തയാറാക്കിയെടുക്കുന്ന ചായയ്ക്ക് നല്ല മണവും ഗുണവും രുചിയുമുണ്ടായിരിക്കും. 

7. ചായ തണുത്തു കഴിഞ്ഞു വീണ്ടും ചൂടാക്കിയാൽ സ്വാഭാവികമായ സ്വാദ് നഷ്ടപ്പെടും. തിളച്ച വെള്ളത്തിൽ വച്ചു ചൂടാക്കിയാൽ അത്രതന്നെ രുചി കുറയുകയില്ല. നല്ല സ്വാദുള്ള ചായ കുടിക്കണമെങ്കിൽ മേൽ പറഞ്ഞ രീതിയിൽ അപ്പോഴപ്പോൾ തയാറാക്കണം.

റഷ്യൻ റ്റീ
റഷ്യൻ ചായ തയാറാക്കാൻ പാലുവേണ്ട. ചൂടു ചായയിൽ ഒരു കഷണം ചെറുനാരങ്ങ വട്ടത്തിൽ മുറിച്ചിട്ട് ആവശ്യത്തിനു പഞ്ചസാര േചർത്തു ചൂടോടെ ഉപയോഗിക്കാം. 

ഐസ് റ്റീ
ഒരു കപ്പിൽ ഐസ് പൊട്ടിച്ചിടുക. അതിനു മീതേ കടുപ്പമുള്ള ചായ ഒഴിക്കണം. പുതിനായിലയുടെ രുചി ഇഷ്ടമുള്ളവർ ചായ ഒഴിക്കുന്നതിനു മുമ്പ് ഐസിന്റെ മീതെ കുറെ പുതിനായില ഇട്ടശേഷം ചായ ഒഴിക്കുക. ഇതിന്റെ കൂടെയും ചെറുനാരങ്ങ വട്ടത്തിൽ മുറിച്ച് ഒന്നോ രണ്ടോ കഷണമിട്ട് ഉപയോഗിക്കാവുന്നതാണ്.

കാപ്പി
കാപ്പിക്കുരു പാകത്തിനു വറുക്കുന്നതു കൊണ്ടാണ് നല്ല വാസനയും രുചിയും ഉണ്ടാകുന്നത്. (കരിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം)വറുക്കുമ്പോൾ അടുപ്പിൽ പാകത്തിനു തീ ഒരേ ക്രമത്തിൽ കത്തിക്കണം. ചൂടായ ചീനച്ചട്ടിയിൽ കാപ്പിക്കുരു ഇട്ടു മുഴുവൻ സമയവു തുടരെ ഇളക്കി ക്രമത്തിനു മൂപ്പിക്കണം. വറുക്കുന്ന സമയത്ത് ഇടയ്ക്കിടെ പാത്രം ഇറക്കിവയ്ക്കുകയും വീണ്ടും അടുപ്പിൽ വയ്ക്കുകയും ചെയ്താൽ കാപ്പിക്കുരു കല്ലിച്ചു പോകും. കാപ്പിക്കുരു കുമിളച്ചു തവിട്ടു നിറമാകുമ്പോൾ വാങ്ങിവയ്ക്കാം. അധികം മൂത്താൽ കാപ്പിക്കുരുവിൽ നിന്ന് എണ്ണമയം ഇറങ്ങി പൊടിക്ക് അരുചി ഉണ്ടാകും. വറുത്ത കാപ്പിക്കുരു വായു കടക്കാത്ത തകരത്തിൽ ഇട്ടു സൂക്ഷിച്ചാൽ അധികനാൾ കേടുകൂടാതെയിരിക്കും. ആവശ്യാനുസരണം അപ്പോഴപ്പോൾ പൊടിച്ചു കാപ്പി ഉണ്ടാക്കിയാൽ കാപ്പിയുടെ സ്വാഭാവികമായ സുഗന്ധം ഉണ്ടായിരിക്കും. പൊടി തീരെ നേർമയാകരുത്. കാപ്പി തയാറാക്കുന്ന പാത്രം തിളച്ച വെള്ളത്തിൽ മുൻകൂട്ടി കഴുകിത്തുടച്ച് ഉണക്കണം. 

രണ്ടു റ്റീസ്പൂൺ കാപ്പിപ്പൊടി അതിൽ ഇടുക. ഒരു കപ്പു നിറയെ തിളച്ച വെള്ളം ഒഴിച്ച് ഇളക്കി മീതേ അൽപം പച്ചവെള്ളം തളിച്ചു പാത്രം മൂടുക. പൊടി താണ് അടിയാനാണ് വെള്ളം തളിക്കുന്നത്. പൊടി ശരിക്ക് അടിഞ്ഞാൽ കാപ്പി എടുത്തു ചൂടു പാലും പഞ്ചസാരയും ചേർത്ത് ഉപയോഗിക്കാം. 

കാപ്പി വീണ്ടും ചൂടാക്കിയാൽ രുചി കുറയും. കാപ്പിയുടെ സുഗന്ധം നഷ്ടപ്പെടുകയും ചെയ്യും. തണുത്ത കാപ്പി ചെറുതീയിൽ വച്ച് അൽപം ചൂടാക്കി തിളച്ച പാൽ കൂട്ടിച്ചേർത്ത് ഉപയോഗിക്കാവുന്നതാണ്. കാപ്പിയും പാലും ഒന്നിച്ച് ഒഴിച്ചു തിളച്ച വെള്ളത്തിൽ അൽപനേരം പിടിച്ചു ചൂടാക്കുന്നതും കൊള്ളാം. നിവൃത്തിയുണ്ടെങ്കിൽ കാപ്പി തയാറാക്കിയ ശേഷം വീണ്ടും ചൂടാക്കരുത്. കാപ്പിക്ക് ചായയ്ക്കു ചേർക്കുന്നത്ര പഞ്ചസാര വേണമെന്നില്ല. മധുരം അധികമായാൽ കാപ്പിയുടെ രുചി കുറയും. കാച്ചിയ പുതിയപാൽ കാപ്പിക്കും ചായയ്ക്കും സ്വാദു കൂട്ടും. കാപ്പിയും ചായയും ഉണ്ടാക്കുന്ന പാത്രങ്ങൾ ഇടയ്ക്കിടയ്ക്കു തിളച്ചവെള്ളത്തിൽ കഴുകിത്തുടച്ചു വെയിലത്തുവച്ച് ഉണക്കുന്നതു നല്ലതാണ്. 

പുതിയ കാപ്പിപ്പൊടി ഉപയോഗിക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. പാത്രം വൃത്തിയുള്ളതായിരിക്കുകയും വേണം. ചായ ഉണ്ടാക്കിയ പാത്രത്തിൽ കാപ്പി തയാറാക്കരുത്. കാപ്പിയും ചായയും തയാറാക്കുന്ന പാത്രങ്ങൾ മറ്റു പാചകത്തിന് ഉപയോഗിക്കരുത്. 

English Summary: Easy Tips to Make Tasty Tea and Coffee